മിസ് ആന്‍ഡ് മിസിസ്, പേരുപോലെ ഇവിടെ മിസിനും മിസിസിനും മാത്രമാണ് പ്രവേശനം. ആരേയും പേടിക്കാതെ, സ്വതന്ത്രമായി, ഇഷ്ടത്തിനനുസരിച്ച് സംഗീതവും നൃത്തവും അല്പം ലഹരിയുമായി സ്ത്രീകള്‍ക്ക് നിശാജീവിതം ആസ്വദിക്കാനൊരിടം. രാജ്യത്തെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ആദ്യ നിശാക്ലബിന് തുടക്കമിട്ടിരിക്കുകയാണ് എന്നും ഒരുപടി മുന്നില്‍ സഞ്ചരിക്കുന്ന ബെംഗളുരു. ബന്നാര്‍ഘട്ട റോഡിലാണ് മിസ് ആന്‍ഡ് മിസിസ് വിമന്‍ ഓണ്‍ലി നൈറ്റ് ക്ലബ് സ്ഥിതി ചെയ്യുന്നത്. ക്ലബില്‍ പ്രവേശനം സ്ത്രീകള്‍ക്ക് മാത്രമാണ് എന്നതുപോലെ ഇവിടെയുള്ള ജീവനക്കാരും അത് ഡിജെ മുതല്‍ വ്യക്തിഗത സേവനം നടത്തുന്നവരുള്‍പ്പെടെയുള്ളവര്‍ സ്ത്രീകളാണ്.
സംഗീതം, നൃത്തം, പിസ, സ്‌നാക്‌സ്, ബീര്‍, ഷാംപെയ്ന്‍, വൈന്‍, നെയ്ല്‍ ആര്‍ട്ട് തുടങ്ങി ജീവിതം ഉല്ലാസമാക്കുന്നതിനുവേണ്ടിയുള്ളതെല്ലാം സ്ത്രീകളെ നിങ്ങള്‍ക്കിവിടെ കിട്ടും. ആദ്യ മണിക്കൂറില്‍ ഗംഭീര ഓഫറുമുണ്ട്. ആദ്യ മണിക്കൂറില്‍ 300 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബീറും സ്‌നാക്‌സും ലഭിക്കും. ആദ്യമണിക്കൂര്‍ കഴിഞ്ഞാല്‍ ഇരട്ടിവിലയാണ് ഈടാക്കുക. ദിപാന്‍ഷി സിങ് എന്ന യുവതിയാണ് മിസ് ആന്‍ഡ് മിസിസ് ക്ലബിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കുള്ളിലാണ് ഇത് സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ തരംഗമായത്. ദശലക്ഷക്കണക്കിന് കാഴ്ചക്കാരും ലൈക്കുകളും ഷെയറുമായി വീഡിയോ ഇപ്പോഴും ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പലവിധ പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
'ദൈവമേ, ഞാന്‍ എല്ലായ്‌പ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് മാത്രമായി ഒരു ക്ലബ് ഇല്ലാത്തത് എന്ന്. സങ്കോചമോ, ഭയമോ ഇല്ലാതെ നൃത്തം ചെയ്യാന്‍ കഴിയുന്ന സംഗീതം ആസ്വദിക്കാന്‍ കഴിയുന്ന ഒരിടം. ഇന്‍ഡോറിലും ഇങ്ങനെയൊരു ക്ലബ് കൊണ്ടുവരൂ.', 'അത്യാവശ്യം വേണ്ടിയിരുന്നത്. ഒടുവില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ആസ്വദിക്കാന്‍ ഒരിടം ആയിരിക്കുന്നു.', ഉപയോക്താക്കള്‍ എഴുതുന്നു. എന്നാല്‍ ക്ലബിനെ പുരുഷ വിരുദ്ധമെന്ന് വിശേഷിപ്പിച്ചവരും കുറവല്ല.
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തോടെ സുരക്ഷിതമായി വിനോപാധികളില്‍ ഏര്‍പ്പെടാനുള്ള ഇടങ്ങള്‍ ഇന്ത്യയില്‍ കുറവാണ്. സുരക്ഷയെ പേടിച്ച് ഈ ആധുനിക കാലത്തും നിശാജീവിതം ആസ്വദിക്കാന്‍ ഭയക്കുന്ന സ്ത്രീകളുണ്ട്. മിസ് ആന്‍ഡ് മിസിസ് പോലുള്ള ക്ലബുകള്‍ അതിനാല്‍ ഒരുതരത്തില്‍ ഭയമില്ലാതെ വിഹരിക്കാന്‍ സ്ത്രീകളെ ശാക്തീകരിക്കുക കൂടിയാണ്. വ്യക്തിത്വവും സ്വാതന്ത്ര്യവും ചേര്‍ത്തുപിടിക്കാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്.
ഇനി അല്പം കൗതുകമുള്ള ഒരു കാര്യത്തിലേക്ക് വരാം. നമ്മുടെ രാജ്യത്ത് ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ള ക്ലബ് ആദ്യമാണെങ്കിലും വിദേശരാജ്യങ്ങളില്‍ പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരം ക്ലബുകള്‍ നേരേത്തേ ഉണ്ട്. എന്നാല്‍ ഇത്തരം ക്ലബുകള്‍ തികഞ്ഞ ലിംഗവിവേചനത്തിന്റെ ഉദാഹരണങ്ങളാണെന്ന് വിമര്‍ശം ഉയരുക മാത്രമല്ല നിയമനടപടികളും നേരിടേണ്ടി വന്നു. തുടര്‍ന്ന് മാന്‍ഹാട്ടനിലെ ദ വിങ് മുതല്‍ ടാസ്മാനിയയുടെ മോണാസ് ലേഡീസ് ലോഞ്ച് വരെയുള്ള വിമന്‍ ഓണ്‍ലി ക്ലബുകളില്‍ പുരുഷന്മാരേയും പ്രവേശിപ്പിക്കേണ്ടി വന്നു. എന്തായാലും ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായ സ്ഥിതിക്ക് മിസ് ആന്‍ഡ് മിസിസ് പോലുള്ള വിമന്‍ ഓണ്‍ലി നിശാക്ലബുകള്‍ ഇന്ത്യയില്‍ ഇനിയും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
Content Highlights: India’s first women-only nightclub goes viral