![search icon](https://www.reporterlive.com/assets/images/icons/search.png)
കോടീശ്വരനെ വിവാഹം കഴിച്ചെന്നു പറഞ്ഞ് ബന്ധുക്കളെ കബളിപ്പിച്ച് യുവതി കവര്‍ന്നത് 14 കോടി. നാടകം പൊളിഞ്ഞതോടെ യുവതിയും ഭര്‍ത്താവും കൂട്ടുനിന്ന കസിനും ജയിലിലായി. ചൈനയിലാണ് സംഭവം.
റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന ഷാങ്ഗായില്‍ നിന്നുള്ള നാല്‍പതുകാരിയാണ് കഥയിലെ നായിക. മെങ് എന്ന സര്‍നെയിമുള്ള യുവതി ബിസിനസ് പൊളിഞ്ഞതോടെയാണ് തട്ടിപ്പ് തിരക്കഥ തയ്യാറാക്കുന്നത്. ഇതിനായി ഒരു യാത്രക്കിടയില്‍ അവിചാരിതമായി കണ്ടുമുട്ടിയ കാര്‍ ഡ്രൈവറിനോട് യുവതി വിവാഹാഭ്യാര്‍ഥന നടത്തി. പ്രായം ഏറെ കടന്നുപോയതിനാല്‍ വിവാഹം കഴിക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞാണ് കാര്‍ ഡ്രൈവറെ വിവാഹത്തിന് സമ്മതിപ്പിക്കുന്നത്.
വിവാഹം കഴിഞ്ഞ യുവതി രാജ്യത്തെ വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകളുടെയെല്ലാം പിന്നിലെ ബുദ്ധികേന്ദ്രം തന്റെ ഭര്‍ത്താവാണെന്ന് ബന്ധുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു. നിസാര തുകയ്ക്ക് പ്രോപ്പര്‍ട്ടി വാങ്ങാന്‍ യുവാവിന്റെ ബന്ധങ്ങളിലൂടെ സാധിക്കുമെന്നും ഇവര്‍ അവകാശപ്പെട്ടു. താന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് സ്ഥാപിക്കുന്നതിനായി 1.2 കോടി രൂപ വിലവരുന്ന ഫ്‌ളാറ്റ് വാങ്ങി യുവതി അതുപകുതി വിലയ്ക്ക് ബന്ധുവിന് വില്‍ക്കുകയും ചെയ്തു. യുവതിയുടെയും ഭര്‍ത്താവിന്റെയും സഹായത്തോടെ തനിക്ക് നിസാര വിലയ്ക്ക് പ്രോപ്പര്‍ട്ടി വാങ്ങാന്‍ സാധിച്ചെന്ന് ഒരു കസിനെ കൊണ്ട് യുവതി നുണ പറയിക്കുകയും ചെയ്തു.
ഇതോടെ യുവതിയുടെ അവകാശവാദങ്ങള്‍ വിശ്വസിച്ച ബന്ധുക്കള്‍ പുതിയ ഫ്‌ളാറ്റുവാങ്ങുന്നതിനായി യുവതിയെ സമീപിക്കുകയായിരുന്നു. യുവതി കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് ഇവരെ കൂട്ടിക്കൊണ്ടുപോവുകയും സ്വകയര്‍ മീറ്ററിന് 61,000 രൂപയ്ക്ക് താന്‍ പ്രോപ്പര്‍ട്ടി വാങ്ങി നല്‍കാമെന്ന് അവര്‍ ബന്ധുക്കള്‍ക്ക് വാഗ്ദാനം നല്‍കുകയും ചെയ്തു. ഏതായാലും യുവതിയുടെ കഥ വിശ്വസിച്ച ബന്ധുക്കള്‍
പുതിയ പ്രോപ്പര്‍ട്ടി വിലക്കുറവില്‍ സ്വന്തമാക്കുന്നതിന് വേണ്ടി കോചികള്‍ കൈമാറി. ചിലരാകട്ടെ പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതിന് വേണ്ടി പഴയ ഫ്‌ളാറ്റ് വിറ്റ് പണം യുവതിക്ക് കൈമാറി.
പണം കൈമാറിയിട്ടും പുതിയ പ്രോപ്പര്‍ട്ടി ലഭിക്കാത്തതിനെ കുറിച്ച് ബന്ധുക്കള്‍ ചോദിക്കുമ്പോഴെല്ലാം ഡിസ്‌കൗണ്ടില്‍ പുതിയ പ്രോപ്പര്‍ട്ടി ശരിയാക്കുന്നതിനാലാണ് വൈകുന്നതെന്നായിരുന്നു മറുപടി. ഒടുവില്‍ ബന്ധുക്കളുടെ ചോദ്യങ്ങള്‍ സഹിക്കവയ്യാതായതോടെ യുവതി ലീസിന് ഫ്‌ളാറ്റ് എടുത്ത് ബന്ധുക്കള്‍ക്ക് കൈമാറി. പുതിയ ഫ്‌ളാറ്റാണെന്നാണ് ബന്ധുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചത്. എന്നാല്‍ ഇടപാടില്‍ എന്തോ സംശയങ്ങള്‍ തോന്നിയ ഒരു ബന്ധു കെട്ടിടം നിര്‍മിച്ചുനല്‍കുന്നയാളെ ബന്ധപ്പെട്ടു. അതോടെയാണ് യുവതിയുടെ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവരുന്നത്. യുവതി താമസിച്ചിരുന്ന ഫ്‌ളാറ്റും അവരുടെ സ്വന്തമല്ലെന്ന് തിരിച്ചറിഞ്ഞു. തട്ടിപ്പ് തെളിവുസഹിതം പിടിക്കപ്പെട്ട യുവതിയെ പന്ത്രണ്ടര വര്‍ഷത്തെ ജയില്‍വാസത്തിനാണ് കോടതി ശിക്ഷിച്ചത്. ലീസില്‍ ഒപ്പുവച്ച യുവതിയുടെ വ്യാജഭര്‍ത്താവിന് ആറുവര്‍ഷം തടവും ബന്ധുക്കളെ വിശ്വസിപ്പിക്കാന്‍ യുവതി ആവശ്യപ്പെട്ടതനുസരിച്ച് കള്ളം പറഞ്ഞ കസിന് അഞ്ചുവര്‍ഷവും തടവ് ശിക്ഷ ലഭിച്ചു.
Content Highlights: Chinese Woman Swindles Relatives Of Rs 14 Crore By Staging Fake Wedding With 'Rich' Man