ചൈന: ഒരു ആവേശത്തിന് കേറി രാജിക്കത്ത് എഴുതി വെച്ച ചൈനീസ് പെൺകുട്ടിക്ക് കിട്ടിയത് എട്ടിൻ്റെ പണിയാണ്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്ക്വിങ് സ്വദേശിയായ 25-കാരിയായ യുവതിക്കാണ് വളർത്തു പൂച്ചകാരണം ജോലി നഷ്ടമായത്. പൂച്ചയുടെ ഒറ്റ ചാട്ടത്തോടെ യുവതിക്ക് നഷ്ടമായത് ജോലിയും വര്‍ഷാവസാന ബോണസുമാണ്. വളർത്തുപൂച്ച കൊടുത്ത പണിയെന്താണെന്ന് അറിയണ്ടേ…
ജനുവരി അഞ്ചാം തീയതിയായിരുന്നു സംഭവം. യുവതി ലാപ്ടോപ്പിൽ രാജിക്കത്ത് തയ്യാറാക്കി മേലധികാരിക്ക് അയക്കണോ വേണ്ടയോ എന്ന സംശയത്തിൽ ഇരിക്കുകയായിരുന്നു. ഓൺ ആയിരുന്ന ലാപ്ടോപ്പിലേക്ക് വളർത്തുപൂച്ച ചാടുകയും ലാപ്‌ടോപ്പിന്റെ എൻ്റർ കീയില്‍ അമര്‍ത്തുകയുമായിരുന്നു. അതോടെ എല്ലാം പെൺകുട്ടിയുടെ കൈവിട്ടുപോയി. രാജിക്കത്ത് ഉള്‍പ്പെട്ട ഇ മെയില്‍ തൊഴില്‍മേധാവിക്ക് പോവുകയും ചെയ്തു.
ഒന്നും രണ്ടുമല്ല ഒന്‍പതു പൂച്ചകളെയാണ് യുവതി വളര്‍ത്തുന്നത്. ഇവയെ സംരക്ഷിക്കാന്‍ പണം ആവശ്യമായതിനാലാണ് രാജിക്കത്ത് ടൈപ്പ് ചെയ്തുവെച്ചിട്ടും താന്‍ അയക്കാതിരുന്നതെന്ന് യുവതി പറഞ്ഞു. എന്നാൽ അപ്രതീക്ഷിതമായായിരുന്നു പൂച്ചയുടെ ചാട്ടം. ഇതോടെ യുവതി തൊഴില്‍മേധാവിയെ ബന്ധപ്പെടുകയും സംഭവം വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ തൊഴില്‍മേധാവി യുവതിയുടെ വാദംതള്ളി.
രാജിക്കത്ത് അംഗീകരിച്ചതോടെ ജോലി മാത്രമല്ല വര്‍ഷാവസാനമുള്ള ബോണസും യുവതിക്ക് നഷ്ടമായി. പൂച്ചകളെ സംരക്ഷിക്കാന്‍ പണം ആവശ്യമായതിനാല്‍ പുതിയ ജോലിക്കുള്ള അന്വേഷണത്തിലാണ് ഇപ്പോൾ യുവതി. പൂച്ച രാജിക്കത്ത് അയക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു.
Content Highlights: The Chinese girl who wrote her resignation letter on a whim got the job of eight. A 25-year-old woman from Chongqing in southwest China lost her job because of her pet cat.