
കൊലപാതകം, മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി പൊലീസ് ഒരു ദിവസം കൈകാര്യം ചെയ്യുന്ന കേസുകള്‍ പല സ്വഭാവത്തിലുള്ളതാണ്. ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ കല്യാണ്‍പുരില്‍ ഒരു ആട്ടിന്‍കുട്ടിയെ ചൊല്ലിയുണ്ടായ തര്‍ക്കവും അതിന് പരിഹാരം കണ്ടെത്താന്‍ പൊലീസ് സ്വീകരിച്ച മാര്‍ഗവുമാണ് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ചര്‍ച്ചയാകുന്നത്. ഒരു ആട്ടിന്‍കുട്ടി തങ്ങളുടേതെന്ന് അവകാശപ്പെട്ട് രണ്ടുസ്ത്രീകളാണ് കല്യാണ്‍പുര്‍ പൊലീസ് സ്റ്റേഷനെ സമീപിച്ചത്.
ഏപ്രില്‍ 12നാണ് കേസിന് ആസ്പദമായ സംഭവം. കല്യാണ്‍പുരിലെ ഗൂബ ഗാര്‍ഡന്‍സിലെ താമസക്കാരിയായ ചന്ദ ദേവി 20 ദിവസം പ്രായമുള്ള ആട്ടിന്‍കുട്ടിയെ സ്റ്റെറിലൈസ് ചെയ്യുന്നതിനായി ഭര്‍ത്താവിന്റെ കയ്യില്‍ അടുത്തുള്ള മൃഗാശുപത്രിയിലേക്ക് കൊടുത്തയച്ചു. എന്നാല്‍ ആശുപത്രിയിലേക്ക് പോകും വഴി സമീപപ്രദേശത്തുള്ള മീന എന്ന സ്ത്രീ അയാളെ തടഞ്ഞു. ആട്ടിന്‍കുട്ടി തന്റേതാണെന്ന് അവര്‍ അവകാശവാദവും ഉയര്‍ത്തി. ഇതോടെ ഇവര്‍ തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളുമായി. സംഗതി പൊലീസിന് മുന്നിലുമെത്തി.
പൊലീസിന്റെ തലവേദന തുടങ്ങുന്നത് അവിടം മുതലാണ്. കല്യാണ്‍പുര്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഇരുയുവതികളും ആട്ടിന്‍കുട്ടി തങ്ങളുടേതാണെന്ന് വാദിച്ചു. 'വര്‍ഷങ്ങളായി ഞാന്‍ ആടുകളെ വളര്‍ത്തുന്നതാണ്. എനിക്ക് എന്റെ ആട്ടിന്‍കുട്ടിയെ കണ്ടാല്‍ അറിയാം. മൂന്നാഴ്ച മുന്‍പ് എന്റെ മുറ്റത്ത് ജനിച്ചുവീണതാണ് ഈ ആട്ടിന്‍കുട്ടി.' ചന്ദാദേവി പൊലീസുകാരോട് പറഞ്ഞു. വിട്ടുകൊടുക്കാന്‍ മീനയും തയ്യാറായിരുന്നില്ല. തന്റെ വീട്ടില്‍ നിന്ന് കാണാതായ ആട്ടിന്‍കുട്ടിയാണ് അതെന്ന് മീന ആവര്‍ത്തിച്ചു. ഒപ്പം ആട്ടിന്‍കുട്ടിയുടെ ശബ്ദവും ദേഹത്തുള്ള അടയാളങ്ങളും തങ്ങള്‍ക്കറിയാമെന്നും അവര്‍ പറഞ്ഞു.
വിചിത്രമായ കേസായതിനാല്‍ തന്നെ ഇരുകൂട്ടരും പറയുന്നത് കേട്ട് തീരുമാനമെടുക്കുക പൊലീസിന് എളുപ്പമായിരുന്നില്ല.അപ്പോഴാണ് ആട്ടിന്‍കുട്ടിയുടെ അമ്മയാണെന്ന് കരുതുന്ന ആടുകളെ സ്റ്റേഷനിലെത്തിക്കാന്‍ തമാശയായി ഒരു കോണ്‍സ്റ്റബിള്‍ നിര്‍ദേശിച്ചത്. അമ്മയാടും ആട്ടിന്‍കുട്ടിയും തമ്മിലുള്ള ബന്ധം നോക്കി ആരുടെ ആടാണെന്ന് കണ്ടെത്താമല്ലോ. എന്നാല്‍ പിന്നെ അല്പം സങ്കീര്‍ണമായ പ്രശ്‌നത്തിന് ഇതുതന്നെ പോംവഴിയെന്ന് പൊലീസ് തീരുമാനിച്ചു. രണ്ടുസ്ത്രീകളോടും ആടുകളുമായി വരാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
സംഗതി അറിഞ്ഞതും നാട്ടുകൂട്ടത്തിന്റെ വിധി കാണാന്‍ ഗ്രാമവാസികള്‍ തടിച്ചുകൂടുന്ന സിനിമാരംഗങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടി. ആടിനെ കൂട്ടാന്‍ പോയ രണ്ടുസ്ത്രീകളും തങ്ങളുടെ അമ്മയാടുകളുമായി സ്ഥലത്തെത്തി. ചന്ദ ദേവിയുടേത് വെളുത്ത ആടും മീനയുടേത് ഒരു കറുത്ത ആടുമായിരുന്നു. രണ്ടുപേരോടും ഗേറ്റിന് പുറത്ത് ആടുമായി കാത്തുനില്‍ക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. തുടര്‍ന്ന് ആട്ടിന്‍കുട്ടിയെ അവരില്‍ നിന്ന് നിശ്ചിത അകലത്തില്‍ പൊലീസ് നിര്‍ത്തി, പിന്നീട് അവരുടെ അടുത്തേക്ക് സ്വതന്ത്രമാക്കി വിട്ടു.
സ്വാഭാവികമായും ആട്ടിന്‍കുട്ടി ഓടി അതിന്റെ അമ്മയുടെ അടുത്തേക്ക് എത്തി. വൈകാതെ അമ്മയുടെ അകിടില്‍ നിന്ന് അത് പാല്‍ കുടിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ആട്ടിന്‍കുട്ടി അതിന്റെ അമ്മയെ തിരിച്ചറിഞ്ഞതു കണ്ട് ചുറ്റുംകൂടിയ ആളുകളെല്ലാം കയ്യടിക്കാനും ബഹളം വയ്ക്കാനും തുടങ്ങി. ചന്ദദേവിയുടെ ആടിന് അരികിലേക്കാണ് ആട്ടിന്‍കുട്ടി ഓടിയെത്തിയത്. ആരുടെ ആട്ടിന്‍കുട്ടിയാണ് അതെന്ന തര്‍ക്കം അങ്ങനെ അവിടെ അവസാനിച്ചു.
'സംശയമൊന്നും അവശേഷിച്ചിരുന്നില്ല. ആട്ടിന്‍കുട്ടി അതിന്റെ അമ്മയുടെ അരികിലെത്തി പാല്‍കുടിച്ചു. ഗ്രാമങ്ങളില്‍ നാം എല്ലായ്‌പ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, കുട്ടിക്ക് അതിന്റെ അമ്മയെ തിരിച്ചറിയാം എന്ന്. അത് മൃഗങ്ങളിലാണെങ്കിലും..പൊലീസ് അത് സത്യമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.' കല്യാണ്‍പുര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സുധിര്‍കുമാര്‍ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി നിര്‍ണയിക്കുന്ന ഇക്കാലത്തുപോലും ഏറ്റവും സത്യസന്ധമായ ഉത്തരം നല്‍കുക പ്രകൃതിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ കരുതിയത് എന്റെ ആട്ടിന്‍കുട്ടിയാണ്് എന്നാണ്. എന്നാല്‍ അത് അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന് പാല്‍ കുടിച്ചത് കണ്ടപ്പോള്‍ സത്യം തിരിച്ചറിഞ്ഞു. അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.' ആട്ടിന്‍കുട്ടിക്ക് വേണ്ടി തര്‍ക്കമുന്നയിച്ച മീന പറഞ്ഞു.
Content Highlights: Goat Drama: UP Police's Ingenious Solution Wins Hearts