
ഒന്നുജീവിച്ചുപോകണമെങ്കില് എന്താ ചെലവ്..കിട്ടുന്ന പണം ഒന്നിനും തികയുന്നില്ല എന്ന് പരാതിപ്പെടാത്ത ഇന്ത്യക്കാര്‍ കുറവായിരിക്കും. കൃത്യമായി മാസശമ്പളം ലഭിക്കുന്നവര്‍ പോലും അതുമതിയാകാതെ സൈഡ് ബിസിനസിലൂടെയും മറ്റും വരുമാനമുണ്ടാക്കാന്‍ മടിക്കാറുമില്ല. ഇപ്പോഴിതാ മാസം 82,000 രൂപ ലഭിക്കുന്നുണ്ടെങ്കിലും ഒന്നിനും തികയുന്നില്ലെന്നും രണ്ടാമതൊരു ജോലി കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടിരിക്കുകയാണ് യുവാവ്. തനിക്ക് ലഭിക്കുന്ന ശമ്പളം ഭവന വായ്പ ഉള്ളതിനാല്‍ കുടുംബത്തെ പോറ്റാന്‍ മതിയാകുന്നില്ലെന്നും മറ്റൊരു വരുമാനം കൂടിയുണ്ടെങ്കിലേ പിടിച്ചുനില്‍ക്കാനാകൂവെന്നും യുവാവ് പറയുന്നു.
കുടുംബത്തെ വിട്ടുനില്‍ക്കാന്‍ സാധിക്കാത്തതിനാലും ചെറിയ നഗരത്തിലാണ് താമസിക്കുന്നത് എന്നതിനാലും രണ്ടാമതൊരു ജോലി കണ്ടുപിടിക്കാനാകുന്നില്ലെന്ന് ഇയാള്‍ പറയുന്നു. അതിനാലാണ് 15000-20,000 രൂപ വരെ ലഭിക്കുന്ന രണ്ടാമതൊരു ജോലി കൂടി കണ്ടെത്താന്‍ യുവാവ് സോഷ്യല്‍ മീഡിയയുടെ സഹായം തേടിയത്. 46 ലക്ഷം രൂപയുടെ ഭവനവായ്പ എടുത്തിട്ടുള്ള ഇയാളുടെ ശമ്പളത്തിന്റഎ ഭൂരിഭാഗവും ഏകദേശം 36,000 രൂപ വായ്പയിലേക്കാണ് പോകുന്നത്.
'ഞാന്‍ 9-6 വരെയാണ് ജോലി ചെയ്യുന്നത്. പ്രതിമാസം 82,000 രൂപയാണ് ശമ്പളം. ഭവനവായ്പയായി വലിയൊരു തുക അടയ്‌ക്കേണ്ടതിനാല്‍ എന്നാല്‍ കുടുംബം നോക്കുന്നതിനായി ഈ ശമ്പളം മതിയാകുന്നില്ല. ശമ്പളത്തിനുപുറമേ വരുമാനം കണ്ടെത്തുന്നതിനായി ഞാന്‍ പുതിയ ആശയങ്ങള്‍ ക്ഷണിക്കുകയാണ്.' യുവാവ് പോസ്റ്റില്‍ കുറിക്കുന്നു. തനിക്കുള്ള കഴിവുകളും ഇയാള്‍ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ഞാന്‍ പൊതുഇടത്തില്‍ സംസാരിക്കുന്നതില്‍ മിടുക്കനാണ്. കസ്റ്റമര്‍ സര്‍വീസ്, കാന്‍വയിലൂടെയുള്ള ഡിസൈനിങ്, പവര്‍ പോയിന്റ്, എന്നിവ അറിയാം. കൂടുതല്‍ അറിവുനേടുന്നതിനായി ചരിത്രവും സാഹിത്യവും വായിക്കാറുണ്ട്. എന്റെ ഷെഡ്യുളിനും നൈപുണ്യത്തിനും അനുസരിച്ച് പുതിയൊരു വരുമാനം ഏകദേശം 15000-20000 രൂപവരെ കണ്ടെത്തുന്നതിനായി എനിക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ സാധിക്കുമോ?' യുവാവ് ചോദിക്കുന്നു.
നിമിഷങ്ങള്‍ക്കുള്ളിലാണ് യുവാവിന്റെ പോസ്റ്റ് വൈറലായത്. പ്രതികരണങ്ങളുമായി നിരവധിപേര്‍ കമന്റ് സെക്ഷനിലെത്തി.ഇത്തരം പ്രതിസന്ധി അഭിമുഖീകരിക്കുന്നതില്‍ യുവാവ് തനിച്ചല്ല എന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങളായിരുന്നു അവയിലേറെയും. എംബിഎ കോളേജില്‍ ഗസ്റ്റ് ലക്ചര്‍ ആയി ജോലിയില്‍ പ്രവേശിക്കുന്നതുള്‍പ്പെടെ നിരവധി നിര്‍ദേശങ്ങളാണ് പലരും യുവാവിന് നല്‍കിയത്.
Content Highlights: Man earning Rs 82,000 a month says it's not enough. Reddit post sparks debate