ഭോപ്പാൽ: മധ്യപ്രദേശിലെ സിയോണി ജില്ലയിൽ ഇരതേടി ഇറങ്ങിയ കടുവയും ഇരയായ കാട്ടുപന്നിയും ഒന്നിച്ച് കിണറ്റില്‍ വീണു. ജികുരായ് വനമേഖലയിലെ പിപാരിയ ഹർദുലി ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെ ഗ്രാമവാസികൾ കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വേട്ടക്കാരനും ഇരയും രക്ഷയ്ക്കായി അടുത്തടുത്തായി കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിമിഷനേരം കൊണ്ടാണ് അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായത്.
ഏകദേശം മൂന്ന് വയസ്സ് പ്രായമുള്ള കടുവ പന്നിയെ പിന്തുടരുന്നതിനിടെയാണ് ഇരുവരും കിണറ്റിൽ വീണതെന്ന് റിസർവ് ഡെപ്യൂട്ടി ഡയറക്ടർ രജനീഷ് കുമാർ സിങ് പറഞ്ഞു. കിണറ്റിൽ വീണതോടെ കാട്ടുപന്നി ഇരയാണെന്ന കാര്യമെല്ലാം കടുവ മറന്നു. രക്ഷപ്പെടാൻ ഒരു വഴിയുമില്ലാതെ, കടുവയും പന്നിയും വെള്ളത്തില്‍ നിലയുറപ്പിക്കാൻ പാടുപെട്ടു. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ കിണറിന് ചുറ്റും തടിച്ചുകൂടി. കടുവയും അതിന്റെ ഇരയും പരിമിതമായ ഇടം പങ്കിടുന്നത് അവിടെയെത്തിയവർക്ക് വിശ്വസിക്കാനാവാത്ത കാഴ്ചയായിരുന്നു.
കിണറ്റിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്താനായി വേട്ടക്കാരനും ഇരയും കാത്തിരുന്നത് മണിക്കൂറുകളാണ്. രക്ഷാപ്രവർത്തനവും അതിസാഹസികമായിരുന്നു. നാല് മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെയാണ് അവരെ രക്ഷപ്പെടുത്തിയതെന്ന് മിസ്റ്റർ സിംഗ് പറഞ്ഞു.
ഒരു കയറിന്റെ സഹായത്തോടെ ഒരു കട്ടിൽ കിണറ്റിലേക്ക് ഇറക്കി. കടുവ അതിൽ ഇരുന്നു. രക്ഷാപ്രവർത്തകർ ഒരു ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് കിണറ്റിലേക്ക് ഒരു കൂട് ഇറക്കി കടുവയെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. കാട്ടുപന്നിയെയും ഇതേ രീതിയിലാണ് രക്ഷപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
A tiger and a boar ccidentally fell into a well in Pipariya village near the reaserve. Thanks to the swift action of the Pench Tiger Reserve rescue team, big cat and boar were safely rescued! With expert coordination & care, both animals were pulled out unharmed and released back pic.twitter.com/s8lRZH8mN5
— Pench Tiger Reserve (@PenchMP) February 4, 2025
രണ്ട് വന്യമൃഗങ്ങളെയും രക്ഷിക്കാനുള്ള പ്രവർത്തനത്തിൽ 60 ഓളം രക്ഷാപ്രവർത്തകർ ഭാഗമായി. സാഗർ ജില്ലയിലെ വീരംഗന ദുർഗ്ഗാവതി കടുവ സംരക്ഷണ കേന്ദ്രത്തിന് കീഴിലുള്ള നൗരദേഹി വന്യജീവി സങ്കേതത്തിൽ കടുവയെ തുറന്നുവിടാൻ മുഖ്യ വന്യജീവി സംരക്ഷകൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Tiger Chases Boar, Both Fall into well, Then A Stunning Twist