രാജിക്കത്ത് എഴുതിയത് ടോയ്‌ലറ്റ് പേപ്പറില്‍; കാരണം വ്യക്തമാക്കി ജീവനക്കാരന്‍, പങ്കുവെച്ച് ബിസിനസുകാരി

ഈ കുറിപ്പ് തന്നെ വേദനിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുക കൂടിയാണ് ചെയ്തതെന്നും അവർ കുറിച്ചു

dot image

ജീവനക്കാരുടെ വ്യത്യസ്തമായ പല രാജിക്കത്തുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ മറ്റൊരു റെസിഗ്നേഷന്‍ ലെറ്ററാണ് ലിങ്ക്ഡിഇന്നിലൂടെ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരി ഏഞ്ചല യോ ആണ് ഈ രാജിക്കത്ത് പങ്കുവെച്ചത്. ടോയ്‌ലറ്റ് പേപ്പറില്‍ ഒരാള്‍ എഴുതിയ രാജിക്കത്താണ് അവര്‍ പങ്കുവെച്ചത്.

ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുകയും അതിന് ശേഷം രണ്ടാമതൊന്ന് കൂടി ചിന്തിക്കാതെ വലിച്ചെറിയുടെ ചെയ്യുന്ന ടോയ്‌ലറ്റ് പേപ്പര്‍ പോലെയാണ് തനിക്ക് തോന്നുന്നതെന്ന ജീവനക്കാരന്റെ വാക്കുകളും ഏഞ്ചല പങ്കുവെച്ചു. ഈ വാക്കുകളാണ് തന്റെ മനസ്സില്‍ പതിഞ്ഞതെന്നും ഈ കുറിപ്പ് തന്നെ വേദനിപ്പിക്കുക മാത്രമല്ല, ജോലിയിടങ്ങളിലെ സംസ്‌കാരങ്ങള്‍ എത്രത്തോളം പ്രധാനമാണെന്ന് ഓര്‍മ്മിപ്പിക്കുക കൂടിയാണ് ചെയ്തതെന്നും ഏഞ്ചല പറയുന്നു.

രാജിക്കത്തിന്റെ ചിത്രവും അവര്‍ പങ്കുവെച്ചിട്ടുണ്ട്. 'ഈ കമ്പനി എന്നെ എങ്ങനെയാണോ പരിഗണിച്ചത്, അതാണ് ഇത്തരത്തിലൊരു പേപ്പര്‍ എന്റെ രാജിക്കത്ത് എഴുതാനായി തിരഞ്ഞെടുക്കാന്‍ കാരണം, ഞാന്‍ അവസാനിപ്പിക്കുന്നു', എന്നാണ് ഇതില്‍ എഴുതിയിരിക്കുന്നത്.

'നിങ്ങളുടെ ജീവനക്കാര്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കപ്പെടുന്നുണ്ടെന്ന് തോന്നിപ്പിക്കുക, അവര്‍ ഇറങ്ങാന്‍ പോകുമ്പോള്‍ പോലും അങ്ങനെയാകണം. നീരസത്തോടെയല്ല, നന്ദിയോടെയാകണം അവര്‍ പോകേണ്ടത്. ഒരു വ്യക്തിയെ എത്രത്തോളം വിലമതിക്കുന്നു എന്നതിന്റെ പ്രതിഫലനം കൂടിയാകണം അഭിനന്ദനങ്ങള്‍. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് മാത്രമല്ല, അവര്‍ ആരാണെന്നതിനും കൂടിയാകണം അഭിനന്ദനങ്ങള്‍. മാറ്റത്തിനായി ഇന്ന് തന്നെ ശ്രമങ്ങള്‍ ആരംഭിക്കൂ', ഏഞ്ചല കുറിച്ചു.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. വ്യത്യസ്തമായ രാജിക്കത്താണിതെന്നും, താനും ഇത്തരത്തില്‍ വ്യത്യസ്തമായ രാജിക്കത്ത് എഴുതിയിട്ടുണ്ടെന്നുമാണ് ഒരാള്‍ കുറിച്ചത്. ജീവനക്കാര്‍ അംഗീകരിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് മറ്റ് ചിലര്‍ കുറിച്ചത്.

Content Highlights: Woman shares employee's brutal resignation note

dot image
To advertise here,contact us
dot image