വിഷുക്കണി പൊന്‍കണി… വിഷുക്കണി ഒരുക്കേണ്ടതെങ്ങനെ? കണി കാണേണ്ടതെപ്പോള്‍?

വരാനിരിക്കുന്ന വര്‍ഷത്തിന്റെ പ്രതീക്ഷയില്‍, വിഷുക്കണിയായി സമ്പല്‍സമൃദ്ധമായ കാഴ്ചകളാണ് ഓട്ടുരുളിയിലൊരുക്കുന്നത്

dot image

ശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമ്പല്‍സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് എല്ലാ മലയാളികളും. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അന്നേ ദിവസത്തെ ആദ്യ കാഴ്ചയ്ക്കുമുണ്ട് പ്രത്യേകത. വരാനിരിക്കുന്ന വര്‍ഷത്തിന്റെ പ്രതീക്ഷയില്‍, വിഷുക്കണിയായി സമ്പല്‍സമൃദ്ധമായ കാഴ്ചകളാണ് ഓട്ടുരുളിയിലൊരുക്കുന്നത്. കൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ ഓട്ടുരുളിയില്‍ നിറഞ്ഞ പ്രകൃതിവിഭവങ്ങളും നാളികേര മുറിയില്‍ എണ്ണ ഒഴിച്ച് തെളിയിച്ച് തിരിയുമായി വിഷുക്കണി കണ്ടാണ് അന്നേ ദിവസം തുടങ്ങുന്നത്. ഐശ്വര്യസമ്പൂര്‍ണമായ, പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും എല്ലാം ചേര്‍ന്ന കണി കണ്ടുണരുമ്പോള്‍ പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണ് സംഭവിക്കുകയെന്നാണ് വിശ്വാസം.

Vishukkani

വിഷുക്കണി ഒരുക്കേണ്ടതെങ്ങനെ?

വിളവെടുപ്പിന്റെ ഉത്സവം കൂടിയായ വിഷുവിന് കാര്‍ഷിക വിളകള്‍ക്ക് തന്നെയാണ് കണിയില്‍ പ്രാധാന്യം. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറക്കണം. ധാന്യസമൃദ്ധിയെയാണ് ഇത് സൂചിപ്പിക്കുന്നത്. അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും ഇതിന് മുകളില്‍ വെക്കാം. പ്രകൃതിയുടെ പ്രതിഫലനത്തിനൊപ്പം നമ്മുടെ തന്നെ ജീവാത്മാവാണ് വാല്‍ക്കണ്ണാടിയിലൂടെ പ്രതിഫലിക്കുന്നത്. കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ എന്നിവയ്‌ക്കൊപ്പം ചക്ക, മാങ്ങ തുടങ്ങി എല്ലാ പഴങ്ങളും ഓട്ടുരുളിയില്‍ മനോഹരമായി വെക്കാം. ഇതിനൊപ്പം കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും വെള്ളം നിറച്ച കിണ്ടിയും നാളികേരപാതിയും ശ്രീകൃഷ്ണന്റെ വിഗ്രഹമോ ചിത്രമോ വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്.

Vishukkani

കണി കാണേണ്ടത് എപ്പോള്‍?

ബ്രഹ്‌മമുഹൂര്‍ത്തത്തില്‍ വിഷുക്കണി കാണണമെന്നാണ് വിശ്വാസം. രാത്രിയിലെ പതിനാലാമത്തെ മുഹൂര്‍ത്തമാണിത്. അതായത് സൂര്യോദയം ആറ് മണിക്കാണെങ്കില്‍, പുലര്‍ച്ചെ 4.24ന് ബ്രഹ്‌മമുഹൂര്‍ത്തം തുടങ്ങും. 5.12ഓടെ അവസാനിക്കുകയും ചെയ്യും. എന്നാല്‍ ബ്രഹ്‌മമുഹൂര്‍ത്തം എപ്പോഴാണെന്ന കാര്യത്തില്‍ ചില വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ട്.

Visukkani

ഈ സമയത്ത് കണി കാണാന്‍ സാധിക്കാത്തവര്‍ക്ക് സൂര്യന്‍ ഉദിച്ച് രണ്ട് നാഴിക കഴിയുന്നതിനുള്ളില്‍ കണി കാണുന്നത് ഉത്തമമാണെന്നും പറയുന്നു. കണി കാണുമ്പോള്‍ കണിയൊരുക്കിയിരിക്കുന്ന മുഴുവന്‍ വസ്തുക്കളിലേക്കും കണ്ണെത്തണം എന്നാണ് വിശ്വാസം.

Content Highlights: How to prepare Vishu Kani? When should the Kani be seen?

dot image
To advertise here,contact us
dot image