
അരാണ് ബോണസ് മോം? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യൂറോപ്പിലും യുഎസിലുമുള്‍പ്പടെ കേള്‍ക്കുന്ന വാക്കാണ് ബോണസ് മോം എന്നത്. മാതൃത്വത്തെ വിശേഷിപ്പിക്കുന്ന പുതിയ പദമെന്ന് ഒറ്റവാക്കില്‍ ഇതിനെ നിര്‍വചിക്കാം. തികച്ചും പോസിറ്റീവായ ഈ വാക്ക്, തന്റെ പങ്കാളിയുടെ മുന്‍ ബന്ധത്തിലെ കുട്ടികളെ പരിപാലിക്കുന്ന അമ്മമാരെ വിശേഷിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. സിനിമകളിലും സീരിയലിലും കഥകളിലുമൊക്കെ കേട്ട് തഴമ്പിച്ച, സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ട, രണ്ടാനമ്മ എന്ന വിശേഷണത്തിന് പകരമോ അല്ലെങ്കില്‍ ഈ സങ്കല്‍പ്പങ്ങളെ തകര്‍ക്കാനോ 'ബോണസ് മോം' എന്ന പുതിയ പദത്തിനാകുന്നുണ്ട്.
രണ്ടാനമ്മ അല്ലെങ്കില്‍ അമ്മയ്ക്ക് പകരം എന്ന വാക്കിന് പകരമാണ് ബോണസായി ഒരു അമ്മയെന്ന വാക്ക് വരുന്നത്. കുട്ടിയുടെ ജീവിതത്തിലേക്ക് പകരമായെത്തുന്ന ആളല്ല, ഒരു പോസിറ്റീവായ കൂട്ടിച്ചേര്‍ക്കല്‍ എന്നോ സമ്മാനമെന്നോ ഈ സ്ഥാനത്തെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെയാണ് 'സ്റ്റെപ്പ് മോം' എന്ന പദത്തിന് പകരം വന്ന ബോണസ് മോം എന്ന വാക്കിന് ഇത്രയേറെ സ്വീകാര്യത ലഭിച്ചതും.
എപ്പോഴാണ് ബോണസ് മോം എന്ന പദം ഉപയോഗിച്ച് തുടങ്ങിയതെന്ന് വ്യക്തമല്ല. 1990-കളിലോ 2000-ത്തിന്റെ തുടക്കത്തിലോ ആണ് ഈ വാക്ക് പ്രചാരം നേടാന്‍ തുടങ്ങിയത്. വിവാഹമോചനവും പുനര്‍വിവാഹവുമൊക്കെ വര്‍ധിക്കുന്ന സമയത്ത്, വലുതാകുന്ന കുടുംബത്തെ, ബന്ധങ്ങളെ വിശേഷിപ്പിക്കാനുള്ള വാക്കെന്ന നിലയിലാണ് ഈ വാക്ക് ഉപയോഗിച്ച് തുടങ്ങിയതെന്നാണ് കരുതപ്പെടുന്നത്. സോഷ്യല്‍ മീഡിയകളും ഈ വാക്കിന് വലിയ പ്രചാരം ലഭിക്കുന്നതില്‍ പ്രധാന ഘടകമായിട്ടുണ്ട്.
Content Highlights: Who Is A 'Bonus Mom'? Vilified In Fairytales For Centuries