
ജനന നിരക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലളിതമാക്കി ചൈന. ചൈനയില്‍ വിവാഹം കുറഞ്ഞതോടെയാണ് പുതിയ നിയമവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. വിവാഹ രജിസ്‌ട്രേഷന് ദമ്പതികള്‍ക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടാണ് പുതിയ നീക്കം. കുടുംബത്തിന് പ്രധാന്യം നല്‍കുന്ന സമൂഹത്തില്‍ വിവാഹത്തിന് പുറത്ത് കുട്ടികളുണ്ടാകുന്നതിനുള്ള സാധ്യത തീരെ കുറവാണ്. വിവാഹം കുറയുന്നത് തടയുന്നതിനും ജനന നിരക്ക് പ്രോത്സാഹിപ്പിക്കുന്നതിനുമായി നിരവധി നടപടികള്‍ ചൈന നേരത്തേയും കൈകൊണ്ടിരിന്നു.
പുതിയ നിയമങ്ങള്‍ പ്രകാരം ദമ്പതികള്‍ എവിടെയാണോ ജീവിക്കുന്നത് അവിടെ തന്നെ അവര്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാനായി സാധിക്കും. ജോലിയുടെ ഭാഗമായോ മറ്റോ ജന്മനാട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് അധികൃതര്‍ പറയുന്നു. നേരത്തേ വിവാഹം കഴിച്ചാല്‍ ദമ്പതികള്‍ക്ക് ജന്മനാട്ടിലെത്തി അത് രജിസ്റ്റര്‍ ചെയ്യേണ്ടി വന്നിരുന്നു. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയിരുന്നത്. ഇനി മുതല്‍ ചൈനയില്‍ എവിടെ വേണമെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.
സമ്പദ്ഘടനയില്‍ ചാഞ്ചാട്ടമുണ്ടായതോടെ യുവാക്കള്‍ പലരും വിവാഹത്തോട് മുഖം തിരിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വിവാഹങ്ങളുടെ എണ്ണത്തില്‍ അഞ്ചിലൊന്ന് കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത് ജനസംഖ്യ കുറയുന്നതിലേക്കും നയിച്ചു. രജിസ്‌ട്രേഷന്‍ ലളിതമാക്കിയതിന് പുറമേ വിവാഹ ആചാരങ്ങളായ സ്ത്രീധനം, വിവാഹത്തെ തുടര്‍ന്നുള്ള അനാവശ്യ ചെലവുകള്‍ എന്നിവ നിയന്ത്രിക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. നമ്മുടെ നാട്ടിലേതുപോലെ വിവാഹത്തിന് പെണ്‍വീട്ടുകാരല്ല സ്ത്രീധനം നല്‍കേണ്ടത് മറിച്ച് ചെറുക്കന്റെ വീട്ടുകാരാണ് പെണ്‍വീട്ടുകാര്‍ക്ക് വലിയൊരു തുക സ്ത്രീധനമായി നല്‍കികൊണ്ടിരുന്നത്. പലപ്പോഴും പെണ്‍വീട്ടുകാര്‍ വലിയ തുകയാണ് ആവശ്യപ്പെടാറുള്ളത്. ഇത് വരന്റെ വീട്ടുകാര്‍ക്ക് വലിയ സമ്മര്‍ദമാണ് ഉണ്ടാക്കാറുള്ളത്.
ചൈനക്കാര്‍ കുട്ടികളെ വേണ്ടെന്ന് വച്ചതില്‍ വേറെയും ചില ഘടകങ്ങളുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പണച്ചെലവാണ്. ഡേകെയര്‍, സ്വകാര്യ ട്യൂഷന്‍ എന്നിവയ്ക്കും ധാരാളം പണം ആവശ്യമാണ്. ഇതെല്ലാം വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് കരുതിയാണ് പലരും കുട്ടികള്‍ വേണ്ട, അല്ലെങ്കില്‍ വിവാഹമേ വേണ്ട എന്ന നിലപാടിലെത്തിയത്.
Content Highlights: China eases marriage rules to boost births, cut costs for couples tying knot