
പ്രണയം എന്നും മനുഷ്യന്റെ ഇഷ്ട വികാരങ്ങളിൽ ഒന്നാണ്, പലതരത്തിലുള്ള പ്രണയങ്ങളും പ്രണയനഷ്ടങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ 80 വർഷത്തെ ദാമ്പത്യ ജീവിതം ആഘോഷിക്കുന്ന ദമ്പതികളുടെ പ്രണയമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പേര് കണ്ടപ്പോൾ വേണ്ടെന്ന് പറഞ്ഞ കല്ല്യാണം പിന്നീട് നടന്നതിനെ കുറിച്ചും എൺപത് വർഷമായി തുടരുന്ന ദാമ്പത്യത്തെ കുറിച്ചും കാലാ ചാൻ എന്ന വ്യക്തിയാണ് തുറന്നുപറഞ്ഞത്.
മാധ്യമപ്രവർത്തകനും ഫോട്ടോഗ്രാഫറുമായ ജിഎംബി ആകാശ് ആണ് കാലാചാന്റെയും ഭാര്യയുടെയും കഥ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ബംഗ്ലാദേശ് സ്വദേശിയാണ് കാലാചാൻ. മാതാപിതാക്കൾ ആദ്യമായി ഭാര്യയുടെ വീട്ടിലേക്ക് വിവാഹാഭ്യർത്ഥനയുമായി പോയപ്പോൾ, പേര് കാലാ ചാൻ (കറുത്ത ചന്ദ്രൻ) ആണെന്ന് അറിഞ്ഞപ്പോൾ വിവാഹത്തിന് താൽപ്പര്യമില്ലെന്നായിരുന്നു വീട്ടുകാർ പറഞ്ഞതെന്നാണ് കാലാചാൻ പറയുന്നത്.
എന്നാൽ പെൺകുട്ടിയെ തന്റെ അമ്മയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടതിനാൽ, എന്റെ പേര് സൂചിപ്പിക്കുന്നത് പോലെ കറുത്തവനല്ലെന്ന് തെളിയിക്കാൻ ഞാൻ ഉടൻ തന്നെ വധുവിന്റെ വീട്ടിൽ പോകേണ്ടിവന്നു. എന്നാൽ പെണ്ണുകാണാൻ എത്തിയ തന്നോട് നിരവധി ചോദ്യങ്ങളായിരുന്നു കല്ല്യാണ പെണ്ണ് ചോദിച്ചതെന്നും കാലാചാൻ പറയുന്നു. 'വീട്ടിൽ എത്ര മരങ്ങൾ ഉണ്ടായിരുന്നു? ഞങ്ങളുടെ ഗ്രാമത്തിൽ എല്ലാ വർഷവും രണ്ടോ മൂന്നോ മരങ്ങൾ ഞാൻ നടുമോ? എല്ലാ ദിവസവും ഞാൻ അവളെ നദിയിൽ നീന്താൻ കൊണ്ടുപോകുമോ? എല്ലാ ദിവസവും വിശക്കുന്ന പാവപ്പെട്ടവർക്ക് ഞാൻ ഭക്ഷണം നൽകുമോ?' ഇങ്ങനെയൊക്കെയായിരുന്നു ചോദ്യങ്ങൾ. ഇവയെല്ലാം അവളെ വിവാഹം കഴിക്കാനുള്ള അവളുടെ നിബന്ധനകളായിരുന്നു എന്നും കാലാ ചാൻ പറയുന്നു.
'ഞാൻ അത്ഭുതപ്പെട്ടു, അവളെ നോക്കി. അവൾ വളരെ സുന്ദരിയായിരുന്നു, എനിക്ക് ഒരു വാക്കുപോലും പറയാൻ കഴിഞ്ഞില്ല, എല്ലാത്തിനും ഞാൻ തലയാട്ടി.' പിന്നീട് ഒരിക്കൽ ഭാര്യ കാരണം തങ്ങൾ കൊള്ളക്കാരിൽ നിന്ന് രക്ഷപ്പെട്ട കഥയും കാലാചാൻ പറയുന്നുണ്ട്. 'ഒരു രാത്രി മറ്റൊരു ഗ്രാമത്തിൽ നിന്ന് ഞങ്ങൾ മടങ്ങുമ്പോൾ, മൂന്ന് ദുഷ്ടന്മാർ ഞങ്ങളെ തടഞ്ഞുനിർത്തി ഞങ്ങളുടെ എല്ലാ പണവും അവൾ ധരിച്ചിരുന്ന എല്ലാ ആഭരണങ്ങളും എടുത്തു. പക്ഷേ പെട്ടെന്ന് അവരിൽ ഒരാൾ പണം തപ്പാനായി എന്റെ ഷർട്ടിൽ പിടിച്ചപ്പോൾ, എന്റെ ഭാര്യക്ക് ദേഷ്യം വന്നു, അവൾ ആ മനുഷ്യനെ അടിക്കാൻ തുടങ്ങി, 'എന്തിനാണ് എന്റെ ഭർത്താവിനെ തൊടുന്നത്? നിങ്ങൾക്ക് എങ്ങനെ ധൈര്യമുണ്ട്? ഞാൻ നിങ്ങൾക്ക് എല്ലാം തന്നു! എന്തിനാണ് നിങ്ങൾ എന്റെ ഭർത്താവിനെ അപമാനിക്കുന്നത്?' എന്ന് അലറാൻ തുടങ്ങി.
ഇതോടെ കൂട്ടത്തിലെ ഒരാൾ വളരെ ദേഷ്യപ്പെടുകയും വിളക്ക് എന്റെ ഭാര്യയുടെ മുഖത്തേക്ക് ഉയർത്തിപ്പിടിക്കുകയും ചെയ്തു. പെട്ടെന്ന് അയാളുടെ ദേഷ്യം മഞ്ഞുപോലെ ഉരുകി. അദ്ദേഹം ചോദിച്ചു, 'നിങ്ങൾ എല്ലാ യാചകർക്കും ഭക്ഷണം നൽകുന്ന മിയ ബാരിയിലെ സ്ത്രീയാണോ? ഞാൻ എന്റെ അമ്മയോടൊപ്പം നിങ്ങളുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ പലതവണ വന്നിട്ടുണ്ട്' എന്നായിരുന്നു. തുടർന്ന് അവർ എടുത്തതെല്ലാം ഞങ്ങൾക്ക് തിരികെ നൽകി. തിരികെ ഞങ്ങൾ വീട്ടിലെത്തുന്നതുവരെ ഞങ്ങൾക്ക് അവർ സംരക്ഷണവും നൽകി', കാലാചാൻ പറഞ്ഞു.
കഴിഞ്ഞ 80 വർഷമായി തങ്ങൾ തങ്ങളുടെ ഗ്രാമത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നു, കഴിഞ്ഞ 80 വർഷമായി അവർ എല്ലാ ദിവസവും ദരിദ്രർക്ക് ഭക്ഷണം നൽകുന്നു. കൂടാതെ, കഴിഞ്ഞ 80 വർഷമായി തങ്ങൾ ഒരു ദിവസം പോലും വേർപിരിഞ്ഞിട്ടില്ല. അവൾ തന്റെ എല്ലാമായി. എല്ലാ ദിവസവും താൻ അവളുടെ സൗന്ദര്യത്തിൽ വീഴുന്നു. ഈ 80 വർഷത്തെ ജീവിതം താൻ പ്രതീക്ഷിച്ചതിലും വളരെ മനോഹരമാണ് എന്നും കാലാചാൻ പറയുന്നുണ്ട്. നിരവധി പേരാണ് കാലാചാന്റെ പ്രണയകഥ സോഷ്യൽ മീഡിയയിൽ ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്.
Content Highlights: love story of an elderly couple has gone viral on social media share by GMB Akash