
മലയാളി വിഷു ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. വാല്‍ക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയുമൊക്കെ അലങ്കരിച്ചുള്ള വിഷുക്കണിയും കൈനീട്ടവുമെല്ലാമായി മറ്റൊരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. വിഷുവുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണ് ഉള്ളത്. ഒന്ന് ശ്രീരാമാനുമായി ബന്ധപ്പെട്ടുള്ളതാണ്, രണ്ട് ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടുള്ളത്. രാവണവധവും നരകാസുര വധവുമാണ് ഇവയില്‍ പ്രമേയം.
നരകാസുരനുമായി ബന്ധപ്പെട്ട കഥയാണ് പ്രധാനമായും വിഷുവിന് പിന്നില്‍ നമ്മള്‍ കേട്ടിട്ടുണ്ടാകുക. പുരാണകളില്‍ കൂടുതലായി പ്രതിപാദിക്കുന്നതും ഈ കഥയാണ്. പ്രാഗ്‌ജ്യോതിഷം തലസ്ഥാനമാക്കി ദീര്‍ഘകാലംഭരണം നടത്തിയിരുന്ന ഒരു രാജാവായിരുന്നു നരകാസുരന്‍. വിവിധ രാജ്യങ്ങളില്‍ നിന്ന് നരകാസുരന്‍ 16,000 രാജകുമാരിമാരെ തട്ടിക്കൊണ്ടുവന്ന് തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. മാത്രമല്ല, ഇന്ദ്രന്റെയും മാതാവ് അദിതിയുടെയും വിലപ്പെട്ട വെണ്‍കൊറ്റക്കുടയും കുണ്ഡലങ്ങളും മറ്റും അപഹരിച്ചതോടെ ശ്രീകൃഷ്ണന്‍ ഇടപെടുകയായിരുന്നു.
നരകാസുരന്റെ ശല്യം ജനങ്ങള്‍ക്ക് സഹിക്കവയ്യാതായതോടെയാണ് ഒടുവില്‍ ശ്രീകൃഷ്ണന്‍ ഇടപെടുന്നത്. ഭാര്യയായ സത്യഭാമയുമൊന്നിച്ച് കൃഷ്ണന്‍ പ്രാഗ്‌ജ്യോതിഷത്തിലെത്തി നരകാസുരനെ യുദ്ധത്തിന് വെല്ലുവിളിച്ചു. തുടര്‍ന്ന് നടന്ന ഘോരമായ യുദ്ധത്തില്‍ കൃഷ്ണന്‍ നിരവധി അസുരന്മാരെ നിഗ്രഹിക്കുന്നുണ്ട്. തുടര്‍ന്ന് നരകാസുരനുമായി യുദ്ധത്തിലേര്‍പ്പെടുകയും വധിക്കുകയുമായിരുന്നു. അസുരന്മാരെ തോല്‍പ്പിച്ച് ശ്രീകൃഷ്ണന്‍ വിജയം നേടിയത് വസന്തകാലാരംഭത്തോടെയായിരുന്നു. ഈ ദിനത്തിന്റെ ഓര്‍മ്മയ്ക്ക് വിഷുദിനം ആഘോഷിക്കാനാരംഭിച്ചുവെന്നതാണ് ഒരു ഐതിഹ്യം.
ശ്രീരാമനുമായി ബന്ധപ്പെട്ട കഥ അല്‍പ്പം വ്യത്യാസപ്പെട്ടതാണ്. അത് രാവണവധവുമായി ബന്ധപ്പെട്ടതുമാണ്. രാവണന്‍ ലങ്ക ഭരിച്ചിരുന്ന കാലത്ത് സൂര്യനെ ഉദിക്കാന്‍ സമ്മതിച്ചിരുന്നില്ലത്രേ. തന്റെ കൊട്ടാരത്തിനകത്തേക്ക് വെയില്‍ കടന്നുവന്നതാണ് അതിന് കാരണം! ഒടുവില്‍ ശ്രീരാമന്‍ രാവണനെ വധിച്ച ശേഷമാണ് സൂര്യന്‍ നേരെ ഉദിച്ചത്. ഇതോടെ ജനങ്ങള്‍ ആഹ്ലാദത്തിലാകുകയാണ്. അതിന്റെ പ്രതീകമായാണ് വിഷു ആഘോഷിക്കുന്നത് എന്നുമാണ് മറ്റൊരു ഐതിഹ്യം.
Content Highlights: The Stories Behind Vishu