![search icon](https://www.reporterlive.com/assets/images/icons/search.png)
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് സ്ഥിരം നമ്മള്‍ കേള്‍ക്കുന്ന മുന്നറിയിപ്പാണ്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. എന്നാല്‍ ബെംഗളൂരു നഗരത്തില്‍ ഒരു യുവതി കാറോടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിക്കുന്നതല്ല, തന്റെ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതാണ് ട്രാഫിക് പൊലീസ് കയ്യോടെ പൊക്കിയത്. ബെംഗളൂരു ആര്‍ടി നഗര്‍ ഏരിയയിലായിരുന്നു സംഭവം.
സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കാറിന്റെ സ്റ്റിയറിങ് വീലില്‍ ലാപ്‌ടോപ് വെച്ച് യുവതി വാഹനമോടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ വൈറലായതോടെ പൊലീസ് യുവതിയെ കണ്ടെത്തുകയും പിഴ ഈടാക്കുകയുമായിരുന്നു. അമിതവേഗതയ്ക്കും വാഹനമോടിക്കുമ്പോഴുള്ള അശ്രദ്ധയ്ക്കുമാണ് കേസെടുത്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് ജോലി ചെയ്യൂ, ഡ്രൈവിങ്ങിനിടെ നിങ്ങളുടെ കാറില്‍ നിന്നല്ല ജോലി ചെയ്യേണ്ടതെന്നാണ്, സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച് ബെംഗളൂരു ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എക്‌സില്‍ കുറിച്ചത്.
"work from home not from car while driving" pic.twitter.com/QhTDoaw83R
— DCP Traffic North, Bengaluru (@DCPTrNorthBCP) February 12, 2025
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. യുവതി വലിയ അബദ്ധമാണ് ചെയ്തതെന്നാണ് ചിലരുടെ കമന്റ്. മറ്റുചിലര്‍ പറയുന്നതാകട്ടെ, ബെംഗളൂരുവിലെ കൂടിവരുന്ന ട്രാഫിക്ക് കുരുക്കുകളുടെ ഫലമാണ് ഈ സംഭവമെന്നാണ്. മറ്റ് ചിലര്‍ അമിത ജോലിഭാരത്തെയും ജീവനക്കാരെ കൊണ്ട് അവര്‍ക്ക് താങ്ങാവുന്നതിലധികം ജോലി ചെയ്യിക്കുന്ന കോര്‍പ്പറേറ്റ് കള്‍ച്ചറിനെയും കുറ്റം പറയുന്നുണ്ട്. യുവതിയെ കണ്ടെത്തി അവരില്‍ നിന്ന് പിളയീടാക്കിയ പൊലീസിന്റെ നടപടിയെയാണ് മറ്റുചിലര്‍ പ്രശംസിക്കുന്നത്.
Content Highlights: Work from home, not from car while driving, Bengaluru police to woman