
ഇതൊരു കഥയാണ്, ഒരു കൊലപാതകത്തിന്റെ കഥ. തന്റെ അമ്പതുകളില്‍ മരിക്കുമെന്ന് പ്രവചിച്ച ഒരു ചൈനീസ് സ്വദേശി, പറഞ്ഞ അതേ പ്രായത്തിൽ തന്നെ മരണമടയുന്നു. പിന്നീടുള്ള അന്വേഷണങ്ങളിൽ അത് ഒരു കൊലപാതകം ആണെന്ന് തെളിയുന്നു. ഇയാള്‍ മരിച്ചതാകട്ടെ സ്വന്തം കാമുകിയുടെ കയ്യാൽ. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നാൻചോങ്ങിൽ ജ്യോത്സ്യനായി ജോലി ചെയ്തിരുന്ന ഷൗ എന്നു പേരുള്ള വ്യക്തിയാണ് കാമുകിയുടെ കയ്യാൽ മരണപ്പെട്ടത്.
തനിക്ക് 60 വയസ് തികയുന്നതിന് മുൻപ് 2017 മെയ് മാസത്തിൽ അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. 'എൻ്റെ 50-കളിൽ ഞാൻ ഒരു ജീവന്മരണ ദുരന്തത്തെ അഭിമുഖീകരിക്കും', ഷൗ ഒരിക്കൽ പ്രവചിച്ചത് ഇങ്ങനെയായിരുന്നു. അത് അങ്ങനെ തന്നെ ഷൗവിന്റെ ജീവിതത്തിൽ നടക്കുകയും ചെയ്തു. താൻ മരിക്കുന്നത് വിഷാംശം ഉള്ളിൽ ചെന്നായിരിക്കും എന്നും അദ്ദേഹത്തിന്റെ പ്രവചനമുണ്ടായിരുന്നു. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ പലതും നടന്നെങ്കിലും എല്ലാം വിഫലമായി മാറി.
പിന്നീട് വൈദ്യപരിശോധനയിൽ നിർണായകമായ വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. പാരാക്വാറ്റ് വിഷബാധയേറ്റായിരുന്നു ഷൗ മരിച്ചത്. ഷൗന്റെ മരണം ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ചതായതുകൊണ്ട് അദ്ദേഹം കൊല്ലപ്പെട്ടതാം എന്ന് കുടുംബത്തിന് സംശയവുമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഷൗ ചുമയ്ക്ക് കുടിച്ചിരുന്ന സിറപ്പിൽ എലിവിഷം കലർന്നിട്ടുണ്ട് എന്ന് കണ്ടെത്തി.
കുടുംബം ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണം ചെന്നെത്തിയത് ഷൗന്റെ കാമുകിയിലേക്കായിരുന്നു. അമ്മയ്ക്ക് ക്യാന്‍സർ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജിംഗ് എന്ന യുവതി ഷൗവിനെ കാണാനെത്തുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഷൗ തന്നെ പലതവണ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചിട്ടുണ്ടെന്നും വിവാഹം കഴിക്കണമെന്ന ആവശ്യം നിരവസിച്ചുവെന്നുമാണ് ജിംഗ് പറയുന്നത്. ഇതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും അവർ പൊലീസിനോട് പറഞ്ഞു.
ചുമയ്ക്കുള്ള മരുന്നില്‍ വിഷം ചേർത്ത് നല്‍കിയതിനൊപ്പം, നാല് ജോഡി അടിവസ്ത്രങ്ങള്‍ വിഷത്തില്‍ മുക്കി ഷൗവിന് കൈമാറുകയും ചെയ്തു. ഈ സിറപ്പ് കുടിച്ചയുടൻ ഷൗവിന് തൊണ്ടയിൽ എന്തോ അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഒപ്പം വിഷം കലർന്ന അടിവസ്ത്രം ധരിക്കുക കൂടെ ചെയ്തതോടെ ആരോഗ്യാവസ്ഥ ഗുരുതരമായെന്നാണ് റിപ്പോർട്ട്. 2024 സെപ്റ്റംബറിൽ, മനഃപൂർവമായ നരഹത്യയ്ക്ക് മിസ് ജിംഗിനെ 14 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.
Content Highlights: Chinese fortune teller who predicted own death poisoned by lover