
പവര്‍ റേഞ്ചേഴ്സിന്‍റെ വേഷത്തിലെത്തി കാര്‍ണിവലിനെത്തിയ മോഷ്ടാവിനെ പിടികൂടി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ബ്രസീലിലെ പൊലീസ് ഉദ്യോഗസ്ഥര്‍. ഫാന്‍സി ഡ്രസിലായിരുന്നു പലരും കാര്‍ണിവലിന് എത്തിയത്. കാര്‍ണിവലില്‍ മോഷ്ടാക്കളുണ്ടാകുമെന്നും ഇവരെ രഹസ്യമായി നിരീക്ഷിക്കാന്‍ വേഷം മാറിയെത്തുന്നതാണ് നല്ലതെന്നും മനസ്സിലാക്കിയ പൊലീസുദ്യോഗസ്ഥര്‍ പവര്‍റേഞ്ചേഴ്സിന്‍റെ വേഷമണിഞ്ഞ് കാര്‍ണിവലിന് എത്തുകയായിരുന്നു.
സാവോ പോളോയിലെ ഇബിരാപുവേര പാർക്കിന് സമീപമായിരുന്നു സംഭവം നടന്നത്. കള്ളനെ രഹസ്യമായി പിന്തുടര്‍ന്ന പൊലീസ് ഒടുവില്‍ ഇയാളെ വലയിലാക്കുക തന്നെ ചെയ്തു. മോഷ്ടാവിൽ നിന്ന് ഏഴ് ഫോണുകള്‍ കണ്ടെടുത്തതായി സാവോ പോളോ ഗവർണർ ടാർസിയോ ഗോമസ് ഡി ഫ്രീറ്റാസ് പറഞ്ഞു. 1990കളിലെ ഷോയിൽ കാണുന്നത് പോലെ ചുവപ്പ്, നീല, മഞ്ഞ, പച്ച തുടങ്ങിയ നിറങ്ങളിലുള്ള വസ്ത്രം ധരിച്ചാണ് പവർറേഞ്ചേഴ്സായി പൊലീസ് എത്തിയത്.
É HORA DE MORFAR! Os Power Rangers da nossa Polícia Civil estão dando mais um show neste Carnaval! Sempre atentos, nossos heróis perceberam a atitude suspeita de uma dupla dentro do bloco e com uma abordagem pra nenhum ranger colocar defeito, prenderam o criminoso e recuperaram… pic.twitter.com/Foxk2j4VlN
— Tarcísio Gomes de Freitas (@tarcisiogdf) March 2, 2025
ഇത്തരം കാര്‍ണിവലുകളില്‍ കവര്‍ച്ചയില്‍ വൈദഗ്ധ്യമുള്ള സംഘങ്ങള്‍ പതിവാണെന്ന് പൊലീസ് പറയുന്നു. എന്തായാലും കാര്‍ണിവലുകളില്‍ പൊലീസ് രഹസ്യ വേഷത്തിലെത്തിയതോടെ മോഷണശ്രമത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്.
പ്രതികളെ പിടികൂടുന്നതിന് പൊലീസുകാർ ഇത്തരത്തിലുള്ള രീതികൾ ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. വാലൻ്റൈൻസ് ദിനത്തിൽ, പെറുവിൻ്റെ തലസ്ഥാനമായ ലിമയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കാപ്പിബാര വേഷം ധരിച്ച് മയക്കുമരുന്ന് റെയ്ഡ് നടത്തുകയും കൊക്കെയ്ൻ, മരിജുവാന എന്നിവ കണ്ടെടുക്കുകയും ചെയ്തിരുന്നു. മുൻപ് മയക്കുമരുന്ന് റെയ്ഡ് നടത്തുന്നതിനിടയിൽ സ്‌പൈഡർമാൻ, ക്യാപ്റ്റൻ അമേരിക്ക, തോർ, ബ്ലാക്ക് വിഡോ തുടങ്ങിയ മാർവൽ കഥാപാത്രങ്ങളായി പൊലീസുദ്യോഗസ്ഥർ വേഷം മാറി കേസന്വേഷിച്ചിട്ടുണ്ട്.
Content Highlights :It's Power Rangers; Police impersonate to catch thief; Social media is great