പ്രണയത്തിന് കണ്ണില്ലായിരിക്കും,പക്ഷെ വിവാഹച്ചെലവ് കണ്ണുതുറപ്പിക്കും; ചെലവ് കുറയ്ക്കാന്‍ ഈ ദമ്പതികള്‍ ചെയ്തത്

ചെലവു ചുരുക്കാനായത് തങ്ങളുടെ മുന്‍പോട്ടുള്ള ജീവിതച്ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ സഹായിച്ചുവെന്നും ഇവര്‍ അഭിപ്രായപ്പെട്ടു

dot image

പ്രണയത്തിന് കണ്ണില്ലെന്നാണ് പഴഞ്ചൊല്ല് പക്ഷെ പ്രണയത്തിനൊടുവില്‍ വിവാഹം നടത്തുമ്പോള്‍ കണ്ണുവല്ലാതെയങ്ങ് തുറക്കും. ഒരു മധ്യവര്‍ത്തി കുടുംബത്തിന് താങ്ങാനാവുന്നതിന് അപ്പുറമാണ് ഒരു വിവാഹം നടത്തുന്നതിനുള്ള ചെലവ്. സ്വര്‍ണം ഉപേക്ഷിച്ചും, റജിസ്റ്റര്‍ ചെയ്തും ലളിതമായി വിവാഹം കഴിച്ച് ചുരുക്കം ചിലര്‍ മാതൃക സൃഷ്ടിക്കുമ്പോഴും ഇന്‍സ്റ്റയില്‍ റീല്‍സില്‍ താരമാകാനായി സേവ് ദ ഡേറ്റും മെഹന്തിയും സംഗീതും ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുമായി പണംപൊട്ടിക്കുന്നവരാണ് ഏറെയും. അവിടെയാണ് യൂട്യൂബേഴ്‌സും ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സേഴ്‌സുമായ ടാന്യ ഖനിജോയും ഇഷാന്‍ ജോഷിയും വ്യത്യസ്തരാകുന്നത്. കഴിഞ്ഞ നവംബറിലാണ് ഇരുവരും വിവാഹിതരായത്. കോര്‍ട്ട് മാര്യേജിലൂടെയാണ് ഇരുവരും തങ്ങളുടെ ഒന്നിച്ചുള്ള ജീവിതത്തിന് ഔദ്യോഗിക പരിവേഷം നല്‍കിയത്. ആ സന്തോഷത്തില്‍ പങ്കുചേരാന്‍ കുടുംബക്കാരും സുഹൃത്തുക്കളുമായി ഏറ്റവും അടുത്ത കുറച്ചുപേര്‍ മാത്രം. തങ്ങളുടെ വിവാഹച്ചെലവ് കുറയ്ക്കാന്‍ ഇതെത്രത്തോളം സഹായിച്ചെന്ന് വ്യക്തമാക്കുകയാണ് ദി ഇ.ടി. ഷോയിലൂടെ ദമ്പതികള്‍.

വിശ്വസിക്കാനാകുമോ? അഞ്ചുലക്ഷത്തില്‍ താഴെ മാത്രമാണ് തങ്ങള്‍ വിവാഹത്തിനായി ചെലവാക്കിയതെന്ന് പറഞ്ഞുകൊണ്ടാണ് ഇവരുടെ വീഡിയോ ആരംഭിക്കുന്നത്. പ്രണയം അന്ധമാണ്, പക്ഷെ വിവാഹ ബില്‍ നിങ്ങളുടെ കണ്ണുതുറപ്പിക്കും എന്ന കുറിപ്പോടെയാണ് ഇവര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കോടതി ഫീസായി 8000 രൂപയും വധീവരന്മാര്‍ ഉള്‍പ്പെടെ വിവാഹത്തിനെത്തിയവര്‍ക്കായി റൂമുകളെടുക്കാന്‍ ചെലവായത് ഒരു ലക്ഷം രൂപയാണ്. ഹോട്ടലില്‍ തന്നെ തയ്യാറാക്കിയ ഉച്ചഭക്ഷണത്തിനായി ചെലവായത് വെറും 80,000 രൂപയാണ്. പിന്നീട് സുഹൃത്തുക്കള്‍ക്കായി മറ്റൊരു സദ്യയും നല്‍കി. അതിനായി ഏകദേശം 1,88,000 ആയി. ഇതിന്റെ കൂടെ മറ്റുചില ചെലവുകളും ഉണ്ടായിരുന്നു. അങ്ങനെ നോക്കിയാല്‍ പോലും തങ്ങളുടെ വിവാഹത്തിന് അല്പം കൂടുതല്‍ തന്നെ ചെലവായെന്നാണ് ഇവരുടെ വിലയിരുത്തല്‍. പക്ഷെ ഏറ്റവും വേണ്ടപ്പെട്ട വീട്ടുകാരെയും സുഹൃത്തുക്കളെയും നല്ല രീതിയില്‍ തന്നെ തങ്ങള്‍ക്ക് ട്രീറ്റ് ചെയ്യാന്‍ സാധിച്ചുവെന്നും ഇരുവരും പറയുന്നു. അവര്‍ക്ക് വിവാഹം ഇഷ്ടപ്പെട്ടു. ഞങ്ങള്‍ക്കും എല്ലാം ഇഷ്ടപ്പെട്ടു. ഏതായാലും അഞ്ചുലക്ഷത്തിനുള്ളില്‍ താഴെ വിവാഹ ചെലവുകള്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. ചെലവു ചുരുക്കാനായത് തങ്ങളുടെ മുന്‍പോട്ടുള്ള ജീവിതച്ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ സഹായിച്ചുവെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. വേണെങ്കില്‍ രണ്ടു ഹണിമൂണ്‍ ട്രിപ്പുതന്നെ നടത്താം. അതുകൊണ്ട് വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവരോട് കോര്‍ട്ട് മാര്യേജ് ആണ് നല്ലതെന്നുമാത്രമാണ് തങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

സ്വന്തം സന്തോഷത്തേക്കാളുപരി ട്രെന്‍ഡും നാട്ടുകാര്‍ എന്തുപറയും, ധര്‍മക്കല്യാണമെന്ന് വിളിക്കില്ലേ തുടങ്ങിയ സാമൂഹിക ആശങ്കകളുടെ പുറത്താണ് പല മാതാപിതാക്കളും ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടംവാങ്ങിയും വിവാഹം നടത്തുന്നത്. നാടോടുമ്പോള്‍ നടുവെ എന്ന പറഞ്ഞപോലെ വീഡിയോ എടുത്ത് സോഷ്യല്‍മീഡിയ ഫോളോവേഴ്‌സിനെ തൃപ്തിപ്പെടുത്തുന്നതിനായി ചടങ്ങുകളും കൂടി. പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ചെലവുകളെല്ലാം മാതാപിതാക്കള്‍ വഹിക്കുമെങ്കില്‍ ആണ്‍കുട്ടികള്‍ പലരും വിവാഹം നടത്താനായി ലക്ഷങ്ങള്‍ ലോണ്‍ എടുക്കുന്ന അവസ്ഥയാണ്. പുരോഗമനവാദം ഉയര്‍ത്തുന്ന ചെറുപ്പക്കാര്‍ തന്നെയാണ് അന്തസ്സൊട്ടും കുറയാത്ത വിവാഹത്തിനായി കടക്കെണിയില്‍ പോയി അകപ്പെടുന്നതെന്നുകൂടി ഓര്‍ക്കണം. സുഹൃത്തിന്റെ വിവാഹം എത്രത്തോളം ഗംഭീരമാണോ അതിനേക്കാള്‍ ഒരുപടികൂടി അടിപൊളിയാകണം തങ്ങളുടെ വിവാഹം എന്ന ചിന്തയിലാണ് പലരും വിവാഹത്തെ സമീപിക്കുന്നത്. വിവാഹ വീഡിയോകളിലൂടെ വൈറലാകാന്‍ മോഹിക്കുന്നവരും കുറവല്ല. ഇപ്രകാരമൊന്നും ചെയ്യാന്‍ സാധിക്കാതെ വരുന്നവരില്‍ മാനസിക സംഘര്‍ഷവും ആത്മവിശ്വാസക്കുറവും ഉത്കണ്ഠയുമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി മാനിസികാരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

Content Highlights: Influencer couple Tanya Khanijow, Eshan Joshi on choosing court marriage to cut down wedding costs

dot image
To advertise here,contact us
dot image