
നിരവധി വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നത്. ഇതില്‍ ഭൂരിപക്ഷം ആളുകളും ലക്ഷക്കണക്കിന് രൂപ വായ്‌പയെടുത്താണ് വിദേശ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നത്. ഇപ്പോഴിതാ കടബാധ്യതയും പരിമിതമായ തൊഴില്‍ സാധ്യതകളും മൂലം നാട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ടുകളെ വ്യക്തമാക്കുന്ന ഒരു റെഡ്ഡിറ്റ് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
'യുഎസില്‍ പഠിക്കാന്‍ ഞാന്‍ 40 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പ എടുത്തു - ഇപ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി, കടത്തില്‍ മുങ്ങി, എന്തുചെയ്യണമെന്ന് അറിയില്ല' എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിന്റെ റെഡ്ഡിറ്റ് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പഠനത്തിന് ശേഷം വിദേശത്ത് ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തനിക്കും തന്റെ കുടുംബത്തിനും വന്‍ കടബാധ്യതയായെന്നാണ് യുവാവ് പറയുന്നത്.
'എന്റേത് ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ്. എന്റെ അച്ഛനൊരു ചെറിയ ബിസിനസ് ഉണ്ടായിരുന്നു. അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടും വായ്പയെടുത്തുമാണ് എന്നെ പഠിപ്പിക്കാന്‍ വിദേശത്ത് പറഞ്ഞുവിട്ടത്. ഞാന്‍ എന്റെ ബിരുദം പൂര്‍ത്തിയാക്കി, പക്ഷേ സാമ്പത്തിക മാന്ദ്യം, വിസ പരിമിതികള്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങളുടെ അഭാവം എന്നിവ കാരണം എനിക്ക് യുഎസില്‍ ജോലി ലഭിച്ചില്ല. ഒരു വര്‍ഷം ഞാന്‍ ജോലിക്ക് വേണ്ടി നിരന്തരം അപേക്ഷിച്ചു. പക്ഷേ എന്റെ സ്വന്തം ജീവിതച്ചെലവുകള്‍ വഹിക്കാന്‍ പോലുമുള്ള ഒരു ജോലി എനിക്ക് ലഭിച്ചില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു 'എന്റെ കുടുംബം എല്ലാ മാസവും എനിക്ക് പണം അയച്ചു തന്നു അവരുടെ അവസാന സമ്പാദ്യം തീര്‍ന്നു. ഒടുവില്‍, എന്റെ പിതാവിന്റെ ബിസിനസ്സ് നഷ്ടത്തിലായി, അദ്ദേഹം രോഗബാധിതനായി. അവര്‍ക്ക് പിന്നീട് എന്നെ സഹായിക്കാന്‍ കഴിഞ്ഞില്ല. ജോലി ഇല്ലാതെ കടബാധ്യതയുടെ വലിയൊരു ഭാരവുമായി ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചു.' യുവാവ് പറയുന്നു.
മാസങ്ങള്‍ക്കുശേഷം, ഒടുവില്‍ പ്രതിമാസം 75,000 രൂപ ശമ്പളം ലഭിക്കുന്ന ഒരു ജോലി അദ്ദേഹത്തിന് ലഭിച്ചു. പക്ഷെ 66,000 രൂപയുടെ ഇഎംഐ ഉള്ളതിനാല്‍ വ്യക്തിഗത ചെലവുകള്‍ക്കായി 9,000 രൂപ മാത്രമേ അദ്ദേഹത്തിന് ലഭിച്ചിരുന്നുള്ളു. താന്‍ 'വൈകാരികമായും ശാരീരികമായും തളര്‍ന്നിരിക്കുന്നു' എന്ന് വിശദീകരിച്ചുകൊണ്ട്, തന്റെ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാന്‍ കൂടുതല്‍ ഫ്രീലാന്‍സ് ജോലികള്‍ ഏറ്റെടുക്കാനും ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി ആളുകള്‍ ഇദ്ദേഹത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തി. സ്വയം കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും പരമാവധി ശ്രമിച്ചു ജോലി ലഭിക്കാത്തതു കൊണ്ടല്ലേയെന്നും പലരും അഭിപ്രായപ്പെട്ടു. എക്‌സ്പീരിയന്‍സ് നേടിയതിനു ശേഷം നല്ല ജോലികള്‍ കണ്ടെത്താന്‍ സാധിക്കുമെന്നും പലരും അഭിപ്രായപ്പെട്ടു.
Content Highlights: Indian student's 'drowning in debt' post goes viral after Rs 40 lakh education loan