
ഭാരത് ജെയിന്‍, ഇന്ത്യയിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരന്റെ പേരാണ് ഇത്. 7.5 കോടിയാണ് ഇയാളുടെ ആസ്തി. ഭിക്ഷയെത്ത് ജീവിക്കുന്നവരുടെ ബാങ്ക് ബാലന്‍സിന്റെയും സ്വത്തുക്കളുടെയും കഥയൊക്കെ മുമ്പും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ധനികനായ ഭിക്ഷക്കാരന്റെ പേര് പുറത്തുവിട്ടിരിക്കുന്നത്.
മുംബൈയിലെ തിരക്കേറിയ ഇടങ്ങളിലാണ് ജെയിന്‍ ഭിക്ഷയെടുക്കുന്നത്. നഗരത്തില്‍ പലയിടത്തും ജെയിന് ഫ്‌ളാറ്റുകളും കടകളും ഉള്‍പ്പടെയുണ്ട്. മാത്രമല്ല കാര്യമായ ബാങ്ക് ബാലന്‍സും അദ്ദേഹത്തിനുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടേറിയ കുടുംബത്തിലാണ് ജെയിന്‍ ജനിച്ചത്. പട്ടിണിയുടെയും കഷ്ടപ്പാടിന്റെയുമിടയില്‍ വിദ്യാഭ്യാസം നേടാനും അദ്ദേഹത്തിനായില്ല. തുടര്‍ന്നാണ് ഉപജീവനമാര്‍ഗമായി ഭിക്ഷാടനം സ്വീകരിച്ചത്. 40 വര്‍ഷമായി ഭിക്ഷയെടുത്താണ് തന്റെ കുടുംബത്തെ നോക്കുന്നതെന്ന് ജെയിന്‍ പറുയന്നു. ഒരു ദിവസം 2000 മുതല്‍ 2500 രൂപ വരെ ലഭിക്കും. ദിവസേന 10-12 മണിക്കൂറാണ് ജോലി ചെയ്യുന്നത്.
1.4 കോടി വിലമതിക്കുന്ന ഫ്‌ളാറ്റുകളിലാണ് ജെയിനും ഭാര്യയും രണ്ട് ആണ്‍മക്കളും പിതാവും സഹോദരനും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. താനെയില്‍ രണ്ട് കടകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. 30,000 രൂപ വീതമാണ് കടമുറിക്ക് പ്രതിമാസ വരുമാനമായി ലഭിക്കുന്നത്. തന്റെ മക്കള്‍ നഗരത്തിലെ പ്രശസ്തമായ കോണ്‍വെന്റ് സ്‌കൂളിലാണ് പഠിച്ചതെന്നും പഠന ശേഷം കുടുംബത്തിന്റെ സ്റ്റേഷനറി സ്‌റ്റോര്‍ നോക്കി നടത്തുകയാണെന്നും ജെയിന്‍ പറഞ്ഞു. താന്‍ അത്യാഗ്രഹിയല്ലെന്നും, ക്ഷേത്രങ്ങളിലേക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി നല്ലൊരു തുക മാസം സംഭാവന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.
ദ എന്റര്‍പ്രൈസ് വേള്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കൊല്‍ക്കത്തയിലുള്ള ലക്ഷ്മി ദാസാണ് രാജ്യത്തെ മറ്റൊരു ധനികനായ ഭിക്ഷക്കാരന്‍. ഒരു കോടിയാണ് ഇയാളുടെ ആസ്തി. രാജ്യത്താകമാനം സ്ഥിരമായി ഭിക്ഷാടനം നടത്തുന്ന നാല് ലക്ഷത്തിലധികം പേരുണ്ടെന്നാണ് കണക്ക്.
Content Highlights: This Indian man is the world's richest beggar