![search icon](https://www.reporterlive.com/assets/images/icons/search.png)
വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് എല്ലാവരും. ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും കുളിക്കുക എന്നത് നമുക്ക് നിർബന്ധവുമാണ്. എന്നാല്‍ അഞ്ച് വര്‍ഷമായി കുളിച്ചിട്ടില്ലാത്ത ഒരാളെ പറ്റി പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കുമല്ലെ, അമേരിക്കയിലെ ഒരു ഡോക്ടറാണ് താന്‍ അഞ്ച് വര്‍ഷമായി കുളിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.
പ്രീവന്റീവ് മെഡിസിനില്‍ സ്‌പെഷ്യലിസ്റ്റായ ഡോ. ജെയിംസ് ഹാംബ്ലിനാണ് ഈ വിചിത്ര വാദവുമായി രംഗത്തെത്തിയത്. അഞ്ച് വര്‍ഷമായി താന്‍ കുളിച്ചിട്ടില്ലെന്നും എന്നാല്‍ യാതൊരു തരത്തിലുള്ള ദുര്‍ഗന്ധമോ, ബുദ്ധിമുട്ടുകളോ താന്‍ നേരിടുന്നില്ലെന്നുമാണ് ഡോ. ജെയിംസിന്റെ അവകാശവാദം. മാത്രമല്ല നമ്മള്‍ ദിവസേന ഉപയോഗിക്കുന്ന സോപ്പുകളും ഷാംപൂകളും മറ്റ് ശുചിത്വ ഉല്‍പ്പന്നങ്ങളും ഉപയോഗശൂന്യമാണെന്നും വാദമുണ്ട്. ഇവ ശരീരത്തെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് എഴുത്തുകാരന്‍ കൂടിയായ ജെയിംസിന്റെ അവകാശവാദം.
ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ് താന്‍ അഞ്ച് വര്‍ഷം മുമ്പ് കുളിക്കുന്നത് അവസാനിപ്പിച്ചതെന്ന് ഡോക്ടര്‍ പറയുന്നു. കുളിക്കുന്നത് അടക്കമുള്ള ശുചിത്വ ശീലങ്ങള്‍ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണോ എന്ന് കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. എന്നാല്‍ മനുഷ്യന് ശുചിത്വം അത്യാവശ്യമാണെന്നും കുളിക്കേണ്ടതിന്റെ ആവശ്യകതയുണ്ടോ എന്നാണ് തന്റെ പരീക്ഷണമെന്നും ഡോ ജെയിംസ് പറയുന്നു. മാത്രമല്ല സോപ്പ്, ഷാംപൂ അടക്കമുള്ള വ്യക്തിഗത സുരക്ഷാ ഉല്‍പ്പന്നങ്ങള്‍ പ്രയോജനകരമാണോ എന്ന് മനസിലാക്കാനും താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം സിഎന്‍എന്നിന് നല്‍കിയ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ പറയുന്നു.
'ഒരു മെഡിക്കല്‍ ഷോപ്പിലെത്തിയാല്‍, ജലദോഷത്തിനും പനിക്കുമുള്ള മരുന്നുകള്‍ക്കൊപ്പം അടുത്ത ഷെല്‍ഫിലായി ഷാംപൂവും സോപ്പും ഇരിക്കുന്നത് നമുക്ക് കാണാനാകും. ഇത് എന്നെ അത്ഭുതപ്പെടുത്തി. ഇതെന്തിന് വേണ്ടിയാണ്, യഥാര്‍ത്ഥത്തില്‍ ഇതിന്റെ ആവശ്യമുണ്ടോ എന്നാണ് ഞാന്‍ ചിന്തിച്ചത്. മൈക്രോബയോമുകളുടെ കേന്ദ്രമാണ് നമ്മുടെ ചര്‍മ്മം. ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സൂക്ഷ്മാണുക്കളുടെ കൂട്ടമാണ് മൈക്രോബയോം. സോപ്പുകളുടെയും ഷാംപൂവിന്റെയുമൊക്കെ ഉപയോഗം, ചര്‍മ്മത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന എണ്ണകളും മറ്റും നീക്കം ചെയ്യാന്‍ കാരണമാകും. ഒരു പുല്‍ത്തകിടിയില്‍ നിന്ന് മണ്ണ് നീക്കം ചെയ്യുന്നത് പോലെയാണിത്. ഇത് ചര്‍മ്മം വരണ്ടതാകാന്‍ കാരണമാകും. ഇതിന് പ്രതിവിധിയായി മറ്റ് ലോഷനുകള്‍ ഉപയോഗിക്കേണ്ടിയും വരുന്നു', ഡോ. ജെയിം പറഞ്ഞു.
കുളിച്ചില്ലെങ്കില്‍ ശരീരത്തില്‍ ദുര്‍ഗന്ധമുണ്ടാകില്ലേ എന്നാണ് ഭൂരിഭാഗം പേരുടെ സംശയമെന്നും, ഇതിന് താന്‍ പ്രതിവിധി കണ്ടെത്തിയതായും ജെയിംസ് പറയുന്നു. എക്‌സസൈസ് ചെയ്യുമ്പോഴോ അല്ലാത്തപ്പോഴോ ശരീരം വിയര്‍ക്കുകയൊക്കെ ചെയ്യുമ്പോള്‍ വെറുതെ വെള്ളം ഉപയോഗിച്ച് കഴുകിക്കളഞ്ഞാല്‍ മതിയെന്നതാണ് ജെയിംസിന്റെ പ്രതിവിധി. സോപ്പ് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും വാദമുണ്ട്. കുളിക്കുന്നത് നിര്‍ത്താന്‍ താന്‍ ആളുകളോട് പറയുന്നില്ലെന്നും, പകരം ശുചിത്വത്തോടുള്ള കൂടുതല്‍ ശ്രദ്ധാപൂര്‍വമായ സമീപനത്തെയാണ് താന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: US doctor who didn't shower for 5 years claims he doesn't stink, shares why