
ഗ്രേറ്റര്‍ നോയിഡയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ തീപിടിത്തം. വ്യാഴാഴ്ച വൈകീട്ടാണ് തീപിടിത്തമുണ്ടായത്. ബാല്‍ക്കണിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കവെ കാല്‍ വഴുതി വീണ് ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. നോയിഡയിലെ അന്നപൂര്‍ണ ഗേള്‍സ് ഹോസ്റ്റലിലാണ് തീപിടിത്തമുണ്ടായത്.
ഹോസ്റ്റലിലെ എസി യൂണിറ്റ് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. തുടര്‍ന്ന് വേഗത്തില്‍ തീ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. സംഭവത്തില്‍ ഹോസ്റ്റലിലുണ്ടായ ഭൂരിഭാഗം പെണ്‍കുട്ടികള്‍ക്കും പെട്ടെന്ന് തന്നെ പുറത്തിറങ്ങാനായി. ഹോസ്റ്റലിനുള്ളില്‍ കുടുങ്ങിയവരെ പ്രദേശവാസികളാണ് രക്ഷപ്പെടുത്തിയത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. രണ്ടാം നിലയില്‍ കുടുങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ ബാല്‍ക്കണി വഴി പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതും, ഇതിലൊരാള്‍ കാല്‍ വഴുതി വീഴുന്നതിന്റെയും വീഡിയോയില്‍ കാണാം. ഏണി ഉപയോഗിച്ച് പ്രദേശവാസികള്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പെണ്‍കുട്ടി വീണത്. ഇവര്‍ക്ക് സാരമായ പരിക്കുകളില്ലെന്ന് പൊലീസ് അറിയിച്ചു.
#Fire breaks out at a #girls' #hostel in #GreaterNoida. Students jumped to safety, but one girl slipped and injured her leg. pic.twitter.com/TKeZU50RIq
— Akashdeep Singh (@akashgill78) March 28, 2025
വൈകീട്ട് അഞ്ച് മണിയോടെയാണ് തങ്ങള്‍ക്ക് തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചതെന്നും ഉടന്‍ തന്നെ തങ്ങളുടെ സംഘം ഹോസ്റ്റലിലേക്ക് പുറപ്പെട്ടുവെന്നും ചീഫ് ഫയര്‍ ഓഫീസര്‍ പറഞ്ഞു. എത്തി മിനിറ്റുകള്‍ക്കുള്ളില്‍ തീ നിയന്തണവിധേയമാക്കാനായി. പെണ്‍കുട്ടികളെല്ലാം ഇതിനകം തന്നെ സുരക്ഷിതരായി പുറത്ത് കടന്നിരുന്നു. സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ലെന്നും അന്വേഷണം നടത്തി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Massive fire at Greater Noida girls' hostel, students jump from balcony, Video