
എപ്പോഴെങ്കിലുമൊക്കെ എസ്‌കലേറ്ററില്‍ കയറിയിട്ടുളളവരാണ് എല്ലാവരും. അപ്പോള്‍ പടികളുടെ വശങ്ങളില്‍ ചെറിയ ബ്രഷുകള്‍ നീളത്തില്‍ വച്ചിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. അഴുക്കും പൊടിയും ഒക്കെ തുടയ്ക്കാനാണെന്ന് കരുതി ഷൂ പോലും അവയിലിട്ട് ഉരച്ചിട്ടുമുണ്ടാവും. ഷൂ അല്ലെങ്കില്‍ ചെരുപ്പ് വൃത്തിയാക്കാനാണിതെന്ന് എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒരു തെറ്റിദ്ധാരണയാണ്. പക്ഷേ സത്യം അതല്ല, ഈ ബ്രഷുകള്‍ക്ക് അഴുക്കും പൊടിയും തുടയ്ക്കലും വ്യത്തിയാക്കലുമായി യാതൊരു ബന്ധവും ഇല്ല. ഇവ വാസ്തവത്തില്‍ അപകടങ്ങള്‍ തടയാന്‍ രൂപകല്‍പ്പന ചെയ്ത ഒരു സുരക്ഷാ സംവിധാനമാണ്.
എസ്‌കലേറ്റര്‍ ബ്രഷുകളെ സാധാരണ വിളിക്കുന്ന പേരാണ് ' skirt deflectors'. വസ്ത്രങ്ങളുമായി എന്തെങ്കിലും ബന്ധമുള്ളതുകൊണ്ടല്ല അവയെ സ്‌കേര്‍ട്ട് (പാവാട) എന്നൊക്കെ വിളിക്കുന്നത്. മറിച്ച് എസ്‌കലേറ്ററിന്റെ പടികള്‍ക്കിടയിലും സൈഡ് പാനലിനുമിടയിലുള്ള ഇടുങ്ങിയ വിടവിന്റെ പേരാണ് അത്. ഇതൊരു ചെറിയ വിടവല്ലേ എന്നോര്‍ത്ത് അവഗണിക്കുന്നത് ശരിയല്ല. പക്ഷേ അതില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ അത് അപകടമാകും. അത്തരം അപകടങ്ങള്‍ ഒഴിവാക്കാനാണ് ബ്രഷുകള്‍ ഉള്ളത്.
എസ്‌കലേറ്ററുകള്‍ക്ക് പലവിധത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ട്. ചിലത് പടികളുടെ അരികുകളില്‍ നിന്ന് മാറി നില്‍ക്കാന്‍ ആളുകളെ ഓര്‍മിപ്പിക്കുന്ന മഞ്ഞ ബോര്‍ഡുകളാവും. എന്നാല്‍ ബ്രഷുകളാണെങ്കിലോ അവ ഒരു തടസമായി പ്രവൃത്തിക്കുകയും നമ്മുടെ പാദം, ബാഗ്, വസ്ത്രം ഇവയൊക്കെ നേരത്തെ പറഞ്ഞ വിടവിലേക്ക് വീണുപോകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
Content Highlights :Do you know why escalators use brushes on both sides?