ആറ് വര്‍ഷം നീണ്ട വെക്കേഷന്‍, എല്ലാ മാസവും ശമ്പളം; ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി

ഒടുവില്‍ ദീര്‍ഘകാല സേവനത്തിന് അവാര്‍ഡ് നല്‍കാനുള്ള നീക്കത്തിനിടെയാണ് ഇയാള്‍ക്ക് പിടിവീണത്

dot image

ലീവുകളെല്ലാം കൂട്ടിവെച്ച് ഒന്നോ രണ്ടോ ആഴ്ചയൊക്കെ കൂടിപ്പോയാല്‍ ഒരു മാസമൊക്കെ വെക്കേഷന്‍ പോകുന്നവരാണ് നമ്മളൊക്കെ. എന്നാല്‍ ആറ് വര്‍ഷം നീണ്ട വെക്കേഷന്‍ ആസ്വദിക്കാന്‍ പോയ ഒരാളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു സ്പാനിഷ് യുവാവാണ് ആറ് വര്‍ഷത്തോളം ജോലിയില്‍ നിന്ന് മുങ്ങി നടന്നത്. ഒടുവില്‍ ദീര്‍ഘകാല സേവനത്തിന് അവാര്‍ഡ് നല്‍കാനുള്ള നീക്കത്തിനിടെയാണ് ഇയാള്‍ക്ക് പിടിവീണത്.

1990 മുതല്‍ സ്‌പെയിനില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ജാക്വിന്‍ ഗാര്‍ഷ്യ. പ്ലാന്റ് സൂപ്പര്‍വൈസറായായിരുന്നു ജോലിയില്‍ പ്രവേശിച്ചത്. ജോലി ആരംഭിച്ച് 20 വര്‍ഷം തികയുന്ന വേളയില്‍ ജാക്വിന് ദീര്‍ഘകാല സേവനത്തിന് അവാര്‍ഡ് നല്‍കാന്‍ കമ്പനി തീരുമാനിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. അവാര്‍ഡ് നല്‍കാന്‍ ക്ഷണിച്ചിട്ടും എത്താതിരുന്നതോടെ ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു. നീണ്ട അന്വേഷണത്തിനൊടുവിലാണ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ജാക്വിനെ കണ്ടുപിടിച്ചത്.

ജോലി ചെയ്യുന്ന വിഭാഗത്തിലെ രണ്ട് വകുപ്പുകളിലെ മേലുദ്യോഗസ്ഥരുടെ ആശയക്കുഴപ്പം മുതലെടുത്താണ് ജാക്വന്‍ ഗാര്‍ഷ്യ ജോലിയില്‍ നിന്ന് 'രക്ഷപ്പെട്ടത്'. ഇരു വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ മറ്റ് വകുപ്പിന് കീഴിലാണ് ജാക്വിന്‍ ജോലി ചെയ്യുന്നതെന്നാണ് കരുതിയത്. ഈ സമയം വര്‍ഷം 25 ലക്ഷം രൂപയോളമായിരുന്നു ഇയാളുടെ ശമ്പളം.

പിടിവീണതോടെ സര്‍ക്കാര്‍ ജാക്വിനെതിരെ കോടതിയെ സമീപിച്ചു. ജോലി സ്ഥലത്തെ പീഡനമാണ് ജാക്വിനെ കൊണ്ട് ഇത്തരത്തിലൊരു തീരുമാനം എടുപ്പിച്ചതെന്നാണ് ഇയാളുടെ അഭിഭാഷകന്‍ പ്രതികരിച്ചത്. മാത്രമല്ല ജോലിസ്ഥലത്ത് ഇയാള്‍ക്ക് ചെയ്യാന്‍ ജോലിയൊന്നുമുണ്ടായിരുന്നില്ലെന്ന വിചിത്രവാദവും അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സര്‍ക്കാരിന് അനുകൂലമായിരുന്നു കോടതി വിധി. ശമ്പളമായി ലഭിച്ച തുകയ്‌ക്കൊപ്പം വലിയൊരു തുക പിഴയും ജാക്വിന്‍ നല്‍കണമെന്നായിരുന്നു കോടതി വിധി.

Content Highlights: The Spanish Man Who Enjoyed 6 Years Of Vacation While Getting Full Salary

dot image
To advertise here,contact us
dot image