
സോഷ്യല്‍ മീഡിയയില്‍ 'വൈറലായ' ഡയറ്റ് പിന്തുടര്‍ന്നതിലൂടെ തനിക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ ഇന്‍ഫ്‌ളുവന്‍സര്‍. ഡാലസില്‍ നിന്നുള്ള ഈവ് കാതറിനാണ് മുന്നറിയിപ്പുമായെത്തിയത്. 'കാര്‍ണിവോര്‍ ഡയറ്റാ'ണ് ഇവര്‍ പിന്തുടര്‍ന്നത്. മാസം, മത്സ്യം, മുട്ട, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി മൃഗങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡയറ്റാണ് കാര്‍ണിവോര്‍ ഡയറ്റ്.
പ്രഭാതഭക്ഷണമായി രണ്ടോ മൂന്നോ മുട്ടകളും ഉച്ചഭക്ഷണത്തിന് ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന യോഗര്‍ട്ടും അത്താഴത്തിന് സ്റ്റീക്കും ഉള്‍പ്പടെയാണ് യുവതി കഴിച്ചിരുന്നത്. ഈ ഡയറ്റ് അവസാനം തന്നെ ആശുപത്രിയിലാണ് എത്തിച്ചയെന്ന് ഈവ് പറയുന്നു. പതിവ് പരിശോധനയ്ക്കിടെ മൂത്രത്തിലുള്‍പ്പടെ പ്രോട്ടീന്‍ അളവ് കൂടിയതായി ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈവ് ഇത് അവഗണിച്ച് ഡയറ്റ് തുടര്‍ന്നു. ഇതോടെ ആരോഗ്യാവസ്ഥ വഷളാകുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ മൂത്രത്തില്‍ രക്തം കണ്ടതോടെയാണ് ആശുപത്രിയിലെത്തിയതെന്ന് ഈവ് പറയുന്നു. കിഡ്‌നി സ്റ്റോണ്‍ അടക്കമുള്ള അവസ്ഥയിലെത്തിയിരുന്നു താനെന്നും പ്രോട്ടീന്‍ അമിതമായി കഴിച്ചതാണ് തന്റെ അവസ്ഥയ്ക്ക് കാരണമെന്നും 23-കാരിയായ ഇന്‍ഫ്‌ളുവന്‍സര്‍ വ്യക്തമാക്കി.
ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ ശരീരത്തിലെത്തുന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്നാണ് മായോ ക്ലിനിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. വൃക്ക രോഗികള്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കും. ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണത്തില്‍ നാരുകളുടെ അളവ് കുറവായിരിക്കുമെന്നതിനാല്‍ ഇത് മലബന്ധം, തലവേദന തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാകാം.
മാംസങ്ങളില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലൂള്ള പൂരിത കൊഴുപ്പുകള്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഡയറ്റ് രീതികള്‍ സ്വയം തീരുമാനിക്കാതെ, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്.
Content Highlights: US Influencer Ends Up In Hospital With Kidney Stones After Following Viral Carnivore Diet