മുന്‍കാമുകിയുടെ കോഴിയെ മോഷ്ടിച്ച് കടന്നു; കയ്യോടെ പൊക്കി പൊലീസ്, വീഡിയോ

50-കാരനായ പ്രതിയെ പിടികൂടുന്ന വീഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്

dot image

മുന്‍കാമുകിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കോഴിയെ മോഷ്ടിച്ച് കടന്ന് കളഞ്ഞയാള്‍ പിടിയില്‍. അമേരിക്കയിലെ വാഷിങ്ടണ്ണില്‍ കിറ്റ്‌സാപ് കൗണ്ടിയിലാണ് സംഭവം. 50-കാരനായ പ്രതിയെ പിടികൂടുന്ന വീഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

മാര്‍ച്ച് 29-നായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ മുന്‍കാമുകന്‍ വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും കോഴിയെ മോഷ്ടിച്ചെന്നും കാട്ടിയുള്ള യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പോളി എന്ന് പേരുള്ള തന്റെ കോഴിയെയാണ് ഇയാള്‍ മോഷ്ടിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

തുടര്‍ന്നുള്ള അന്വേഷത്തില്‍ പൊലീസ് പ്രതിയെ കണ്ടെത്തി. 'പോളി'യെയും പിടിച്ച് ചെടികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന നിലയിലാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. പൊലീസ് ഇയാളുമായി സംസാരിക്കുന്നതിന്റെയും പിടികൂടുന്നതിന്റെയും ബോഡികാമറ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ചെടികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നയാള്‍ കരയുന്നതും തന്റെ കോഴിയെ ഒന്നും ചെയ്യരുതെന്ന് പറയുന്നതും വീഡിയോയില്‍ ഉണ്ട്. തുടര്‍ന്ന് പൊലീസ് ഇയാളെ അനുനയിപ്പിക്കുന്നതും കോഴിയെ പൊലീസ് വാഹനത്തിന്റെ പിന്‍സീറ്റിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് 50-കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സുരക്ഷാനിയമ ലംഘനത്തിനും മോഷണം നടത്തിയെന്ന സംശയത്തിലുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിയെ അതിന്റെ ഉടമസ്ഥയ്ക്ക് കൈമാറിയതായും റിപ്പോര്‍ട്ടിലുണ്ട്.

Content Highlights: Weeping Man Gets Arrested for Stealing Ex-Girlfriend’s Chicken

dot image
To advertise here,contact us
dot image