
പ്രതിമാസം ഒന്നര ലക്ഷം രൂപ സമ്പാദിക്കുക എന്നത് പലരെ സംബന്ധിച്ചും ഒരു സ്വപ്‌നമാണ്. എന്നാലിവിടെ ഒരു യുവാവ് തനിക്ക് വലിയ ശമ്പളം ലഭിച്ചിട്ടും ജീവിക്കാന്‍ കഴിയുന്നില്ലെന്ന് പറയുകയാണ്. ബെംഗളൂരു നിവാസിയായ യുവാവ് സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ അനുഭവം പങ്കുവച്ചത്. തന്റെ പ്രതിശ്രുത വധുവിനൊപ്പം ബംഗളൂരുവില്‍ താമസിക്കുകയാണ് 26 വയസുകാരനായ ഈ യുവാവ്.
മാസം ഒന്നര ലക്ഷം രൂപയാണ് തനിക്ക് ശമ്പളമെന്നും ചെലവുകള്‍, ഇഎംഐ, കുടുംബ ബാധ്യത എന്നിവയ്ക്കെല്ലാം ചെലവഴിച്ച ശേഷം തന്റെ പ്രതിമാസ സമ്പാദ്യം 30,000- 40,000 രൂപ വരെ മാത്രമാണെന്നും ഇയാള്‍ പറയുന്നു. ജോലി നഷ്ടപ്പെട്ടാല്‍ പിന്നെ പറയുകയും വേണ്ട. ഇത്രയും വരുമാനമുണ്ടായിട്ടും താനും പ്രതിശ്രുത വധുവും പെയിങ് ഗസ്റ്റായി താമസിക്കുകയാണന്നും വീട്ട് വാടക താങ്ങാന്‍ സാധിക്കുന്നില്ലെന്നും ഇയാള്‍ പറയുന്നു. ഭക്ഷണം, ആരോഗ്യ സംരക്ഷണം, ഗതാഗതം അങ്ങനെ ചെലവുകള്‍ ധാരാളമാണ്.
കുട്ടിക്കാലത്ത് ഇത്രയും തുക സമ്പാദിക്കുന്നതും ബെംഗളൂരുവില്‍ താമസിക്കുന്നതും ഒരു സ്വപ്‌നമായിരുന്നു. എന്നാല്‍ ആഗ്രഹിച്ച ജീവിതം ലഭിച്ചിട്ടും ഒരു ദിവസം പെട്ടെന്ന് പൊട്ടിപ്പോകുന്ന ദുര്‍ബലമായ പൂക്കുല പോലെയാണ് ജീവിതമെന്ന് തോന്നുന്നതായും ഈ ചെറുപ്പക്കാരന്‍ പറയുന്നു. ഇയാളുടെ പോസ്റ്റിന് താഴെ ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന പലരും തങ്ങളുടെ അനുഭവം പങ്കുവയ്ക്കുകയുണ്ടായി. 2021 മുതല്‍ 2024 വരെ ബെംഗളൂരുവിലെ വാടക പലയിടങ്ങളിലും 76 ശതമാനമെങ്കിലും വര്‍ദ്ധിച്ചിട്ടുണ്ട്. നിരവധി യുവ പ്രൊഫഷണലുകള്‍ക്ക് ബെംഗളൂരു ഒരു സ്വപ്‌ന നഗരമല്ല മറിച്ച് അതിജീവനത്തിനുളള ഇടമാണ്.
Content Highlights :A young man from Bengaluru shared his experience regarding the rising cost of living