![search icon](https://www.reporterlive.com/assets/images/icons/search.png)
വീടും കാറും ഉപകരണങ്ങളും വസ്ത്രങ്ങളുമൊക്കെ നമുക്ക് വാടകയ്ക്ക് ലഭിക്കും. എന്നാല്‍ അച്ഛനെയും അമ്മയെയുമൊക്കെ വാടകയ്ക്ക് എടുക്കുന്നത് നമ്മള്‍ സിനിമയില്‍ മാത്രമേ കണ്ടിട്ടുണ്ടാകൂ. എന്നാല്‍ ഈ ഒരു രാജ്യത്ത് പണമുണ്ടെങ്കില്‍ ഭാര്യയെയോ ഭര്‍ത്താവിനെയോ മാതാപിതാക്കളെയോ എന്തിന് മക്കളെ വരെ വാടകയ്കയ്ക്ക് എടുക്കാം. ജപ്പാനാണ് ഈ രാജ്യം. ഇന്നും ഇന്നലെയൊന്നുമല്ല ഏതാണ്ട് 30 വര്‍ഷം മുമ്പ് തുടങ്ങിയതാണത്രേ ഈ രാജ്യത്ത് ഈ ബിസിനസ്. ചെറിയ രീതിയില്‍ തുടങ്ങിയ ഈ ബിസിനസിലൂടെ ഇവിടെ ഇന്ന് ജീവിക്കുന്നവര്‍ നിരവധിയാണ്.
കുടുംബത്തിലെ ഏത് അംഗത്തെ വേണമെങ്കിലും ഇവിടെ വാടകയ്ക്ക് എടുക്കാം. എത്ര പേരെ വേണമെങ്കിലും ഇങ്ങനെ പണം നല്‍കി എടുക്കാം. പണം നല്‍കിയിട്ടുള്ള അത്രയും നാള്‍ താല്‍കാലിക കുടുംബാംഗത്തെ പോലെ ഇവരെ കൂടെ കൂട്ടാം.
1990ല്‍ ടോക്കിയോ ആസ്ഥാനമായുള്ള 'ഫാമിലി റൊമാന്‍സ്' എന്ന കമ്പനിയാണ് കുടുംബാംഗങ്ങളെ വാടകയ്ക്ക് നല്‍കുന്ന ബിസിനസ് ആരംഭിച്ചത്. അഭിനേതാക്കളെയാണ് ആദ്യം കമ്പനി വാടകയ്ക്ക് നല്‍കിയിരുന്നത്. ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. സ്ഥാപന ഉടമ ഇഷി യുഛി എന്നയാള്‍, ഇതിനകം 25 കുടുംബങ്ങളിലധികം അച്ഛനും, 600 സ്ത്രീകളുടെ ഭര്‍ത്താവും ആയിട്ടുണ്ടെന്നാണ് പറയുന്നത്. ഒരിക്കല്‍ വരനായി അഭിനയിക്കാന്‍ വരെ തന്നെ ഒരാള്‍ വിളിച്ചതായും യുഛി പറയുന്നു. ആയിരത്തോളം ജീവനക്കാരും ഇയാള്‍ക്കുണ്ട്.
മണിക്കൂറിന് 5000 യെന്‍ മുതല്‍ 20,000 യെന്‍ വരെയാണ് ഈ വാടക ബിസിനസിലൂടെ ലഭിക്കുക. യുഛിയുടെ കമ്പനി പോലെ നിരവധി കമ്പനികള്‍ ഇപ്പോള്‍ ജപ്പാനിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുടുംബാംഗങ്ങളെ വാടകയ്ക്ക് എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കമ്പനികള്‍ അവയ്‌ലബിള്‍ ആയിട്ടുള്ള അംഗങ്ങളുടെ ലിസ്റ്റ് നല്‍കും. ഇതില്‍ നിന്നാണ് തെരഞ്ഞെടുക്കേണ്ടത്. ലക്ഷക്കണക്കിന് പേര്‍ ഈ സേവനം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാന്‍ മാതൃകയില്‍ ഇപ്പോള്‍ ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം ബിസിനസുകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
Content Highlights: Parents, Husband, Wife, Even Kids, You Can Rent Any Family Member In This Country