ഡേറ്റിങ്ങിനായി ജെന്‍ സികള്‍ തിരഞ്ഞെടുക്കുന്നത് റെസ്റ്റോറന്റുകള്‍ക്ക് പകരം ലൈവ് മ്യൂസിക് കണ്സേര്ട്ടുകളെന്ന് റിപ്പോര്‍ട്ട്. ഡേറ്റിങ് ആപ്പായ ഹാപ്പന്‍സ് നടത്തിയ സര്‍വേയിലാണ് കഫേകളും റെസ്റ്ററന്റുകളും ഔട്ട്ഡേറ്റഡ് ഡേറ്റിങ് സ്പോട്ടായി മാറിയ കാര്യം യൂത്ത് പങ്കുവച്ചത്. സര്‍വേയില്‍ പങ്കെടുത്ത 74 ശതമാനം പേരും തങ്ങള്‍ സ്വപ്നം കാണുന്ന ആദ്യ ഡേറ്റിനായി മുന്നോട്ടുവച്ചത് കണ്‍സേര്‍ട്ടുകളാണ്. അവരില്‍ 67 ശതമാനം പേരും തത്സമയം നടക്കുന്ന സംഗീത പരിപാടികള്‍ ഡേറ്റിങ് കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.യോജിച്ച പങ്കാളികളെ കണ്ടെത്തുന്നതിനുള്ള ഹോട്ട് സ്പോട്ടുകളായി കണ്‍സര്‍ട്ടുകള്‍ മാറുകയാണെന്ന് ചുരുക്കം.
എന്തുകൊണ്ട് സംഗീത പരിപാടികള്‍
കാരണം മറ്റൊന്നുമല്ല യുവത ഡേറ്റിങ്ങിന് നല്കിയ നിര്‍വചനത്തിന് വന്ന മാറ്റം തന്നെയാണ് ഇതിന്റെ പ്രധാന കാരണം. പരിചയപ്പെടുന്നവര്‍ക്കൊപ്പം നല്ല ഓര്‍മകള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ യൂത്തന്മാര്. അതുകൊണ്ട് ഒന്നിച്ച് യോഗ ഡേറ്റ്, ചിത്ര രചന ഡേറ്റ് എന്നിവയെല്ലാണ് ഇവര്‍ പരിഗണിക്കുന്നത്. ഇത്തരത്തിലുള്ള ആക്ടിവിറ്റി അടിസ്ഥാനമാക്കിയുള്ള ഡേറ്റിങ് പരസ്പരമുള്ള അപരിചിതത്വം വളരെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും മനഃശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
'ണ്ടുപേര്‍ ചേര്‍ന്ന് ഒരു സംഗീത പരിപാടി കാണുമമ്പോള്‍ അവര്‍ പരിപാടി കാണുക മാത്രമല്ല, അവര്‍ ഒന്നിട്ട് ഒരു വൈകാരിക യാത്രയില്‍ പങ്കുകൊള്ളുകയാണ്. എന്ത് സംസാരിക്കണം, അല്ലെങ്കില്‍ സംസാരിക്കണമല്ലോ എന്ന ചിന്തകളെയെല്ലാം മറികടന്ന് വളരെ സ്വഭാവികമായ ഒരു ഇടപഴകലിലേക്ക് അവര്‍ എത്തിച്ചേരും.' സൈക്കോതെറാപ്പിസ്റ്റായ ഡോ.ചാന്ദ്നി പറയുന്നു. ഡേറ്റിങ് ആപ്പുകളില്‍ പങ്കാളിയുടെ താല്പര്യങ്ങള് തിരയുന്നവരാണ് ഭൂരിഭാഗം പേരും. ആ താല്പര്യങ്ങളില് സംഗീതമുണ്ടെന്ന അറിവ് സന്തോഷം ഇരട്ടിപ്പിക്കാറുണ്ടെന്നും യുവാക്കള്‍ പറയുന്നു.
സര്‍വേയിലെ കൗതുകകരമായ കണ്ടെത്തലുകള്‍
74 ശതമാനം പേരും പുതുതായി ഒരാളെ കാണുമ്പോഴുള്ള അപരിചിതത്വം ഇല്ലാതാക്കാനായി ഉപയോഗിക്കുന്നത് സംഗീതമാണ്.
സംഗീതം പ്രണയാതുര വികാരങ്ങള്‍ സൃഷ്ടിക്കുമെന്ന് 79 ശതമാനം പേരും വിശ്വസിക്കുന്നു.
76 ശതമാനം പേരും തങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരാളോടൊപ്പം പുതിയ സംഗീതം കണ്ടെത്തുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരാണ്.
ബംബിള്‍ ആപ്പ് നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ 10ല്‍ ഏഴുപേരും പ്രണയബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനപ്പെട്ട ഒന്നായി സംഗീതത്തെ കണക്കാക്കുന്നുണ്ട്.
ശാസ്ത്രീയ വശങ്ങള്
സംഗീതം കേള്‍ക്കുന്നത് ഓക്സിടോസിന്‍, ഡോപമൈന്‍ എന്നീ ഹോര്‍മോണുകള്‍ കൂടുതലായി ഉല്പാദിപ്പിക്കുന്നതിന് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. അത് ബന്ധങ്ങളെയും സ്വാഭാവികമായും വളരാന്‍ സഹായിക്കും.
Content Highlights: Indian singles are choosing concerts over coffee dates