
ധാരാളം വീടുകളില്‍ പൂച്ചകളെ വളര്‍ത്തുന്നുണ്ട്. പലരും വീട്ടിലെ ഒരു അംഗത്തെപ്പോലെതന്നെയാണ് പൂച്ചകളെ കാണുന്നതും. പൂച്ചകള്‍ക്ക് എന്തും കഴിക്കുന്നതില്‍ ഒരു പ്രശ്‌നവും ഇല്ല എന്നാണ് സാധാരണ എല്ലാവരുടെയും വിശ്വാസം. പൂച്ചകളെ വളര്‍ത്തുമ്പോള്‍ അവയ്ക്ക് ഒരിക്കലും നല്‍കരുതാത്ത ചില ഭക്ഷണങ്ങളുണ്ട്, അവ ഏതൊക്കെയാണെന്ന് അറിയാം,
ചോക്ലേറ്റിലെ തിയോബ്രോമിന്‍, കഫീന്‍ എന്നിവയുടെ അളവ് പൂച്ചകള്‍ക്ക് വളരെ വിഷാംശം ഉണ്ടാക്കുന്നതാണ്. ഈ ഘടകങ്ങള്‍ രണ്ടും അവയുടെ നാഡീവ്യൂഹത്തെയും ഹൃദയത്തെയും പ്രതികൂലമായി ബാധിക്കും. ചോക്ലേറ്റ് വിഷബാധയുടെ ലക്ഷണങ്ങളില്‍ ഛര്‍ദി, വയറിളക്കം, വേഗത്തിലുളള ശ്വസനം, വര്‍ധിച്ച ഹൃദയമിടിപ്പ്, വിറയല്‍, അപസ്മാരം എന്നിവ ഉള്‍പ്പെടുന്നു.
മുന്തിരിയും ഉണക്ക മുന്തിരിയും പൂച്ചകള്‍ക്ക് ഒരിക്കലും കൊടുക്കരുതെന്ന് വിദഗ്ധർ പറയുന്നു. അവ വൃക്കകള്‍ക്ക് ഗുരുതര കേടുപാടുകള്‍ വരുത്തുകയോ വൃക്ക തകരാറിലാക്കുകയോ ചെയ്യും. ഛര്‍ദ്ദി, വയറിളക്കം, അലസത, വിശപ്പില്ലായ്മ, വയറുവേദന എന്നിവയാണ് വിഷബാധയുടെ ലക്ഷണങ്ങള്‍. മാത്രമല്ല വിഷബാധയേറ്റ പൂച്ചകള്‍ അമിതദാഹത്തിന്റെയും മൂത്രമൊഴിക്കല്‍ കുറയുന്നതിന്റെയും ലക്ഷണങ്ങള്‍ കാണിക്കാം.
ഉള്ളിയും വെളുത്തുള്ളിയും പൂച്ചകളെ സംബന്ധിച്ച് വിഷമാണ്. കാരണം അവയില്‍ ചുവന്ന രക്താണുക്കളെ ദോഷകരമായി ബാധിക്കുന്ന വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ഇത് വിളര്‍ച്ചയ്ക്ക് കാരണമാകും. പരിമിതമായ അളവില്‍പ്പോലും ഉള്ളില്‍ച്ചെല്ലുന്നത് ബലഹീനത, ക്ഷീണം, ഛര്‍ദി, വയറിളക്കം മോണകളുടെ വെളുപ്പുനിറം എന്നിവയ്ക്ക് കാരണമാകും. ഗുരുതരമായ കേസുകളിലാണെങ്കില്‍ ശ്വാസോച്ഛ്വാസം വേഗത്തിലാക്കല്‍ ഹൃദയമിടിപ്പ് വര്‍ധിക്കല്‍ അല്ലെങ്കില്‍ ബോധക്ഷയം എന്നിവയ്ക്ക് കാരണമാകും.
പൂച്ചകള്‍ക്ക് നല്‍കുന്നത് വേവിച്ച എല്ലുകളാണെങ്കിലും അത് പൊട്ടുമ്പോഴുള്ള കഷണങ്ങള്‍ ശ്വാസംമുട്ടല്‍, ആന്തരിക ഹൃദയാഘാതം, അല്ലെങ്കില്‍ ദഹനനാളത്തില്‍ തടസം എന്നിവ ഉണ്ടാക്കിയേക്കാം. അസ്ഥികളില്‍ സാല്‍മൊണല്ല അല്ലെങ്കില്‍ ഇ. കോളി പോലുള്ള ബാക്ടീരിയയും അടങ്ങിയിരിക്കുന്നു. ഇത് അണുബാധയ്ക്ക് കാരണവുമായേക്കാം.
പാല്, ചീസ്, തൈര് എന്നിവൊയൊക്കെ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. പാല്‍ ഉത്പന്നങ്ങള്‍ കഴിക്കുന്നത് വയറിളക്കം, ഛര്‍ദി, വയറുവേദന, വയറിലെ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. പൂച്ചകുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ പാല് ദഹിപ്പിക്കാന്‍ കഴിയുമെങ്കിലും വളരും തോറും പാലുത്പന്നങ്ങള്‍ ദഹിപ്പിക്കാനുള്ള കഴിവ് കുറയുന്നു.
പൂച്ചകളില്‍ നായകള്‍ക്ക് കൊടുക്കുന്ന ഭക്ഷണം വിഷാംശം ഉണ്ടാക്കാറില്ല. പക്ഷേ പൂച്ചയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷക ഘടകങ്ങള്‍ അവയില്‍ അടങ്ങിയിട്ടില്ല. പൂച്ചകള്‍ക്ക് ഇവ മതിയാവില്ല. നായ ഭക്ഷണം ദീര്‍ഘനേരത്തേക്ക് കഴിക്കുന്നത് കാഴ്ചക്കുറവ്, ഹൃദ് രോഗം, രോഗ പ്രതിരോധ ശേഷി കുറയവ ല്‍ തുടങ്ങിയവയ്ക്ക് കാരണവുമായേക്കാം. ചില നായ ഭക്ഷണത്തില്‍ പൂച്ചകള്‍ക്ക് ദഹിക്കാന്‍ പ്രയാസമുള്ള ചില ഘടകങ്ങളുമുണ്ടാകാറുണ്ട്.
മദ്യം പൂച്ചകള്‍ക്ക് വളരെ ദോഷകരമാണ്, കുറഞ്ഞ അളവില്‍പ്പോലും ബിയര്‍, വൈന്‍. മദ്യം, മദ്യം അടങ്ങിയ ഭക്ഷണം എന്നിവ കഴിക്കുന്നത് ഗുരുതരമായ വിഷബാധയുണ്ടാക്കിയേക്കും. ചിലപ്പോള്‍ കോമയിലേക്കോ മരണത്തിലേക്കോ നയിച്ചേക്കാം.
പൂച്ചകള്‍ക്ക് അസംസ്‌കൃത മുട്ട, മാംസം അല്ലെങ്കില്‍ മത്സ്യം എന്നിവ നല്‍കുന്നത് വളരെ അപകടകരമാണ്. അസംസ്‌കൃത മുട്ടകളില്‍ സാല്‍മൊണെല്ല അല്ലെങ്കില്‍ ഇ-കൊളി അടങ്ങിയിട്ടുണ്ട് ഇത് ഛര്‍ദ്ദി, വയറിളക്കം, അലസത ഒപ്പം ഭക്ഷ്യ വിഷബാധയ്ക്കും കാരണമാകുന്നുണ്ട്. ഇതുപോലെ അസംസ്‌കൃത മാംസത്തിലും മത്സ്യത്തിലും വിഷബാധയുണ്ടാക്കുന്ന ഘടകങ്ങളും അടങ്ങിയിരിക്കാം.
Content Highlights :Know which foods cats should not eat