ശരീര വേദനയ്ക്ക് 'പ്രതിവിധി'യായി കടുവ മൂത്രം വിൽപ്പനയ്ക്ക്; മൃഗശാലയ്‌ക്കെതിരെ വിമർശനം

ഔഷധ ​ഗുണമുള്ളതാണ് കടുവയുടെ മൂത്രം എന്നാണ് അവകാശവാദം

dot image

കടുവമൂത്രം വില്‍പ്പനയ്ക്ക് വെച്ച മൃഗശാലയ്ക്കെതിരെ രൂക്ഷവിമർശനം. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഒരു മൃഗശാലയിലാണ് കൈകാല്‍ വേദനയ്ക്കുള്ള പ്രതിവിധിയെന്ന് അവകാശപ്പെട്ട് കടുവയുടെ മൂത്രം വിൽപ്പനയ്ക്ക് വെച്ചത്. രാജ്യത്തെ ശ്രദ്ധേയമായ വിനോദസ‍ഞ്ചാര കേന്ദ്രമാണ് യാൻ ബിഫെങ്‌സിയ മൃഗശാല. സൈബീരിയൻ കടുവകളുടെ മൂത്രം ശേഖരിച്ചാണ് ഇവർ വിൽക്കുന്നത്. ഔഷധ ​ഗുണമുള്ളതാണ് കടുവയുടെ മൂത്രം എന്നാണ് അവകാശവാദം.  250 ഗ്രാം സൈബീരിയൻ കടുവ മൂത്രത്തിന് 50 യുവാനാണ് (ഏകദേശം 596 രൂപ) ഈടാക്കുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഉളുക്ക്, പേശി വേദന തുടങ്ങിയ അവസ്ഥകള്‍ക്ക് പ്രതിവിധിയായി കടുവ മൂത്രം ഉപയോ​ഗിക്കുന്നത് നല്ലതാണെന്നാണ് മൃ​ഗശാലയിലെ ജീവനക്കാർ പറയുന്നത്.

കടുവയുടെ മൂത്രം വൈറ്റ് വൈനുമായി കലർത്തി ഇഞ്ചി കഷ്ണങ്ങൾ ഉപയോഗിച്ച് വേദനയുള്ള ഭാ​ഗത്ത് പുരട്ടാമെന്നും ഇവർ പറയുന്നുണ്ട്. ചില രോഗങ്ങള്‍ക്ക് കടുവയുടെ മൂത്രം കുടിക്കാമെന്ന അവകാശവാദവുമുണ്ട്. എന്നാൽ ഉപയോഗിക്കുന്നവർക്ക് എന്തെങ്കിലും അലർജിയുണ്ടായാൽ അത് കഴിക്കുന്നത് നിർത്തണമെന്നാണ് നിർദേശം. പ്രതിദിനം രണ്ട് കുപ്പികളിൽ കൂടുതൽ വിൽപ്പന നടക്കുന്നില്ലെന്നാണ് ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞത്. എന്നാൽ വിൽക്കുന്നതിന് മുമ്പ് മൂത്രം എന്തെങ്കിലും തരത്തില്‍ അണുവിമുക്തമാക്കൽ പ്രക്രിയയ്ക്ക് വിധേയമായിട്ടുണ്ടോ എന്ന് വ്യക്തമല്ല.

അതേസമയം കടുവയുടെ മൂത്രത്തെ ചുറ്റിപ്പറ്റിയുള്ള ഔഷധ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ആരോഗ്യവിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്. കടുവ മൂത്രത്തിന് അവകാശപ്പെടുന്നത് പോലെ യാതൊരു ഔഷധ ഗുണങ്ങളുമില്ലെന്ന് ഇവർ വ്യക്തമാക്കുന്നു. അതിൻ്റെ ആരോഗ്യപരമായ ഗുണങ്ങളെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്നും ഹൂബെ പ്രവിശ്യയിലുള്ള പരമ്പരാഗത ചൈനീസ് മെഡിസിന്‍ ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞു. കടുവ മൂത്രം പോലെയുള്ളവയുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നത് പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തെ തെറ്റായി പ്രതിനിധീകരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇവ ഉപയോഗിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പും നല്‍കുന്നുണ്ട്.

കടുവ മൂത്രം കൊണ്ടുുള്ള 'പ്രതിവിധി' ഇൻ്റർനെറ്റ് ഉപയോക്താക്കൾക്കിടയില്‍ ആരോഗ്യ-സുരക്ഷാ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. കടുവ മൂത്രം വാങ്ങിയ ഒരു യുവാവ് തന്റെ അനുഭവം പങ്കുെവെക്കുകയും ചെയ്തു. അച്ഛനുവേണ്ടി കൗതുകത്താൽ കുറച്ച് വാങ്ങിയെന്നും പക്ഷേ ഒരു ഫലവും കണ്ടില്ലെന്നും അതിനാൽ അത് ഇവിടെ ഇരിക്കുകയാണെന്നുമായിരുന്നു യുവാവ് പറഞ്ഞത്.

Content Highlights: China zoo sells tiger urine as a cure for rehumatism , sparks backlash

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us