![search icon](https://www.reporterlive.com/assets/images/icons/search.png)
മകൻ്റെ വിവാഹം ലളിതമായ രീതിയിൽ നടന്നതായി അറിയിച്ചിരിക്കുകയാണ് ശതകോടീശ്വരനായ ഗൗതം അദാനി. വിവാഹത്തിൻ്റെ ചിത്രങ്ങൾ അദാനി തന്നെ പങ്കുവെക്കുകയായിരുന്നു.
വെള്ളിയാഴ്ചയായിരുന്നു ഗൗതം അദാനിയുടെ ഇളയ മകനായ ജീത്ത് അദാനിയുടേയും വജ്രവ്യാപാരിയായ ജെയ്മിൻ ഷായുടെ മകൾ ദിവ ജെയ്മിൻ ഷായുമായി വിവാഹം നടന്നത്. അഹമ്മദാബാദിലെ അദാനി ശാന്തിഗ്രാം ടൗൺഷിപ്പിലെ ക്ലബ്ബിൽ വെച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകൾ മാത്രമായിരുന്നു വിവാഹത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
മകൻ്റെ വിവാഹത്തോട് അനുബന്ധിച്ച് 10,000 കോടി രൂപ സാമൂഹിക സേവനത്തിനായി സംഭാവന ചെയ്യുകയും കൂടി ഗൗതം അദാനി ചെയ്തു. മാറ്റിവെച്ച തുകയുടെ ഭൂരിഭാഗവും ആരോഗ്യ-വിദ്യാഭ്യാസ-നൈപുണ്യ വികസന പദ്ധതികൾക്കായിട്ടായിരിക്കും ചെലവഴിക്കുക. അന്തർദേശീയ നിലവാരത്തിലുള്ള ആശുപത്രികളും മെഡിക്കൽ കോളേജുകളും ഉന്നത നിലവാരത്തിലുള്ള കെ12 സ്കൂളുകളുമായിരിക്കും നിർമ്മിക്കുക. എല്ലാ ജനവിഭാഗങ്ങൾക്കും പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് പദ്ധതികൾ രൂപ കൽപ്പന ചെയ്തിരിക്കുന്നത്.
വിവാഹത്തിന് ആർഭാടങ്ങൾ ഒഴിവാക്കുമെന്ന് ഗൗതം അദാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുംഭമേളയിൽ വെച്ച് തങ്ങൾ സാധാരണ മനുഷ്യരാണെന്നും മകന്റെ വിവാഹം വളരെ ലളിതമായിരിക്കുമെന്നും ഗൗതം അദാനി പറഞ്ഞിരുന്നു. വിവാഹത്തിന് രണ്ട് ദിവസം മുൻപ്, ഈയിടെ വിവാഹിതരായ ഭിന്നശേഷിക്കാരായ യുവതികൾക്ക് സാമ്പത്തിക സഹായം ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ, 500 യുവതികൾക്ക് 10 ലക്ഷം രൂപ വെച്ച് അദ്ദേഹം നൽകുകയും ചെയ്തിരുന്നു.
Content Highlights: Goutam adani donates 10000 crore on sons wedding