'ഛാവ' കണ്ടു, പിന്നാലെ കോട്ടയിൽ നിന്ന് സ്വർണം കുഴിച്ചെടുക്കാനിറങ്ങി നാട്ടുകാർ; വലഞ്ഞ് പൊലീസ്, വൈറൽ വീഡിയോ

വിക്കി കൗശലിനെ നായകനാക്കി ഒരുങ്ങിയ ഛാവ എന്ന ചിത്രം കണ്ടതോടെയാണ് മധ്യപ്രദേശിലെ ബുർഹാൻപൂർ ഗ്രാമവാസികൾ നിധി വേട്ടയ്ക്ക് ഇറങ്ങിയത്

dot image

സിനിമകൾ സമൂഹത്തിനെ സ്വാധീനിക്കുമോ ഇല്ലയോ എന്ന ചർച്ചയാണ് നമുക്ക് ചുറ്റം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്നത്. ഒരു സിനിമ കാരണം ഒരു ഗ്രാമം ഒന്നടങ്കം നിധി തപ്പി ഇറങ്ങിയ വാർത്തകളാണ് ദേശീയ മാധ്യമങ്ങളിൽ നിറയുന്നത്. വിക്കി കൗശലിനെ നായകനാക്കി ഒരുങ്ങിയ ഛാവ എന്ന ചിത്രം കണ്ടതോടെയാണ് മധ്യപ്രദേശിലെ ബുർഹാൻപൂർ ഗ്രാമവാസികൾ നിധി വേട്ടയ്ക്ക് ഇറങ്ങിയത്.

ഛത്രപതി സംഭാജി മഹാരാജാവായി വിക്കി കൗശലും ഔറംഗസേബായി അക്ഷയ് ഖന്നയും അഭിനയിച്ച ചിത്രത്തിൽ മറാത്ത സാമ്രാജ്യത്തിൽ നിന്ന് കൊള്ളയടിച്ച സ്വർണവും സമ്പത്തും മുഗൾ രാജാക്കന്മാർ മധ്യപ്രദേശിലെ ബുർഹാൻപൂരിലെ അസിർഗഡ് കോട്ടയ്ക്ക് സമീപം കുഴിച്ചിട്ടതായാണ് കാണിക്കുന്നത്. ഇത് വിശ്വസിച്ച സിനിമ കണ്ട ഗ്രാമവാസികൾ കോട്ടയ്ക്ക് സമീപം സ്വർണത്തിനായി കുഴിച്ച് നോക്കികൊണ്ടിരിക്കുകയാണ് ഇപ്പോൾ.

കോട്ടയ്ക്ക് സമീപത്തെ പാടത്ത് കുഴിച്ചെടുക്കുന്ന മണ്ണുകൾ അരിച്ചും മെറ്റൽ ഡിക്ടറ്റർ ഉപയോഗിച്ചുമാണ് ഗ്രാമവാസികൾ സ്വർണം തപ്പുന്നത്. വെകുന്നേരം 7 മണി മുതൽ പുലർച്ചെ 3 മണി വരെ ടോർച്ചുകളും മെറ്റൽ ഡിറ്റക്ടറുകളും ഉപയോഗിച്ച് അസിർഗഡ് കോട്ടയ്ക്ക് സമീപം ഗ്രാമവാസികൾ കുഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം വൈറലാണ്.

ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് പ്രകാരം, സിനിമ കണ്ട നിരവധി ഗ്രാമീണരാണ്, കോട്ടയ്ക്ക് സമീപം നിധി കണ്ടെത്തുന്നതിനായി ടോർച്ചുകളും മെറ്റൽ ഡിറ്റക്ടറുകളും ഉപയോഗിച്ച് കുഴിക്കാൻ ആരംഭിച്ചത്.

വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ അനധികൃത ഖനനത്തിനെതിരെ പൊലീസ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയിലാണ് ഛാവ സിനിമ റിലീസ് ചെയ്തത്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ചിത്രം ശിവാജി സാവന്തിന്റെ മറാത്തി നോവലായ ഛാവയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്.


ചിത്രത്തിൽ സംഭാജി മഹാരാജായി വിക്കി കൗശൽ എത്തിയപ്പോൾ മഹാറാണി യേശുഭായി രശ്മിക മന്ദന്ന, ഔറംഗസേബ് ആയി അക്ഷയ് ഖന്ന, സർസേനാപതി ഹംബിറാവു മൊഹിതേ ആയി അശുതോഷ് റാണ, അക്ബർ രാജകുമാരനായി നീൽ ഭൂപാലം, സോയാരാബായി ദിവ്യ ദത്ത, എന്നിവരാണ് അഭിനയിച്ചത്.

2025 ലെ ബോളിവുഡിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ കൂടിയാണ് ചിത്രം. മാഡോക്ക് ഫിലിംസിന്റെ കീഴിൽ ദിനേശ് വിജൻ നിർമ്മിച്ച ചിത്രം ഫെബ്രുവരി 14 നാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് മാർച്ച് 7 ന് റിലീസ് ചെയ്യും.

Content Highlights: after watching Vicky Kaushal’s Chhaava Movie Villagers in Burhanpur dig fields for gold coins

dot image
To advertise here,contact us
dot image