കഷ്ടപ്പെട്ട് നേടിയ 'ഡ്രീം ജോബ്', ഉയര്‍ന്ന ശമ്പളമുള്ള ജോലി നഷ്ടപ്പെടുത്തിയത് ഈ ശീലം; അനുഭവം പറഞ്ഞ് യുവാവ്

തന്നെ സ്വയം വിഡ്ഢി എന്ന് വിശേഷിപ്പിച്ചാണ് യുവാവ് അനുഭവം പറയുന്നത്.

dot image

ജോലിയിലെ പ്രശ്‌നങ്ങളും ജോലിസ്ഥലങ്ങളില്‍ നേരിടുന്ന ആശങ്കകളും പങ്കുവെക്കപ്പെടുന്ന ഒരു ജനപ്രിയ പ്ലാറ്റ്‌ഫോമായി റെഡ്ഡിറ്റ് അടുത്തിടെ മാറിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം തന്റെ 'ശ്രദ്ധയില്ലായ്മ' കൊണ്ട് ഉയര്‍ന്ന ശമ്പളമുള്ള ജോലി നഷ്ടമായതിനെ കുറിച്ചാണ് ഒരു യുവാവ് പങ്കുവെച്ചത്. തന്നെ സ്വയം വിഡ്ഢി എന്ന് വിശേഷിപ്പിച്ചാണ് യുവാവ് അനുഭവം പറയുന്നത്.

രാത്രി ശരിയായ സമയത്ത് ഉറങ്ങാതെ, ഏറെ നേരം സോഷ്യല്‍മീഡിയയില്‍ സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കുന്ന തന്റെ ശീലമാണ് 'ഡ്രീം ജോബ്' നഷ്ടപ്പെടാന്‍ കാരണമായതെന്ന് യുവാവ് റെഡ്ഡിറ്റ് പോസ്റ്റില്‍ പറയുന്നു. നിരവധി കമ്പനികളില്‍ അപേക്ഷിക്കുകയും അഭിമുഖങ്ങളില്‍ പങ്കെടുക്കുകയുമൊക്കെ ചെയ്തതിന് ഒടുവിലാണ് ഉയര്‍ന്ന ശമ്പളമുള്ള ജോലി ഇയാള്‍ക്ക് ലഭിച്ചത്. വീട്ടിലിരുന്നായിരുന്നു ജോലി ചെയ്യേണ്ടത്. സ്വപ്‌നതുല്യമായ ജോലിയെന്നാണ് ഇതിനെ യുവാവ് വിശേഷിപ്പിച്ചത്. എന്നാല്‍ സോഷ്യല്‍മീഡിയ ഉപയോഗവും ചാറ്റിങും ഒക്കെയായി ദിവസേനയുള്ള വൈകി ഉറക്കം തന്റെ ജോലി നഷ്ടപ്പെടുന്നതിന് വരെ കാരണമായെന്ന് യുവാവ് പറുന്നു.

ഇങ്ങനെ പല ദിവസവും ശരിയായ സമയത്ത് എഴുന്നേല്‍ക്കാന്‍ കഴിയാതെ വരും. ജോലിക്ക് കയറാന്‍ 10-15 മിനിറ്റ് താമസിക്കുകയും ചെയ്യുമായിരുന്നു. ഇത്തരത്തില്‍ കുറച്ചുതവണ സംഭവിച്ചു. തന്റെ വൈകിയുള്ള ലോഗിന്‍ ശ്രദ്ധിച്ച മാനേജര്‍ ഇക്കാര്യം വിളിച്ച് അന്വേഷിക്കുകയായിരുന്നുവെന്നും താന്‍ തന്റെ ബോസിനോട് കള്ളം പറഞ്ഞുവെന്നും യുവാവ് കുറിച്ചു.

സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ജോലി ആരംഭിക്കാന്‍ വൈകുന്നതെന്നാണ് യുവാവ് മാനേജറോട് പറഞ്ഞത്. 'സത്യം പറയാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. അതിനാലാണ് സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് വൈകുന്നതെന്ന് പറഞ്ഞത്. എന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തികഞ്ഞ പരാജിതനെ പോലെയാണ് എനിക്ക് തോന്നിയത്. എന്റെ പ്രതീക്ഷകള്‍ എല്ലാം അവസാനിച്ചു. വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങണമായിരുന്നു. ഞാന്‍ വീണ്ടും ജോലിക്കായി അപേക്ഷകള്‍ അയച്ചുതുടങ്ങി. എന്നാല്‍ ഇത്രയും നിസാരമായ, എളുപ്പത്തില്‍ തിരുത്താമായിരുന്ന ഒരു കാര്യത്തിന്റെ പേരില്‍ എന്റെ ഡ്രീം ജോബ് നഷ്ടപ്പെട്ടത് എന്നെ ഏറെ വൈകാരികമായി ബാധിക്കുന്നു', റെഡ്ഡിറ്റ് യൂസര്‍ കുറിച്ചു.

നിരവധി പേരാണ് യുവാവിന്റെ പോസ്റ്റിന് പ്രതികരണവുമായെത്തിയത്. 1500ല്‍ അധികം അപ്‌വോട്ടുകള്‍ പോസ്റ്റിന് ലഭിച്ചു. യുവാവിന് റിമോട്ട്- കംപ്യൂട്ടര്‍ ജോലികള്‍ യോജിച്ചതല്ലെന്നാണ് ഒരാള്‍ കുറിച്ചത്. ദിവസേന ഓഫീസില്‍ പോകണമെന്ന് വന്നാല്‍ ഇത്തരം തെറ്റുകളുണ്ടാകില്ലെന്നും ഇയാള്‍ പറയുന്നു. തന്റെ തെറ്റില്‍ നിന്ന് പഠിക്കാനുള്ള ഒരു അവസരമായി ഇതിനെ കണ്ടാല്‍ മതിയെന്നായിരുന്നു മറ്റൊരു കമന്റ്.

Content Highlights: Employee Says He Got Fired For Repeatedly Being Late To Remote Job

dot image
To advertise here,contact us
dot image