ലോക സൈനിക ശക്തികളുടെ പട്ടികയില്‍ ആദ്യപത്തില്‍ ഇന്ത്യ; പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പാകിസ്താന്‍

ശക്തമായ സൈനിക രാജ്യങ്ങളുടെ റാങ്കിങ് പട്ടിക പുറത്തുവിട്ട് ഗ്ലോബല്‍ ഫയര്‍പവര്‍ ഇന്‍ഡക്‌സ് 2025

dot image

ലോകത്തെ ഏറ്റവും ശക്തമായ സൈനിക രാജ്യങ്ങളുടെ റാങ്കിങ് പട്ടിക പുറത്തുവിട്ട് ഗ്ലോബല്‍ ഫയര്‍പവര്‍ ഇന്‍ഡക്‌സ് 2025. പട്ടികയില്‍ ഒന്നാംസ്ഥാനത്ത് അമേരിക്കയാണ്. പ്രതിരോധ സാങ്കേതിക വിദ്യ, സാമ്പത്തിക സ്രോതസ്സുകള്‍, ലോജിസ്റ്റിക്‌സ്, ഭൂമിശാസ്ത്രം, തന്ത്രപരമായ സ്ഥാനനിര്‍ണയം തുടങ്ങി അറുപതോളം ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഏറ്റവും കരുത്തുറ്റ സൈനിക ശക്തികളുടെ റാങ്കിങ് പട്ടിക ഗ്ലോബല്‍ ഫയര്‍പവര്‍ ഇന്‍ഡക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒന്നാംസ്ഥാനത്തുള്ള അമേരിക്കയ്ക്ക് 13,043 സൈനിക വിമാനങ്ങള്‍, 1790 ഫൈറ്റര്‍ ജെറ്റുകള്‍, 889 അറ്റാക്ക് എയര്‍ക്രാഫ്റ്റ്, 1002 അറ്റാക്ക് ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ 5843 ഹെലികോപ്റ്ററുകള്‍, 4640 ടാങ്കുകള്‍ എന്നിവ അമേരിക്കയ്ക്ക് സ്വന്തമായുണ്ട്. അവരു
െനാവിക, സൈബര്‍ യുദ്ധമികവുകള്‍ സമാനതകളില്ലാത്തതാണ്.

യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ലോക സൈനികശക്തികളില്‍ രണ്ടാംസ്ഥാനത്താണ് റഷ്യ. 4292 സൈനിക വിമാനങ്ങള്‍, 833 ഫൈറ്റര്‍ ജെറ്റുകള്‍, 689 അറ്റാക്ക് എയര്‍ക്രാഫ്റ്റുകള്‍, 5750 ടാങ്കുകള്‍ എന്നിവ റഷ്യക്ക് സ്വന്തമായുണ്ട്.

ലോകസൈനിക ശക്തികളില്‍ മൂന്നാംസ്ഥാനത്താണ് ചൈന. 20,35,000 സൈനികര്‍, 1221 ഫൈറ്ററുകള്‍, 371 അറ്റാക്ക് എയര്‍ക്രാഫ്്്റ്റ് എന്നിവ ഉള്‍പ്പെടെ 3309 മിലിറ്ററി എയര്‍ക്രാഫ്റ്റുകള്‍ ചൈനയ്ക്കുണ്ട്. 6800 ടാങ്കുകളുമുണ്ട്. 3490 സ്വയം പ്രവര്‍ത്തിക്കുന്ന പീരങഅകിയൂണിറ്റുകള്‍, 2,750 മൊബൈല്‍ റോക്കറ്റ് പ്രൊജക്ടറുകള്‍ എന്നിവയും ചൈനയ്ക്കുണ്ട്. ദക്ഷിണ ചൈനാ കടലില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനവും തദ്ദേശീയ ആയുധ വികസനത്തിലെ പുരോഗതിയും സൈനിക ശക്തിയെ ഗണ്യമായി വര്‍ദ്ധിപ്പിച്ചു.

പട്ടികയില്‍ നാലാംസ്ഥാനത്താണ് ഇന്ത്യ. 14,55,550 സൈനികരാണ് ഇന്ത്യക്കുള്ളത്. 513 ഫൈറ്ററുകളും 371 അറ്റാക്ക് എയര്‍ക്രാഫ്റ്റുകളും ഉള്‍പ്പെടെ 2229 സൈനിക വിമാനങ്ങളും ഇന്ത്യക്കുണ്ട്. 4201 ടാങ്കുകള്‍, 293 കപ്പലുകള്‍, അവയില്‍ 2 എയര്‍ക്രാഫ്റ്റ് കാരിയറുകളും 18 അന്തര്‍വാഹിനികളും, 13 ഡിസ്‌ട്രോയറുകളും 14 ഫ്രിഗേറ്റും അടങ്ങുന്നു. അഗ്നി, ബ്രഹ്‌മോസ് തുടങ്ങി തദ്ദേശീയ നിര്‍മിത മിസൈല്‍ സംവിധാനങ്ങളും ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കുന്നു.

ഇന്ത്യക്ക് പിന്നില്‍ ദക്ഷിണ കൊറിയയും യുകെയും ഫ്രാന്‍സും ജപ്പാനും തുര്‍ക്കിയും ഇറ്റലിയും യഥാക്രമം 5,6,7,8,9,10 സ്ഥാനങ്ങളിലായി ഉണ്ട്. ആദ്യ പത്തില്‍ നിന്ന് പാകിസ്താന്‍ പുറത്തായതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ വര്‍ഷം ഒന്‍പതാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്താന്‍ ഇത്തവണ പന്ത്രണ്ടാംസ്ഥാനത്താണ്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും പഴയ സാങ്കേതിക വിദ്യയുമാണ് പാകിസ്താന്‍ റാങ്കിങ്ങില്‍ താഴെ പോകാന്‍ കാരണമായത്.

Content Highlights: India Among World’s Top 10 Most Powerful Militaries

dot image
To advertise here,contact us
dot image