
യൂട്യൂബ് ട്യൂട്ടോറിയല്‍ കണ്ട് സ്വയം ശസ്ത്രക്രിയ നടത്തിയ 32കാരനായ യുവാവ് ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം. ബിസിനസ് അഡ്മിനിസ്‌ട്രേറ്റീവായ രാജ ബാബു കുറച്ചുനാളുകളായി അസഹനീയമായ വയറുവേദന അനുഭവിക്കുകയായിരുന്നു. നിരവധി ആശുപത്രികളില്‍ കയറി ഇറങ്ങുകയും ധാരാളം ഡോക്ടര്‍മാരെ കാണുകയും ചെയ്തു. എന്നാല്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്തിട്ടു പോലും അദ്ദേഹത്തിന്റെ രോഗമെന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം സ്വയം ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിക്കുന്നത്. ശസ്ത്രക്രിയക്ക് ആവശ്യമായ ഒരു ബ്ലേഡ്, ഒരു സെഡേറ്റീവ് ഇഞ്ചക്ഷന്‍, ഒരു സൂചി, സ്വയം തുന്നിച്ചേര്‍ക്കാന്‍ പ്ലാസ്റ്റിക് നൂല്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കള്‍ അദ്ദേഹം വാങ്ങിച്ചു.
വേദന സഹിക്കാന്‍ പറ്റാതായപ്പോള്‍ രാജാ ബാബു വയറ്റില്‍ ശസ്ത്രക്രിയ ചെയ്യുന്നതെങ്ങനെ എന്ന് യൂട്യൂബില്‍ തിരഞ്ഞു. അതിന് ശേഷം അദ്ദേഹം മെഡിക്കല്‍ സ്റ്റോറിലെത്തി ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി. സര്‍ജിക്കല്‍ ബ്ലേഡും അനസ്തീഷ്യയ്ക്കുള്ള മരുന്നും സൂചികളും തുന്നാനുള്ള നൂലുകളും വാങ്ങി. കഴിഞ്ഞ ബുധനാഴ്ചയാണ് രാജാ ബാബു ശസ്ത്രക്രിയയ്ക്കായി തിരഞ്ഞെടുത്ത ദിവസം.
'കഴിഞ്ഞ നാല് മാസമായി തനിക്ക് വേദന അനുഭവപ്പെടുന്നുണ്ടെന്നും, ഡോക്ടര്‍മാര്‍ക്ക് അതിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും രാജ ബാബു പറഞ്ഞു. അള്‍ട്രാസൗണ്ട് സ്‌കാന്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. അതിനാല്‍ എന്താണ് തനിക്ക് പ്രശ്‌നമെന്ന് അറിയാന്‍ സ്വയം ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു'. വയറ്റില്‍ നിന്ന് 'എന്തോ' പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
രാജാ ബാബുവിന്റെ നിലവിളി കേട്ടെത്തിയ ബന്ധുക്കളാണ് അദ്ദേഹത്തെ ജില്ലാ ജോയിന്റെ ഹോസ്പിറ്റലില്‍ എത്തിച്ചത്. അവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അദ്ദേഹത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ആഗ്ര എസ്എന്‍ ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തു. രാജ ബാബുവിന് 15 വര്‍ഷം മുമ്പ് അപ്പെന്‍ഡിസൈറ്റിസ് എന്ന രോഗത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു, ഇപ്പോള്‍ സ്വയം ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് ഏഴിഞ്ചോളം വലുപ്പമുള്ള മുറിവുണ്ട്. അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്-ജില്ലാ ആശുപത്രിയിലെ ഒരു ഡോക്ടര്‍ പറഞ്ഞു. രാജ ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.
Content Highlights: man operates on himself after watching you tube videos lands in hospital with serious complications