
തന്റെ സ്വന്തം കമ്പനിയില്‍ എന്തുകൊണ്ടാണ് ഒരിക്കല്‍ മകന് ജോലി നിഷേധിച്ചതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ കോടീശ്വരനായ ജോര്‍ജ് പെരസ്. തങ്ങളുടെ കുടുംബത്തിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ റിലേറ്റഡ് ഗ്രൂപ്പിലാണ് മകനായ ജോണ്‍ പോളിന് ജോലി നിഷേധിക്കപ്പെട്ടത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം കുടുംബ ബിസിനസില്‍ ജോലിക്ക് കയറുന്നതിനായി ജോണ്‍ തന്റെ പിതാവിനെ സമീപിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി മകന്റെ അപേക്ഷ നിരസിക്കുകയാണ് ജോര്‍ജ് പെരസ് ചെയ്തത്. മാത്രമല്ല മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് പ്രവര്‍ത്തിപരിചയമുണ്ടാക്കാനും കഴിവ് തെളിയിക്കാനും ആവശ്യപ്പെടുകയും ചെയ്തു.
തന്റെ മകനായതുകൊണ്ട് മാത്രം കമ്പനിയില്‍ ജോലി നല്‍കാനാകില്ലെന്നാണ് പെരസ് പറഞ്ഞത്. ബന്ധുവായത് കൊണ്ട് മാത്രം മകന് ജോലി നല്‍കി, തന്റെ പേരും കമ്പനിയുടെ നിലനില്‍പ്പും അപകടപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം സിഎന്‍ബിസിയോട് പറഞ്ഞു. ജോര്‍ജ് പെരസിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഒരാളുടെ ന്യൂയോര്‍ക്കിലെ കമ്പനിയിലാണ് ജോണ്‍ പോള്‍ തുടര്‍ന്ന് ജോലിയില്‍ പ്രവേശിച്ചത്.
മികച്ച ബിസിനസ് സ്‌കൂളില്‍ നിന്നും ബിരുദാനന്തര ബിരുദം നേടുകയും, ന്യൂയോര്‍ക്കിലെ കഠിനമായ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ജോലി ചെയ്തതിനും ശേഷം മാത്രമെ തന്റെ സ്ഥാപനത്തില്‍ തന്റെ മക്കളാണെങ്കില്‍ കൂടി ജോലി നല്‍കൂ എന്നതാണ് പെരസിന്റെ നിലപാട്. 'റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഞാന്‍ വിജയിച്ചതുകൊണ്ട് മാത്രം, അവര്‍ക്ക് താല്‍പര്യമില്ലാത്ത മേഖല തിരഞ്ഞെടുക്കരുതെന്നാണ് ഞാന്‍ മക്കളോട് പറഞ്ഞത്. കാരണം ജീവിതവും അതിന്റെ വഴികളും ദുഷ്‌കരമാണ്. പണം സമ്പാദിക്കാന്‍ വേണ്ടി മാത്രമായി നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം ചെയ്താല്‍ അത് വിജയിക്കണമെന്നില്ല. അവരുടെ പേരിന്റെ അവസാനത്തെ വാക്കു കൊണ്ട് മാത്രമാണ് അവര്‍ ഇവിടെ ജോലിയില്‍ കയറിയതെന്ന് കമ്പനിയിലെ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല', ജോര്‍ജ് പെരസ് പറഞ്ഞു.
ലോകപ്രശസ്തമായ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ജോണ്‍ പോള്‍ എംബിഎ ബിരുദം നേടിയത്. ശേഷം വര്‍ഷങ്ങള്‍ മറ്റുകമ്പനികളില്‍ ജോലി ചെയ്തു. കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വര്‍ഷങ്ങള്‍ക്കൊടുവില്‍, ജോണ്‍ പോള്‍ തന്റെ സഹോദരന്‍ നിക്കിനൊപ്പം റിലേറ്റഡ് ഗ്രൂപ്പിന്റെ സിഇഒ ആയി ചുമതലയേറ്റു. ജോര്‍ജ് പെരസ് നിലവില്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ്.
Content Highlights: US Billionaire Reveals Why He Refused To Hire His Son, Made Him Work At A Different Company