വിവാഹം ലളിതമാക്കാന്‍ ജീന്‍സും ഷര്‍ട്ടും ധരിച്ചു; ട്രോളോട് ട്രോള്‍, സുഹൃത്തുക്കളും കുടുംബാംഗങ്ങളും വരെ പിണങ്ങി

വിവാഹം ലളിതമാക്കിയതിന്റെ പേരില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വരെ നഷ്ടപ്പെട്ടെന്ന തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസില്‍ നിന്നുള്ള 22കാരി

dot image

ഡംബരത്തിന്റെ പേരില്‍ പണം പൊടിപൊടിക്കാതെ ലളിത വിവാഹങ്ങള്‍ക്ക് പിന്നാലെ പോകുന്ന ഒരു ചെറിയ വിഭാഗം യുവതലമുറ നമുക്കിടയില്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ വിവാഹം ലളിതമാക്കിയതിന്റെ പേരില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വരെ നഷ്ടപ്പെട്ടെന്ന തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസില്‍ നിന്നുള്ള 22കാരി എമീ ബാരന്‍.

ഈ വര്‍ഷം വെസ്റ്റ് വെര്‍ജീനിയയിലുള്ള പബ്ലിക് ലൈബ്രററിയില്‍ വച്ചാണ് എമീ ബാരനും പങ്കാളി ഹണ്ടറും വിവാഹിതരാകുന്നത്. വിവാഹച്ചെലവുകള്‍ 1000 ഡോളറിന് (ഏകദേശം 86,000രൂപ)മുകളിലേക്ക് പോകരുതെന്ന് ഇരുവര്‍ക്കും നിര്‍ബന്ധമായിരുന്നു. വിവാഹം ചെലവുചുരുക്കിയും അനാര്‍ഭാടത്തോടെയും നടത്തുക എന്ന ലക്ഷ്യത്തോടെ യുവതിയും പങ്കാളിയും പരമ്പരാഗത വിവാഹ വസ്ത്രങ്ങള്‍ പോലും വേണ്ടെന്നുവച്ചു. പകരം സാധാരണ വേഷമായ ജീന്‍സും ഷര്‍ട്ടുമായിരുന്നു ഇരുവരുടെയും വേഷം.

വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈകാതെ എമി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഫെയ്‌റിടെയ്ല്‍ എന്ന കുറിപ്പോടെയാണ് ജീവിതത്തിലെ ആ മനോഹര ദിവസത്തെ അവര്‍ അടയാളപ്പെടുത്തിയത്. നിരവധി പേര്‍ ദമ്പതികളെ അഭിനന്ദിച്ച് രംഗത്തെത്തിയെങ്കിലും അതിലധികം പേര്‍ അതിനെ വിമര്‍ശിച്ചും രംഗത്തെത്തി. എന്നാല്‍ അത് സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല.

വിവാഹത്തിന് മുന്‍പേ ഇക്കാര്യം പ്രിയപ്പെട്ടവരോട് പങ്കുവച്ചെന്നും എന്നാല്‍ പലരും അതിനെ അനുകൂലിച്ചില്ലെന്നും എമി പറയുന്നു. ഈ തീരുമാനത്തില്‍ പശ്ചാത്തപിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടപ്പോള്‍ ഈ തീരുമാനത്തെ പ്രിയപ്പെട്ടവര്‍ പിന്തുണച്ചില്ലെന്നും എമി പറയുന്നു. വിവാഹത്തിന് ശേഷവും നിരവധി നെഗറ്റീവ് മെസേജുകള്‍ ലഭിച്ചതായി അവര്‍ പറയുന്നു. ജീവിതത്തില്‍ നിന്നുതന്നെ പലരെയും ഒഴിവാക്കാനുള്ള തീരുമാനം പോലും എടുക്കേണ്ടി വന്നെന്നും അവര്‍ തുറന്നുപറഞ്ഞു.

എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്തൊക്കെ സംഭവിച്ചാലും പ്രിയപ്പെട്ട ദിവസത്തെ മനോഹരമാക്കാന്‍ തങ്ങളെടുത്ത തീരുമാനത്തില്‍ സന്തുഷ്ടരാണെന്നും എമി പറയുന്നു.

Content Highlights: US couple wears jeans to their wedding, gets trolled

dot image
To advertise here,contact us
dot image