രണ്ടാമത് പപ്പടം നല്‍കാത്തതിനും പപ്പടം പൊടിഞ്ഞുപോയതിനുമൊക്കെ വിവാഹ വേദിയില്‍ ഉണ്ടായിട്ടുള്ള കൂട്ടത്തല്ലുകളുടെ വാര്‍ത്ത നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഗുജറാത്തിലെ സൂറത്തില്‍ നിന്ന് പുറത്തുവരുന്നത്. ഭക്ഷണത്തെ ചൊല്ലി വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കമായതോടെ വിവാഹം പൊലീസ് സ്റ്റേഷനില്‍ വെച്ച് നടത്തേണ്ടി വന്നു.
രാഹുല്‍ പ്രമോദ്, അഞ്ചലി കുമാരി എന്നിവരുടെ വിവാഹമാണ് നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കേണ്ടിയിരുന്നത്. ഇരുവരും ബിഹാര്‍ സ്വദേശികളാണ്. സൂറത്തിലെ ലക്ഷ്മി ഹാള്‍ ആയിരുന്നു വിവാഹ വേദി. ഭൂരിഭാഗം വിവാഹ ചടങ്ങുകളും ഭംഗിയായി തന്നെ നടന്നു. ഇതിനിടെയാണ് ഭക്ഷണത്തെ ചൊല്ലി പരാതിയുമായി വരന്റെ ഒരു ബന്ധു രംഗത്തെത്തിയത്. വധുവിന്റെ വീട്ടുകാര്‍ ഒരുക്കിയ ഭക്ഷണം തികഞ്ഞില്ലെന്നും തങ്ങളുടെ ബന്ധുക്കള്‍ക്ക് എല്ലാവര്‍ക്കും ഭക്ഷണം ലഭിച്ചില്ലെന്നുമായിരുന്നു പരാതി. ഈ പരാതി വലിയ വാക്കുതര്‍ക്കത്തിലേക്കും കൂട്ടത്തല്ലിനുമാണ് വഴിവെച്ചത്.
വിവാഹത്തിന്റെ ഭൂരിഭാഗം ചടങ്ങുകളും ഇതിനിടെ പൂര്‍ത്തിയായിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെയാണ് വധുവും വീട്ടുകാരും പൊലീസിന്റെ സഹായം തേടിയത്. രാഹുല്‍ വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്നും എന്നാല്‍ വീട്ടുകാര്‍ സമ്മതിക്കാത്തതാണ് പ്രശ്‌നമെന്നും വധു സ്ഥലത്തെത്തിയ പൊലീസുകാരെ അറിയിച്ചു. തിരികെ വിവാഹപ്പന്തലിലെത്തിയാലുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നത്തെ കുറിച്ചും അഞ്ചലി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ചടങ്ങുകള്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. വരന്റെ വീട്ടുകാരെയും വധുവിന്റെ വീട്ടുകാരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഉദ്യോഗസ്ഥര്‍ സംസാരിച്ചു. ഏറെ നേരം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു വീട്ടുകാരും വിവാഹം നടത്താന്‍ സമ്മതിച്ചത്.
Content Highlights: Marriage venue shifts to police station as fight breaks over food at wedding