
ഒരു ജോലി കിട്ടുന്നതിന്റെ ബുദ്ധിമുട്ട് എല്ലാവര്‍ക്കും അറിയാം. എക്‌സ്പീരിയന്‍സ് ഇല്ലാത്തവരാണെങ്കില്‍ പറയുകയും വേണ്ട. ബെംഗളൂരുവില്‍ ജോലി അപേക്ഷിച്ച് മടുത്ത ഒരു യുവാവ് തന്റെ നിരാശ പ്രകടിപ്പിക്കാന്‍ സ്വന്തം ചരമക്കുറിപ്പാണ് ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷത്തോളം അപേക്ഷകള്‍ അയച്ചിട്ടും ജോലി ലഭിക്കാതായതോടെയാണ് യുവാവ് വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രശാന്ത് ഹരിദാസ് എന്ന യുവാവാണ് സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രത്തോടൊപ്പം ചരമക്കുറിപ്പ് പങ്കുവെച്ചത്. 'റെസ്റ്റ് ഇന്‍ പീസ്' എന്നും യുവാവ് ചിത്രത്തോടൊപ്പം എഴുതിയിട്ടുണ്ട്. തന്നെ പരിഗണിക്കാതിരുന്ന, വിട്ടുകളഞ്ഞ റിക്രൂട്ടേര്‍സിന് നന്ദിയെന്നും പ്രശാന്ത് കുറിച്ചു.
'നന്ദി, ലിങ്ക്ഡ്ഇന്‍, എല്ലാത്തിനും നന്ദി. എന്നെ പരിഗണിക്കാതിരുന്ന വിട്ടുകളഞ്ഞ ഇന്‍ഡസ്ട്രി ലീഡേര്‍സിനും നന്ദി. എന്റെ പോസ്റ്റുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ക്ഷമ ചോദിക്കുന്നു. ഈ പോസ്റ്റ് കൊണ്ട് എന്നെ ആരും ജോലിക്കെടുക്കില്ലെന്ന് എനിക്കറിയാം', പ്രശാന്ത് പ്രതികരിച്ചു. തന്റെ പോസ്റ്റ് ജോലി അന്വേഷിക്കല്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ചാണെന്നും, താന്‍ മറ്റ് 'കടുംകൈകള്‍' ഒന്നും ചെയ്യില്ലെന്നും പോസ്റ്റിലുണ്ട്.
'ഞാന്‍ ജീവനൊടുക്കാന്‍ പോകുന്നില്ല. എനിക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. സന്ദര്‍ശിക്കാന്‍ ഒരുപാട് സ്ഥലങ്ങളുണ്ട്. ജോലി തേടി ഞാന്‍ മടുത്തിരിക്കുന്നു. മൂന്ന് വര്‍ഷത്തോളം ജോലിയില്ലാതെ കഴിയേണ്ടി വരുന്നതും ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരുന്നതും ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്', പ്രശാന്ത് കുറിച്ചു.
ചുരുങ്ങിയ സമയം കൊണ്ടാണ് പ്രശാന്തിന്റെ പോസ്റ്റ് വൈറലായത്. ജോലി അന്വേഷിക്കുന്നത് തുടരണമെന്നും ശരിയായ ജോലി ലഭിക്കുമെന്നുമാണ് പലരും പ്രശാന്തിനോട് പറയുന്നത്. ഇന്നത്തെ തൊഴില്‍ വിപണിയുടെ അവസ്ഥയാണ് പ്രശാന്തിന്റെ പോസ്റ്റിലൂടെ വ്യക്തമാകുന്നതെന്നാണ് മറ്റ് ചിലര്‍ കുറിച്ചത്.
Content Highlights: Frustrated By Job Rejections, Bengaluru Man Posts His Own 'Obituary' On LinkedIn