
ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിതാ വില്യംസും വില്‍മോറും ഭൂമിയില്‍ തിരിച്ചെത്തിയത് ആഘോഷമാക്കുകയാണ് ലോകം മുഴുവന്‍. ഒന്‍പത് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് പോയ സുനിതയും വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു.
അമേരിക്കയിലെ ക്ഷേത്രത്തില്‍ പ്രാര്‍ഥനയോടെയാണ് സുനിതയുടെ കുടുംബം തിരിച്ചുവരവ് ആഘോഷിച്ചത്. എല്ലാം ഭംഗിയായി കലാശിച്ചതിന് ദൈവത്തിന് നന്ദിപറയാനായി തങ്ങള്‍ ക്ഷേത്രത്തില്‍ പോയിരുന്നതായി സുനിതയുടെ സഹോദര ഭാര്യ ഫാല്‍ഗുനി പാണ്ഡ്യ മാധ്യമങ്ങളോട് പറഞ്ഞു.' സുനിതയുടെ തിരിച്ചുവരവ് ആഘോഷിക്കാനായി ഞങ്ങളുടെ കുടുംബ ക്ഷേത്രത്തില്‍ ഒരു പ്രത്യേക പ്രാര്‍ഥനയും ഹോമവും നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്, യുഎസിലുളള ഞങ്ങളുടെ കുടുംബാംഗങ്ങളെല്ലാം സുനിതയോടൊപ്പം ക്ഷേത്രത്തില്‍ പോകും എല്ലാത്തിനും ദൈവത്തിന് നന്ദി പറയും' ഫാല്‍ഗുനി പാണ്ഡ്യ പറയുന്നു. മാത്രമല്ല അവര്‍ സുനിതയുടെ കരുത്തിനെ പ്രശംസിക്കുകയും നിരവധി അനിശ്ചിതത്വങ്ങളും പ്രതിബന്ധങ്ങളും ഉണ്ടായിട്ടും അതിനെയെല്ലാം മറികടന്നെത്തിയെ അവരെ പ്രശംസിക്കാതെ വയ്യെന്ന് പറയുകയും ചെയ്തു.
സുനിതയുടെ കുടുംബത്തിന്റെ ആഹ്ലാദവും ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ 2016 ല്‍ സുനിത വില്യംസ് നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗങ്ങള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയില്‍ താന്‍ ഭഗവത്ഗീത കൊണ്ടുപോയിരുന്നുവെന്നും ഇനി പോയാല്‍ കൊണ്ടുപോകാന്‍ ആഗ്രഹമുള്ളത് ഗണപതിയുടെ ചെറിയ വിഗ്രഹമാണെന്നും അവര്‍ എന്‍ഡിടിവി യോട് പറഞ്ഞിരുന്നു. ഗണപതി ഭഗവാന്‍ തനിക്കൊപ്പമുണ്ടെന്നും തന്നെ കൈപിടിച്ച് നടത്തുന്നത് ഭഗവാനാണെന്നും താന്‍ ഗണപതിയുടെ തികഞ്ഞ ഭക്തയാണെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അഭിമുഖത്തില്‍ പറഞ്ഞതുപോലെ അവര്‍ ഗണപതി വിഗ്രഹം കൊണ്ടുപോയിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല ബഹിരാകാശ യാത്രയ്ക്ക് മുന്‍പ് വീടിനെ ഓര്‍മിപ്പിക്കുന്നത് എന്താണെന്ന ചോദ്യത്തിന് മറുപടിയായി സമോസ കാണുമ്പോളെല്ലാം തനിക്ക് വീട് ഓര്‍മ വരുമെന്നും താന്‍ കടുത്ത സമോസ പ്രേമിയാണെന്നും സുനിത പറയുകയുണ്ടായി. മാത്രമല്ല ബഹിരാകാശ നിലയത്തിലേക്കുളള യാത്രയില്‍ സമോസ പായ്ക്ക് ചെയ്ത് നാസ കൊടുത്തുവിടുകയും ചെയ്തു.
ഗുജറാത്തിലെ മെഹ്‌സാനയില്‍നിന്ന് 1957 ലാണ് സുനിതാ വില്യംസിന്റെ പിതാവ് ദീപക് പാണ്ഡ്യ യുഎസിലേക്ക് കുടിയേറിയത്. സുനിത സുരക്ഷിതമായി ഭൂമിയിലെത്താന്‍ പ്രാര്‍ഥനകളോടെയാണ് ഗുജറാത്തിലെ മെഹ്‌സാന ഗ്രാമം കാത്തിരുന്നത്.സുനിതയുടെ തിരിച്ചുവരവ് ദീപാവലിയെന്ന പോലെയാണ് ഗ്രാമം അത് ആഘോഷമാക്കിയത്. സുനിത സാധാരണ ജീവിതത്തിലേക്ക് മടങ്ങിയാലുടന്‍ പിതാവിന്റെ നാട്ടിലേക്ക് ക്ഷണിക്കാനാണ് ഗ്രാമവാസികള്‍ തീരുമാനിച്ചിരിക്കുന്നതും.
Content Highlights :This is how Sunita Williams' family plans to celebrate her return