
ആര്‍ക്കെങ്കിലും കൈ കൊടുക്കുമ്പോഴോ വാതില്‍പ്പിടിയില്‍ തൊടുമ്പോഴോ ഒക്കെ ചെറിയ ഷോക്ക് അനുഭവപ്പെട്ടിട്ടുണ്ടോ? സിനിമകളിലൊക്കെ ഇങ്ങനെ കൈ തൊടുമ്പോള്‍ വരുന്ന ഷോക്ക് അവര്‍ തമ്മില്‍ കഴിഞ്ഞ ജന്മത്തിലുണ്ടായിരുന്ന ബന്ധത്തിന്റെ കഥയിലെത്തിക്കും. എന്നാല്‍ ശരിക്കും എന്താണ് ഇത്തരത്തില്‍ ചെറിയ ഷോക്കുണ്ടാകാനുളള കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? സ്റ്റാറ്റിക് ഇലക്ട്രിസിറ്റി എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. ഇത് വളരെ സാധാരണമായി മിക്കവര്‍ക്കും അനുഭവപ്പെടാനിടയുളള ഒന്നാണ്. ഒരു വസ്തുവിലോ നിങ്ങളുടെ ശരീരത്തിലോ അടിഞ്ഞുകൂടുന്ന വൈദ്യുത ചാര്‍ജ്ജുകളെയാണ് സ്റ്റാറ്റിക് ഇലക്ട്രിസിറ്റി എന്ന് പറയുന്നത്. രണ്ട് വ്യത്യസ്ത വസ്തുക്കള്‍ തമ്മില്‍ ഉരസുമ്പോഴാണ് സാധാരണയായി ഇത് സംഭവിക്കുന്നത്. ഉദാഹരണത്തിന്, സോക്‌സ് ധരിച്ച് കാര്‍പെറ്റിലൂടെ നടക്കുമ്പോള്‍ നിങ്ങളുടെ ശരീരം പരവതാനിയില്‍ നിന്ന് അധിക ഇലക്ട്രോണുകള്‍ നേടുകയും ഈ ചെറിയ കണികകള്‍ വൈദ്യുതി സൃഷ്ടിക്കുകയും ചെയ്യുന്നു.
ഒരു വസ്തുവിന് മുകളില്‍ അടിഞ്ഞുകൂടുന്ന ഇലക്ട്രോസ്റ്റാറ്റിക്‌സ് അഥവാ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി പോസിറ്റീവോ നെഗറ്റീവോ ആകാം. ആറ്റങ്ങള്‍ക്ക് ഇലക്ട്രോണുകള്‍ ലഭിക്കുമ്പോഴോ നഷ്ടപ്പെടുമ്പോഴോ ആണ് ഇത് സംഭവിക്കുക. നിങ്ങള്‍ ഒരു മനുഷ്യനെയോ വസ്തുവിനെയോ സ്പര്‍ശിക്കുമ്പോള്‍ അധിക ചാര്‍ജ്ജ് പെട്ടെന്ന് അവയിലേക്ക് നീങ്ങുകയും ചെറിയ ഷോക്കുണ്ടാവുകയും ചെയ്യും. തണുപ്പുകാലത്താണ് ഈ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി കൂടുതലായും അനുഭവപ്പെടാറുളളത്. വേനല്‍ക്കാലത്തെ അപേക്ഷിച്ച് ശൈത്യകാലത്തെ വായു വരണ്ടതായിരിക്കും എന്നതാണ് ഇതിനു കാരണം. ഈര്‍പ്പമുളള വായു ശരീരത്തില്‍ നിന്ന് ഇലക്ട്രിക് ചാര്‍ജുകള്‍ നീക്കാന്‍ സഹായിക്കുന്നു. വരണ്ട വായു പക്ഷെ ശരീരത്തില്‍ ഇലക്ട്രോണുകള്‍ അടിഞ്ഞുകൂടുന്നത് എളുപ്പമാക്കുന്നു. വേനല്‍ക്കാലത്ത് ഈര്‍പ്പം ഈ നെഗറ്റീവ് ഇലക്ട്രോണുകളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ സ്റ്റാറ്റിക് ചാര്‍ജ്ജ് അനുഭവപ്പെടില്ല.
ഇത്തരം ചെറിയ ഷോക്കുകള്‍ ആരോഗ്യത്തിന് ഒട്ടും ഹാനികരമല്ല. ഇവയുണ്ടാകുമ്പോള്‍ ചെറിയ അസ്വസ്ഥതയോ ആശ്ചര്യമോ തോന്നിയേക്കാം. എന്നാല്‍ ഇതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാകില്ല. കത്തുന്ന വസ്തുക്കളോ സെന്‍സിറ്റീവ് ഇലക്ട്രോണിക്‌സോ ഉളളയിടങ്ങളില്‍ സ്റ്റാറ്റിക് വൈദ്യുതി അപകടകരമായേക്കാം. അതുകൊണ്ടാണ് ഗ്യാസ് സ്റ്റേഷനുകളിലും ചിപ്പ് ഫാക്ടറികളിലുമെല്ലാം ഇത് തടയാന്‍ പ്രത്യേക സുരക്ഷയൊരുക്കുന്നത്. സ്റ്റാറ്റിക് ഷോക്ക് അനുഭവപ്പെടാതിരിക്കാനായി നമുക്ക് ശരീരത്തില്‍ മോയ്‌സ്ച്ചറൈസര്‍ പുരട്ടാം. വൂള്‍, പോളിസ്റ്റര്‍ തുടങ്ങിയവയ്ക്ക് പകരം കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും സ്റ്റാറ്റിക് ഇലക്ട്രിസിറ്റി അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും. നിലത്തും പുല്ലിലുമെല്ലാം നഗ്നപാതരായി നടക്കുന്നതാണ് നല്ലത്. ഹ്യുമിഡിഫയറുകള്‍ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഹ്യുമിഡിറ്റി നിലനിര്‍ത്തുന്നതും സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഇല്ലാതാകാന്‍ സഹായിക്കും.
Content Highlights: do u feel Small shock while touching someone, here is why