
വേനലില്‍ ചൂടിനെ മറികടക്കാന്‍ കുറേ നാടന്‍ പ്രതിവിധികള്‍ പരീക്ഷിക്കുന്നത് പതിവാണ്. ചൂടിനെ പ്രതിരോധിക്കാന്‍ ചില ഉത്തരേന്ത്യക്കാര്‍ സ്വീകരിക്കുന്ന മാര്‍ഗം അല്പം കൗതുകമുള്ളതാണ്. പോക്കറ്റില്‍ സവാള കരുതുക! ചൂടില്‍ നിന്ന് രക്ഷനേടാന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പോക്കറ്റില്‍ സവാളയുമായി പുറത്തിറങ്ങിയത് കഴിഞ്ഞ വര്‍ഷം വാര്‍ത്തയായത് ഓര്‍മയില്ലേ..
സംഗതി കേള്‍ക്കുമ്പോള്‍ അന്ധവിശ്വാസമെന്ന് തോന്നുമെങ്കിലും ഇതില്‍ ശാസ്ത്രീയ വശമുണ്ടെന്ന് ചിലര്‍ പറയുന്നു. സവാളയില്‍ തണുപ്പിക്കാന്‍ സഹായിക്കുന്ന ക്വെര്‍സെറ്റിന്‍, സള്‍ഫര്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ താപനില നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്. ശരീരത്തോട് ചേര്‍ന്ന് ഉള്ളി സൂക്ഷിക്കുന്നത് ഹീറ്റ് സ്്‌ട്രോക്കില്‍ നിന്ന് സംരക്ഷിക്കുമത്രേ. മാത്രമല്ല സവാളയുടെ രൂക്ഷഗന്ധം പ്രകൃതിദത്തമായ പ്രതിരോധമാര്‍ഗമാണ്. ക്ഷുദ്രജീവികളില്‍ നിന്ന് മാത്രമല്ല ചൂടിനെ തുടര്‍ന്നുണ്ടാകുന്ന അണുബാധകളില്‍ നിന്ന് ഇത് സംരക്ഷണകവചമൊരുക്കുമെന്നും പറയുന്നു.
മറ്റൊന്ന്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സവാളയ്ക്ക് കഴിയുമെന്നാണ് കരുതുന്നത്. അതിലെ ആന്റി ഓക്‌സിഡന്റ് ഫോര്‍മുലകള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കും. വേനലില്‍ സവാള പോക്കറ്റില്‍ കരുതുന്നത് അതുകൊണ്ട് പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ ലെവല്‍ ക്രമപ്പെടുത്താന്‍ സഹായിക്കുമെന്ന് കരുതുന്നവരുമുണ്ട്.
എന്നാല്‍, ചൂടിനെ പ്രതിരോധിക്കാന്‍ പോക്കറ്റില്‍ സവാള കരുതുന്നത് ഗുണംചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ന്യൂട്രീഷനിസ്റ്റായ ഡോ.ഷെയ്‌ല സ്വര്‍ണകുമാരി പറയുന്നു.
Content Highlights:The Onion Myth: Can Carrying Onions Prevent Heatstroke?