
ചൈനയിലെ ഷാങ് ഹായിയിലെ ഒരു കമ്പനിയില്‍ ഹ്യുമന്‍ റിസോഴ്‌സ് മാനേജരായി ജോലി ചെയ്തിരുന്ന യാങ് എന്നയാളാണ് കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് കോടികള്‍ കവര്‍ന്നത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് പ്രകാരം ഈ ടെക് കമ്പനിയുടെ താല്‍ക്കാലിക തൊഴിലാളികളുടെ ശമ്പളം കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്തം എച്ച് ആര്‍ മാനേജരായിരുന്ന യാങ്ങിനായിരുന്നു. ജീവനക്കാരുടെ നിയമനത്തിനും ശമ്പളം നല്‍കുന്നതിലും തനിക്ക് നിയന്ത്രണം കിട്ടിയതോടെ യാങ് അവസരം മുതലാക്കുകയായിരുന്നു.
തുടര്‍ന്ന് യാങ് വ്യാജ ജീവനക്കാരുടെ രേഖകള്‍ സൃഷ്ടിച്ച് അവര്‍ക്ക് വേണ്ടി ശമ്പളത്തിന് അപേക്ഷിച്ചു. ആദ്യം സണ്‍ എന്ന വ്യാജ പേരില്‍ എംപ്ലോയി റെക്കോര്‍ഡ് ഉണ്ടാക്കുകയും അയാള്‍ക്ക് വേണ്ടി ശമ്പളം ആവശ്യപ്പെടുകയായിരുന്നു. ലഭിച്ച ഫണ്ട് അയാള്‍ തന്റെ നിയന്ത്രണത്തിലുളള ബാങ്ക് കാര്‍ഡിലേക്ക് മാറ്റി. സണ്ണിന്റെ ശമ്പളം നിക്ഷേപിക്കാത്തതിന് കാരണം ലേബര്‍ സര്‍വ്വീസ് കമ്പനി അന്വേഷിച്ചപ്പോള്‍ കാലതാമസത്തിന് ടെക് കമ്പനിയെ യാങ് കുറ്റപ്പെടുത്തുകയായിരുന്നു. പിന്നീടാണ് ഇത്തരത്തില്‍ 2014 മുതല്‍ 22 സാങ്കല്‍പ്പിക ജീവനക്കാരുടെ രേഖകള്‍ യാങ് വ്യാജമായി നിര്‍മ്മിച്ച് ശമ്പളത്തിലും പിരിച്ചുവിടല്‍ വേതനത്തിലുമായി 16 ലക്ഷം യുവാന്‍ അതായത് (19,22,42,560 രൂപ) തട്ടിയെടുത്തതായി കണ്ടെത്തിയത്.
2022 ല്‍ ഈ ടെക് കമ്പനിയുടെ ധനകാര്യ വിഭാഗത്തിന് തോന്നിയ സംശയമാണ് വലിയ സാമ്പത്തിക തട്ടിപ്പിലേക്ക് വിരല്‍ചൂണ്ടുന്നത്. ഓഫീസില്‍ ഒരിക്കല്‍ പോലും കാണാതിരുന്ന സണ്ണിന് മുഴുവന്‍ ഹാജര്‍ റെക്കോര്‍ഡ് ഉണ്ടെന്നും എല്ലായ്‌പ്പോഴും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്നും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്.
കമ്പനി അധികൃതരെ അറിയിക്കുകയും ഹാജര്‍ രേഖകളും ബാങ്ക് ഇടപാടുകളും വിശദമായി പരിശോധിക്കുകയും എട്ട് വര്‍ഷങ്ങളായി ഇയാള്‍ നടത്തിയ തട്ടിപ്പ് പുറത്തുവരികയുമായിരുന്നു. തുടര്‍ന്ന് യാങ്ങിന് വ്യാജ ഇടപാട് നടത്തിയതിന് 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. മാത്രമല്ല മോഷ്ടിച്ച ഫണ്ടില്‍ നിന്ന് 1.1 ദശലക്ഷം തിരികെ നല്‍കേണ്ടതായും വന്നു. ഈ മാസം മെയ്‌ലാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്ത ഈ കേസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.
Content Highlights :HR manager earns Rs 19 crore by creating fake employees