
സഞ്ചാരികളായ യുവതീയുവാക്കളെ കഴിഞ്ഞ മാസമാണ് വിയറ്റ്‌നാമിലെ ഒരു വില്ലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 33 വയസുകാരിയായ ഗ്രേറ്റ മേരി ഒട്ടേസണ്‍, 36 വയസുകാരനായ സുഹൃത്ത് ആര്‍നോ ക്ലിന്റോ എല്‍സ് എന്നിവരാണ് മരിച്ചത്. മരണത്തിന് മൂന്ന് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇവരുടെ മരണ കാരണമാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതത്രേ. ക്രിസ്മസ് ആഘോഷവേളയില്‍ കഴിച്ച മദ്യമാണ് ഇവരുടെ മരണത്തിന് കാരണമായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്, ക്രിസ്മസിന്റെ തലേദിവസം ഇരുവരും ഒരു റസ്റ്റൊറന്റില്‍ നിന്ന് രണ്ട് കുപ്പി ലിമോണ്‍സെല്ലോ ഓര്‍ഡര്‍ ചെയ്തു കഴിച്ചിരുന്നു. പിറ്റേന്ന് രാവിലെ വളരെ ക്ഷീണിതരായിരുന്ന ഇവരുടെ കാഴ്ചയില്‍ കറുത്ത പാടുകള്‍ കാണുന്നുണ്ടെന്ന് മാതാപിതാക്കള്‍ക്ക് വാട്ട്‌സാപ്പ് വഴി സന്ദേശമയക്കുകയും ചെയ്തിരുന്നു. സുഹൃത്ത് അശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും ഇരുവരും വിസമ്മതിക്കുകയായിരുന്നു.
ഇതിന് പിന്നാലെ വിയറ്റ്‌നാമിലെ ഹോയ് ആന്‍ സില്‍വര്‍ബൈല്‍ വില്ലയിലെ രണ്ട് മുറികളിലാണ് അവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യത്തില്‍ നിന്നുളള മെഥനോള്‍ വിഷബാധയേറ്റാണ് ഇരുവരും മരിച്ചതെന്നാണ് വിയറ്റ്‌നാമീസ് പോലീസ് പറയുന്നത്. യുകെ പത്രമായ ദ ടൈംസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വ്യാവസായിക ക്ലീനറുകള്‍, ലായകങ്ങള്‍, പെയിന്റ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തുടങ്ങി എല്ലാത്തരം ദൈനംദിന ഉത്പന്നങ്ങളിലും ഉപയോഗിക്കുന്ന വ്യക്തവും നിറമില്ലാത്തതുമായ ഘടകമാണ് മെഥനോള്‍. മെഥനോള്‍ വിഷമാണ്. ഉള്ളില്‍ ചെന്നാല്‍ മാരകവുമാണ്.
ഇരുവരും വളരെ സ്‌നേഹത്തോടെ കഴിയുകയായിരുന്നുവെന്നും വിയറ്റ്‌നാമിലെ അവരുടെ ജീവിതം വളരെയധികം സന്തോഷം നിറഞ്ഞതായിരുന്നുവെന്നും ഇരുവരുടെയും മാതാപിതാക്കള്‍ പറയുന്നു. ഗ്രേറ്റയുടെയും അര്‍ണോയുടെയും മരണത്തിന് കാരണമായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവർ പ്രതികരിച്ചു. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മാത്രമല്ല ഇവർ മദ്യം വാങ്ങിയ ഷോപ്പിന്റെ പേര് വെളിപ്പെടുത്തിയിട്ടുമില്ല.
Content Highlights :Young woman and young man died of alcohol poisoning. The reason for their death was the alcohol consumed during Christmas celebrations