
സ്വയം പ്രഖ്യാപിത ടൈം ട്രാവലറായ എല്‍വിസ് തോംസണ്‍ നടത്തിയ പ്രവചനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചത്. ഈ വര്‍ഷം ലോകത്ത് സംഭവിക്കാന്‍ പോകുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചാണ് എല്‍വിസ് തോംസണ്‍ പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്.
അതില്‍ ആദ്യത്തെ പ്രവചനം യുഎസിലെ ഒക്ലഹോമയില്‍ വിനാശകരമായ ചുഴലിക്കാറ്റ് ഉണ്ടാകുമെന്നാണ്. ഈ വരുന്ന ഏപ്രില്‍ ആറിന് ചുഴലിക്കാറ്റ് വീശുമെന്നാണ് പ്രവചനം. ഇന്നുവരെ കണ്ടതില്‍വെച്ച് ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായിരിക്കും ഇതെന്നാണ് തോംസണ്‍ അവകാശപ്പെടുന്നത്.
രണ്ടാമത്തെ പ്രവചനം യുഎസില്‍ രണ്ടാം ആഭ്യന്തര യുദ്ധം ഉണ്ടാകുമെന്നാണ്. മെയ് 27-ാം തീയതിയോടെ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നായിരുന്നു എല്‍വിസ് തോംസണ്‍ പ്രവചിച്ചത്. യുദ്ധത്തിന്റെ ഫലമായി ടെക്‌സസ് യുഎസില്‍ നിന്ന് വിട്ട് പോകും. ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ആഗോള സംഘര്‍ഷമുണ്ടാവുമെന്നും അതൊടുവില്‍ അമേരിക്കയെ നാശത്തിലേക്ക് തള്ളിവിടുമെന്നും എല്‍വിസ് പ്രവചിക്കുന്നു.
സെപ്റ്റംബര്‍ ഒന്നിന് 'ചാമ്പ്യന്‍ 'എന്ന പേരുള്ള അന്യഗ്രജീവി ഭൂമിയിലെത്തുമെന്നാണ് അടുത്ത പ്രവചനം. 12,000 മനുഷ്യരെ അവരുടെ സുരക്ഷയ്ക്കായി വാസയോഗ്യമായ മറ്റൊരു ഗ്രഹത്തിലേക്ക് കൊണ്ടുപോകും. ഭൂമിയെ ദ്രോഹിക്കാന്‍ ഉദ്ദേശമുള്ള അപകടകാരികളായ അന്യഗ്രഹജീവികളെ കുറിച്ചും എല്‍വിസ് മുന്നറിയിപ്പ് നല്‍കുന്നു. സെപ്റ്റംബര്‍ 19ന് അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ശക്തിയേറിയ കൊടുങ്കാറ്റ് വീശുമെന്നാണ് എല്‍വിസിന്റെ മറ്റൊരു പ്രവചനം. നവംബര്‍ മൂന്നിന് നീലത്തിമിംഗലത്തേക്കാള്‍ ആറിരട്ടി വലിപ്പമുള്ള സെറീന്‍ ക്രൗണ്‍ എന്ന ഭീമാകാരമായ കടല്‍ ജീവിയെ കണ്ടെത്തുമെന്നും തോംസണ്‍ പ്രവചിച്ചു.
എല്‍വിസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പ്രവചന വീഡിയോ 2.6 കോടിയാളുകളാണ് കണ്ടത്. വീഡിയോയ്ക്ക് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. പ്രവചനത്തെ കളിയാക്കിയും നിരവധി പേര്‍ കമന്റ് ചെയ്തു. വീഡിയോ സേവ് ചെയ്യുകയാണെന്നും ഇതൊന്നും നടന്നില്ലെങ്കില്‍ കേസ് കൊടുക്കുമെന്നും ഒരു ഉപയോക്താവ് കുറിച്ചു.
Content Highlights: 2025 Predictions Time traveler elvis thomson