
പലതരം ഗിന്നസ് റെക്കോർഡുകൾ നാം കേട്ടിട്ടുണ്ട്. അതിൽ മുഖത്ത് ഏറ്റവും കൂടുതൽ രോമമുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു ഇന്ത്യാക്കാരൻ. 18കാരനായ ലളിത് പട്ടീദാറാണ് ഈ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.
ഒരു ചതുരശ്ര സെന്റിമീറ്ററിൽ 201.72 മുടി എന്ന അതിശയിപ്പിക്കുന്ന റെക്കോർഡാണ് ലളിതിന് നേടാനായത്. ഹൈപ്പർട്രൈക്കോസിസ് അഥവാ വേർവൂൾഫ് സിൻഡ്രോം എന്ന അപൂർവ രോഗബാധിതനായ ലളിതിൻ്റെ മുഖത്തിന്റെ 95 ശതമാനത്തിലധികവും രോമങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. റെക്കോർഡുകള്‍ പ്രകാരം, ലോകമെമ്പാടും ആകെ 50 വേർവൂൾഫ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.
ലളിത് ഈ ലോക റെക്കോർഡ് സ്വന്തമാക്കിയിരുന്നുവെങ്കിലും അതിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. സ്കൂൾ കാലഘട്ടത്തിൽ പോലും അത്ര നല്ല അനുഭവങ്ങളായിരുന്നില്ല ലളിതിന് ഉണ്ടായിരുന്നത്. സുഹൃത്തുക്കളും, സഹപാഠികളും രോമം നിറഞ്ഞ തന്റെ ഈ രൂപം കണ്ട് ഭയപ്പെട്ടിരുന്നു എന്ന് ലളിത് ഓർത്തെടുക്കുന്നുണ്ട്. എന്നാൽ കാലക്രമേണ, അവർ രോമങ്ങൾക്കപ്പുറമുള്ള തന്നെ കാണാൻ തുടങ്ങിയെന്നും അവരിൽ നിന്ന് അത്ര വ്യത്യസ്തനല്ല താനെന്ന് മനസിലാക്കിയെന്നും ലളിത് പറയുന്നു.
ഇപ്പോൾ ആളുകളുടെ നോട്ടങ്ങളും മോശം പരാമർശങ്ങളും ഇന്ന് ലളിതിനെ ബാധിക്കുന്നില്ല. 'ഞാൻ എങ്ങനെയാണോ ആ രീതിയിൽ എനിക്കെന്നെ ഇഷ്ടമാണ്. ഈ രൂപം മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഈ വിഷയത്തിൽ ആളുകളോട് കൂടുതലൊന്നും പറയാനില്ല', മുഖത്തെ രോമങ്ങൾ നീക്കം ചെയ്യണമെന്ന് നിർദേശിക്കുന്നവരോട്, ലളിതിന് പറയാനുള്ളത് ഇത്ര മാത്രമാണ്.
രോമം നിറഞ്ഞ തന്റെ രൂപത്തെ പലരും കളിയാക്കുന്നുണ്ടെങ്കിലും കുടുംത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണയാണ് തന്റെ ശക്തിയെന്ന് ലളിത് പറയുന്നു. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ലളിതിന് ഉണ്ട്. തന്റെ രൂപം ഇങ്ങനെ ആണെങ്കിലും വ്യത്യസ്തമായ സംസ്കാരങ്ങളെ കുറിച്ച് പഠിക്കാനുമൊക്കെ ലളിതിന് താൽപര്യമാണ്. ഒരു ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്സാണ് യുവാവിനുള്ളത്. ഒപ്പം ഇൻസ്റ്റഗ്രാമിൽ രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ കൂടിയാണ് ലളിത്.
Content Highlights : Hair all over his face; But he also achieved a Guinness World Record; Indian man says he is happy with the achievement