
ഏറ്റവും അടുത്ത സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കണമെങ്കില്‍ പണം നല്‍കണമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ എന്തുചെയ്യും? ഇത്തരമൊരു അനുഭവമാണ് യുകെ സ്വദേശിയായ യുവതി പങ്കുവെക്കുന്നത്. യുവതിയുടെ ബെസ്റ്റ് ഫ്രണ്ടായ മേഗന്‍ അവരെ വിവാഹത്തിന് ക്ഷണിച്ചു. ബ്രൈഡ്‌സ്‌മെയ്ഡ് ആകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെയാണ് 'ബ്രൈഡ്‌സ് മെയ്ഡ് പാക്കേജ്' വ്യക്തമാക്കി യുവതിക്ക് ഇമെയില്‍ ലഭിക്കുന്നത്.
സ്‌കൂള്‍ കാലം മുതല്‍ തന്റെ അടുത്ത സുഹൃത്തായ മേഗന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു താനെന്നും എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം ലഭിച്ച ഇമെയില്‍ കണ്ട് ഞെട്ടിയെന്നുമാണ് യുവതി പറയുന്നത്. വിവാഹത്തിന് ബ്രൈഡ്‌സ് മെയ്ഡായി എത്തുന്നവര്‍ നല്‍കേണ്ട തുകയെ കുറിച്ചാണ് ഇമെയിലില്‍ പറഞ്ഞിരുന്നത്.
ഇവരുടെ വസ്ത്രങ്ങള്‍, മേക്കപ്പ്, വധുവിന് നല്‍കേണ്ട സമ്മാനം, ബാച്ചിലര്‍ പാര്‍ട്ടിക്കായുള്ള ഡെപ്പോസിറ്റ് തുടങ്ങി 70,000 രൂപയോളമായിരുന്നു ഇവര്‍ നല്‍കേണ്ടത്. താന്‍ ഉടന്‍ തന്നെ മേഗനുമായി ബന്ധപ്പെട്ടെന്നും, ഈ തുകയെ കുറിച്ച് സംസാരിച്ചെന്നും യുവതി പറയുന്നു. തനിക്ക് ഈ തുക നല്‍കാനാകില്ലെന്നും അറിയിച്ചു. എന്നാല്‍ മേഗന്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നും, ഇപ്പോഴത്തെ വിവാഹങ്ങളില്‍ ഇതൊക്കെ സാധാരണമാണെന്ന് അറിയിക്കുകയാണ് ചെയ്തതെന്നും യുവതി റെഡ്ഡിറ്റില്‍ കുറിച്ചു. മാത്രമല്ല തുക നല്‍കാന്‍ കഴിയില്ലെങ്കില്‍ കുഴപ്പമില്ലെന്നും എന്നുവെച്ച് തന്റെ പ്ലാന്‍ മാറ്റാന്‍ സാധിക്കില്ലെന്നും വധു അറിയിച്ചതായും യുവതി പറയുന്നു.
യുവതിയുടെ കുറിപ്പ് റെഡ്ഡിറ്റില്‍ വാദപ്രതിവാദങ്ങള്‍ക്ക് തുടക്കമിട്ടു. സുഹൃത്തുക്കളോട് ഇത്തരത്തില്‍ തുക ആവശ്യപ്പെട്ടത് ശരിയായില്ലെന്നാണ് ഒരുവിഭാഗം പറയുന്നത്. എന്നാല്‍ വസ്ത്രങ്ങള്‍ക്കും മേപ്പപ്പിനുമൊക്കെയല്ലെ തുക ചോദിച്ചതെന്നും ഇതില്‍ തെറ്റൊന്നുമില്ലെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. വിവാഹങ്ങള്‍ ചെലവേറിയതാണ്, എന്നാല്‍ സുഹൃത്തുക്കള്‍ക്ക് മേല്‍ ഇത്തരത്തില്‍ സാമ്പത്തിക സമ്മര്‍ദ്ദമുണ്ടാക്കുന്നത് ശരിയല്ലെന്നാണ് ചിലര്‍ കുറിച്ചത്.
Content Highlights: Woman Backs Out Of Best Friend's Wedding After Receiving Rs 70,000 Attending Cost