'ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം, എന്നിട്ടും 40 സെക്കന്റില്‍ യുഎസ് വിസ നിരസിച്ചു'; അനുഭവം പറഞ്ഞ് യുവാവ്

സത്യസന്ധമായി ഉത്തരം നല്‍കിയിട്ടും ഒരു മിനിറ്റിനുള്ളില്‍ തന്റെ അപേക്ഷ നിരസിച്ചുവെന്നും യുവാവ് പറയുന്നു

dot image

യുഎസ് വിസയ്ക്കായി അപേക്ഷിച്ച ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോള്‍ റെഡ്ഡിറ്റില്‍ ചര്‍ച്ചയാകുന്നത്. വിസ അഭിമുഖത്തിനിടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം പറഞ്ഞ തന്റെ അപേക്ഷ സെക്കന്റുകള്‍ക്കുള്ളില്‍ നിരസിക്കപ്പെട്ടുവെന്നാണ് യുവാവ് പ്രതികരിച്ചത്. B1/B2 വിസിറ്റിങ് വിസയ്ക്കായാണ് യുവാവ് അപേക്ഷ നല്‍കിയിരുന്നത്.

'nobody01810' എന്ന യൂസര്‍ നെയിമിലുള്ള റെഡ്ഡിറ്റ് യൂസറാണ് തന്റെ അനുഭവം പങ്കുവെച്ചത്. ന്യൂഡല്‍ഹിയിലുള്ള യുഎസ് എംബസിയിലാണ് യുവാവ് വിസ അഭിമുഖത്തിനായി എത്തിയത്. മൂന്ന് ചോദ്യങ്ങള്‍ മാത്രമാണ് തന്നോട് ചോദിച്ചതെന്നും, അതിനെല്ലാം സത്യസന്ധമായി ഉത്തരം നല്‍കിയിട്ടും ഒരു മിനിറ്റിനുള്ളില്‍ തന്റെ അപേക്ഷ നിരസിച്ചുവെന്നും യുവാവ് പറയുന്നു. അടുത്ത തവണ തെറ്റ് പറ്റാതിരിക്കാന്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ താന്‍ ശ്രമിക്കുകയാണെന്നും യുവാവ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.

രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായി യുഎസിലേക്ക് പോകാനായിരുന്നു യുവാവിന്റെ പ്ലാന്‍. ഡിസ്‌നി വേള്‍ഡ്, യുണിവേഴ്‌സല്‍ സ്റ്റുഡിയോസ്, കെന്നഡി സ്‌പേസ് സെന്റര്‍ തുടങ്ങി നിരവധിയിടങ്ങള്‍ സന്ദര്‍ശിക്കാനും പദ്ധതിയുണ്ടായിരുന്നു. വിസയ്ക്ക് വേണ്ടിയുള്ള അഭിമുഖത്തിനെത്തിയപ്പോള്‍ മൂന്ന് ചോദ്യങ്ങളാണ് തന്നോട് ചോദിച്ചതെന്ന് യുവാവ് പറഞ്ഞു. 'എന്തുകൊണ്ടാണ് യുഎസിലേക്ക് പോകുന്നത്? ഇന്ത്യയ്ക്ക് പുറത്ത് എവിടെയെങ്കിലും പോയിട്ടുണ്ടോ? യുഎസില്‍ നിങ്ങളുടെ കുടുംബമോ സുഹൃത്തുക്കളോ ഉണ്ടോ?' എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍.

സുഹൃത്തുക്കളോ കുടുംബത്തിലെ ആരെങ്കിലുമോ അമേരിക്കയിലുണ്ടോ എന്ന ചോദ്യത്തിന്, തന്റെ ഗേള്‍ഫ്രണ്ട് ഫ്‌ളോറിഡയിലുണ്ടെന്നും, അവരെ കാണാന്‍ പദ്ധതിയുണ്ടെന്നുമായിരുന്നു യുവാവിന്റെ മറുപടി. ഇത് കേട്ട ഉടനെ തുടര്‍ചോദ്യങ്ങളൊന്നുമില്ലാതെ തന്നെ വിസാ ഓഫീസര്‍ വിസ റെഫ്യൂസല്‍ സ്ലിപ്പ് തനിക്ക് നല്‍കുകയായിരുന്നുവെന്നും യുവാവ് പറയുന്നു.

യുവാവിന്റെ കുറിപ്പിന് നിരവധി പേരാണ് മറുപടിയുമായെത്തുന്നത്. വിസിറ്റിങ് വിസ അപേക്ഷിക്കുന്നയാള്‍ക്ക് അമേരിക്കയില്‍ ബന്ധങ്ങളുണ്ടെന്ന് പറഞ്ഞത് തന്നെയാണ് വിസ നിരസിക്കാന്‍ കാരണമെന്നാണ് ഇവര്‍ പറയുന്നത്. 'നിങ്ങളുടേത് സീറോ ട്രാവല്‍ ഹിസ്റ്ററിയാണ്, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള യാത്രാ ചരിത്രം. കൂടാതെ, അമേരിക്കയില്‍ ഒരു കാമുകി ഉണ്ടോ? അത് യുഎസുമായുള്ള ശക്തമായ ബന്ധമാണ്. ഇതാകാം വിസ നിരസിക്കാന്‍ കാരണം', ഒരാള്‍ അഭിപ്രായപ്പെട്ടു. 'നിങ്ങളുടെ ഗേള്‍ഫ്രണ്ടിനെ കുറിച്ച് നിങ്ങള്‍ സത്സസന്ധമായി ഉത്തരം പറഞ്ഞു. പക്ഷെ എംബസി ജീവനക്കാരന്റെ കണ്ണില്‍ നിങ്ങള്‍ നിയമവിരുദ്ധമായി യുഎസില്‍ തുടരാന്‍ ആഗ്രഹിച്ചേക്കാം എന്നാണ്. ഇതു തന്നെയാകാം വിസ നിരസിക്കാന്‍ കാരണമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Content Highlights: Man's US Visa Rejected In 40 Seconds After One Honest Answer

dot image
To advertise here,contact us
dot image