
വ്യോമയാന ചരിത്രത്തിലെ നടുക്കുന്ന ഓര്‍മകളിലൊന്നാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനമായ MH370 യുടെ തിരോധാനം. 2014 മാര്‍ച്ച് 8 ന് പുലര്‍ച്ചെ 12.41 ന് മലേഷ്യയിലെ ക്വാലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ചൈനയിലേക്ക് പറന്നുയര്‍ന്ന ബോയിങ് 777 വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. 227 യാത്രക്കാരും 12 ക്രൂ അംഗങ്ങളും അടക്കം 239 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. പറന്നുയര്‍ന്ന് 40 മിനിറ്റിനുളളില്‍ വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടു.
വര്‍ഷങ്ങള്‍ക്കിപ്പുറവും വിമാനയാത്രക്കാരുടെ കുടുംബങ്ങള്‍ അവര്‍ക്കായി കാത്തിരിക്കുകയാണ്. വിമാനയാത്രക്കാരില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നുളളവരായിരുന്നു. മറ്റുള്ളവര്‍ മലേഷ്യ, ഇന്തോനേഷ്യ,ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും. കഴിഞ്ഞമാസം വിമാനം കാണാതായതിന്റെ വാര്‍ഷികത്തില്‍ ചൈനീസ് യാത്രക്കാരുടെ ബന്ധുക്കള്‍ ബീജിംഗില്‍ ഒത്തുകൂടിയിരുന്നു.
വിമാനം കാണാതായ 2014 മുതല്‍ തിരച്ചിലുകള്‍ നടന്നിരുന്നെങ്കിലും പിന്നീട് അത് നിലച്ചു. 2018 മുതല്‍ യുകെയിലും യുഎസിലും ആസ്ഥാനമായുള്ള സമുദ്ര പര്യവേഷണ കമ്പനിയായ ഓഷ്യന്‍ ഇന്‍ഫിനിറ്റി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ അന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഫണ്ട് ഇല്ലാത്തതിന്റെ പേരില്‍ പാതിവഴില്‍ അന്വേഷണം അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. ഓഷ്യന്‍ ഇന്‍ഫിനിറ്റി ഏറ്റെടുക്കുന്നതിന് മുന്‍പ് ഓസ്‌ട്രേലിയയുടെ നേതൃത്വത്തിലുളള ഒരു വലിയ തിരച്ചില്‍ പ്രവര്‍ത്തനം നടന്നിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്തിന്റെ ഒരു സൂചനയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഈ വര്‍ഷവും ഇതേ കമ്പനി തന്നെ തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ഏറ്റവും പുതിയ കരാര്‍ 18 മാസത്തേക്കാണ്. ദൗത്യം വിജയിച്ചാല്‍ കമ്പനിക്ക് 70 മില്യണ്‍ ഡോളര്‍ ലഭിക്കും. നിലവിലെ തിരച്ചില്‍ തെക്കേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഏകദേശം 15,000 ചതുരശ്ര കിലോമീറ്റര്‍ ദൂരത്തിലാണ്. വിശ്വസനീയം എന്ന് കണ്ടെത്തിയ ഉപഗ്രഹ സിഗ്നലുകളും റേഡിയോ പ്രക്ഷേപണങ്ങളും ഉള്‍പ്പെടെയുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ തിരച്ചിലെന്നാണ് ' ദി ഇന്‍ഡിപ്പെന്‍ഡന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിമാനം തകര്‍ന്ന് വീണ സ്ഥലമായിരിക്കാമെന്ന് വിദഗ്ധര്‍ കരുതുന്ന നാല് മേഖലകളിലാണ് തിരച്ചില്‍ നടത്താന്‍ പോകുന്നത്. 2018 ല്‍ ഉപയോഗിച്ചതിനേക്കാള്‍ നൂതനമായ എയുവികളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നുന്നത്. ഓഷ്യന്‍ ഇന്‍ഫിനിറ്റിയുടെ ആഴക്കടല്‍ സഹായ കപ്പലായ 'അര്‍മാഡ-7806' ഫെബ്രുവരിയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ പുതിയ തിരച്ചില്‍ മേഖയില്‍ എത്തിയതായി മറൈന്‍ ട്രാക്കിംഗ് വെബ്‌സൈറ്റുകളെ ഉദ്ധരിച്ച് ' ദി ഇന്‍ഡിപെന്‍ഡന്റ് ' റിപ്പോര്‍ട്ട് ചെയ്തു.സമുദ്രത്തിന്റെ അടിത്തട്ട് സ്‌കാന്‍ ചെയ്യാന്‍ സംഘം ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍സ് എന്ന് വിളിക്കുന്ന അണ്ടര്‍വാട്ടര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഈ യന്ത്രങ്ങള്‍ ഉപയോഗിച്ച് ആറ് കിലോമീറ്റര്‍ വരെ ആഴത്തില്‍ തിരച്ചില്‍ നടത്താന്‍ കഴിയും.
MH370 വിമാനത്തിന് എന്താണ് സംഭവിച്ചതെന്നും അതിന്റെ റൂട്ടില്‍നിന്ന് എങ്ങനെയാണ് വ്യതിചലിച്ചതെന്നതിനും ഇപ്പോഴും കൃത്യമായ ഉത്തരമില്ല.
Content Highlights : The search for Malaysian plane MH370, which disappeared 11 years ago, is being resumed