
ഫ്രാന്‍സിസ് പാപ്പയെ വത്തിക്കാനില്‍ വച്ച് കണാനായതും തന്റെ കുഞ്ഞിനെ അപ്രതീക്ഷിതമായി അദ്ദേഹം അനുഗ്രഹിച്ചതുമായ അനുഭവം പങ്കുവയ്ക്കുകയാണ് ജോസ് സെബിന്‍. എന്താണ് ജനങ്ങള്‍ ഫ്രാന്‍സിസ് പാപ്പയെ ഇത്രമാത്രം സ്‌നേഹിക്കുന്നത് എന്നതിനുള്ള ഉത്തരം കൂടിയാണ് എറണാകുളം ചെല്ലാനം സ്വദേശിയായ ജോസ് സെബിന്റെ കുറിപ്പ്. കഴിഞ്ഞ കുറച്ച് കാലമായി വത്തിക്കാനില്‍ കുടുംബവുമൊത്ത് താമസിക്കുകയാണ് ജോസ് സൈബിന്‍. അദ്ദേഹം തന്റ അനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്.
'2025 ജനുവരി 26 നാണ് ഞങ്ങള്‍ പാപ്പയെ കണ്ടത്. അദ്ദേഹം രോഗ ബാധിതനാകുന്നതിന് രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് വത്തിക്കാനില്‍ വച്ച്. അത് മറക്കാനാകാത്ത ഓര്‍മ്മയാണ്. ആദ്യ കുഞ്ഞ് ജനിച്ചപ്പോള്‍ മുതലുള്ള ആഗ്രഹമാണ് കുഞ്ഞിനെ ഫ്രാന്‍സീസ് പാപ്പായെ കാണിക്കണമെന്ന്. ഫ്രാന്‍സീസ് പാപ്പയ്ക്ക് കുഞ്ഞുങ്ങള്‍ എന്ന് പറഞ്ഞാല്‍ ജീവനാണ്. ഇവിടെ ഇറ്റാലിയന്‍സ് തമാശയായി പറയും ഒരു പാവയെ എടുത്ത് ഉയര്‍ത്തി കാണിച്ചാല്‍ മതി ഫ്രാന്‍സീസ് പാപ്പ കുഞ്ഞാണെന്ന് കരുതി ഓടി വരുമെന്ന്.
ഇവിടെ രാവിലെ 4 ഡിഗ്രി മുതല്‍ ആണ് തണുപ്പ്. പാപ്പയെ കാണണമെങ്കില്‍ അതിരാവിലെ 5.30 ന് എങ്കിലും ഇറങ്ങണം. ഈ കൊടും തണുപ്പത്ത് പിഞ്ച് കുഞ്ഞുമായി പോരാന്‍ മനസാക്ഷിയും ഭാര്യയും ഇത്രയും നാള്‍ അനുവദിച്ചില്ല. അന്ന് മാര്‍പ്പാപ്പയുടെ പ്രത്യേക കുര്‍ബാനയുണ്ട് 9.30 മണിക്ക്. 12 ഡിഗ്രിയാണ് തണുപ്പ്. കാലാവസ്ഥ കൊള്ളാം. ഇനിയും കാത്തിരിക്കാന്‍ വയ്യാത്ത കൊണ്ട് ഇറങ്ങിയതാണ്. 9 മണിക്ക് വത്തിക്കാനില്‍ എത്തി. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലാണ് ദിവ്യബലി. അതിമനോഹരമായ ബസലിക്കയാണ്.
ഉള്ളില്‍ കയറിയപ്പോള്‍ ഞങ്ങള്‍ ഞെട്ടി പോയി. 20000 പേരെ കൊള്ളാവുന്ന ബസലിക്ക നിറഞ്ഞുകവിഞ്ഞിരിക്കുന്നു.
ഏറ്റവും പുറകില്‍ ഇടതുവശത്താണ് കസേരകള്‍ ഒഴിവുള്ളത്. കുര്‍ബാന തുടങ്ങി, അകലെയുള്ള ഒന്നും കാണാന്‍ വയ്യ. ഞാന്‍ വത്തിക്കാനിലെ Live ഫോണില്‍ നോക്കി. ഇന്ന് എല്ലാ കര്‍ദ്ദിനാളന്‍മാരും പാപ്പയും ഉണ്ട്. ഇന്നും പാപ്പയെ അടുത്തു കാണാം എന്ന ആഗ്രഹം നടക്കില്ല. സാരമില്ല നമ്മുടെ കുഞ്ഞിന് പാപ്പയുടെ കുര്‍ബാന കൂടാന്‍ സാധച്ചല്ലോ അതുമതി. ഞാന്‍ ഭാര്യയെ ആശ്വസിപ്പിച്ചു. ഇത്രയും ചെറിയ കുഞ്ഞിനേയും കൊണ്ട് നില്‍ക്കുന്നതു കണ്ട് ചുറ്റുമുള്ളവര്‍ നോക്കുന്നുണ്ട്.
അങ്ങനെ കുര്‍ബാന കഴിഞ്ഞു. ജനങ്ങള്‍ പള്ളിവിട്ട് ഇറങ്ങി തുടങ്ങി. നമുക്ക് തിരക്ക് കഴിഞ്ഞ് അവസാനം പോകാം, ഭാര്യ പറഞ്ഞു. ഇന്ന് 12 മണിക്ക് പോപ്പ് ജനങ്ങള്‍ക്ക് 15 മിനിറ്റ് ഏറ്റവും മുകളിലുള്ള ജനാലയില്‍ നിന്നും Blessing കൊടുക്കും. St Peters Squre ല്‍ നിന്നാല്‍ അതുകാണാം. അവിടെ നിറച്ചും ജനക്കൂട്ടമാണ്. ഇത് കഴിഞ്ഞ് അങ്ങോട്ട് പോകാം അതാണ് ഉദ്ദേശ്യം. അങ്ങനെ പള്ളിയിലെ അപൂവ ചിത്ര പണികള്‍ എല്ലാം കണ്ട് നില്‍ക്കുകയാണ്. മൈക്കള്‍ ആഞ്ചലോയാണ് ഇതിന്റെ ശില്‍പ്പി. മനം മയക്കുന്ന കാഴ്ചകള്‍ ആണ്.
പെട്ടെന്ന് ജനങ്ങള്‍ ഒരു വശത്തേക്ക് കൂടുന്നു. ഞാന്‍ അങ്ങോട്ട് ചെന്ന് നോക്കി. കുഞ്ഞിനെ കയ്യില്‍ പിടിച്ചിരിക്കുന്നതുകൊണ്ട് മുന്നോട്ട് പോയി നോക്കാന്‍ വയ്യ. അവിടെ വശത്ത് നില്‍ക്കാം. കുര്‍ബാന കഴിഞ്ഞ് പ്രധാന വ്യക്തികളും ഗായകരും ഒക്കെ പോകുകയാണ്. നല്ല രസമുണ്ട്. ഞങ്ങള്‍ ചിരിച്ചോണ്ട് നിന്നു. 'പാപ്പാ ഫ്രാന്‍സിസ്‌കോ' അടുത്തനിന്ന ഇറ്റാലിയന്‍ വിളിച്ചു പറഞ്ഞതാണ്. പാപ്പാ അതു വഴി പോകുന്നുണ്ട്. പക്ഷേ കാണാന്‍ വയ്യ. മുന്‍പിലും പുറകിലും വലിയ സെക്യൂരിറ്റിയാണ്. ഭാഗ്യമുണ്ടെങ്കില്‍ ഒരു മിന്നായം പോലെ കാണാം. മുന്നില്‍ നിറച്ചും സെക്യൂരിറ്റിയാണ്. ഞാന്‍ കുഞ്ഞിനെയും പിടിച്ച് നോക്കി നില്‍പ്പാണ്. പിറകിലായി പോപ്പ് വരുന്നു. വീല്‍ ചെയറിലാണ്. തീരെ വയ്യാത്തതു പോലെ.
ഒരു നിമിഷം…. പാപ്പ എന്നെയാണോ നോക്കുന്നത്, ഒരു സംശയം. പാപ്പ എന്റെ നേരെ കൈ ചൂണ്ടുന്നു. പെട്ടെന്ന് സെക്യുരിറ്റി മുഴുവന്‍ നിന്നു. വീല്‍ ചെയറില്‍ പാപ്പ എന്റെ അടുത്തേക്ക് വരുന്നു. എന്റെ ചുറ്റിനും നിന്നിരുന്ന ജനങ്ങള്‍ എല്ലാം അല്‍പ്പം മാറി. പാപ്പ എന്റെ മുന്നില്‍.. ഞാന്‍ സതംബിച്ച് നില്‍ക്കുകയാണ്. ഭാര്യയുടെ കയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍ താഴെ വീണു.
ഇന്‍ഡ്യാന' പാപ്പ ചോദിച്ചു. ( ഇന്‍ഡ്യക്കാരന്‍ ആണോ എന്നാണ് ഉദ്ദേശിച്ചത്)
അതെ' ഞാന്‍ പറഞ്ഞു.
ഇന്ത്യയില്‍ എവിടെ ' ഇറ്റാലിയനില്‍ ചോദ്യം. '
കേരള ' ഞാന്‍ പറഞ്ഞു..
കേരള എനിക്കറിയാം, നന്നായി….
എത്രയായി ….
മുന്നു മാസം…… ഞാന്‍ പറഞ്ഞു.
ഞാന്‍ കാഞ്ഞിനെ പാപ്പയുടെ മടിയിലേക്ക് കൊടുത്തു. അദ്ദേഹം കുഞ്ഞിനെ എടുത്ത് കളിപ്പിക്കുന്നു. ചുണ്ടുകളിലൂടെ വിരലോടിക്കുന്നു,വായ തുറക്കാന്‍ ശ്രമിക്കുന്നു, വായില്‍ വിരലിടുന്നു.
ഇവളുടെ പേരെന്താണ്?
മൗറീന്‍ - മാതാവിന്റെ ഐറിഷ് പേരാണ്. ' മരിയ ' അദ്ദേഹത്തിന്റെ മുഖത്ത് വലിയ ഒരു ചിരി.
മോള്‍ട്ടോ ബെല്ലോ ' അതി മനോഹരം '. ഇവള്‍ മിടുക്കിയാണ്.
കണ്ണുകള്‍ മനോഹരമാണ് എന്നെ നന്നായി നോക്കുന്നു. ' പാപ്പ കൈകള്‍ കൊണ്ട് കാണിച്ചു…
കുഞ്ഞിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് ചെറിയ സമ്മാനങ്ങളും തന്ന് അദ്ദേഹം യാത്രയായി…
ഇറ്റാലിയന്‍സ് തമാശയ്ക്ക് പറയുന്നത് ശരിയാണ് ' അത്രയും ദൂരെ നിന്നും കുഞ്ഞിനെ കണ്ടിട്ട് ഫ്രാന്‍സീസ് പാപ്പ വന്നതാണ്. കുഞ്ഞുങ്ങളെ അദ്ദേഹത്തിന് അത്രയ്ക്ക് ഇഷ്ടമാണ്….
തൊട്ടു പിറകിലായി കര്‍ദ്ദിനാളന്‍മാര്‍ എല്ലാവരും വരുന്നു. ഇതുകണ്ട് അവരെല്ലാം കുഞ്ഞിന്റെ തലയില്‍ കൈവച്ചിട്ട് പോകുന്നു…
അതിനു ശേഷം സമീപത്ത് ഉണ്ടായിരുന്നവര്‍ എല്ലാം എന്നെ വളഞ്ഞു നിന്ന് കുഞ്ഞിനെ തലോടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍, എനിക്കറിയാത്ത ഭാഷകളില്‍ എന്തൊക്കെയോ പറഞ്ഞ് വിഷ് ചെയ്ത് പോകുന്നു.
എന്തൊക്കെയാണ് ഇവിടെ സംഭവിച്ചത് എനിക്കൊന്നും മനസിലാകുന്നില്ല. ഞാന്‍ ഫോണ്‍ പരതി, അത് ബാഗിലാണ്. ഈ നിമിഷങ്ങളുടെ ഒരു ഫോട്ടോ പോലും ഇല്ല. ഓര്‍മ്മയില്‍ മാത്രം സൂക്ഷിക്കാം പള്ളിയില്‍ നിന്നും എല്ലാവരും പോയി തീരാറായി…ഞങ്ങളും ഇറങ്ങുന്നു. മനോഹര ഓര്‍മ്മകളുമായി
പക്ഷേ പിന്നെ നടന്ന കാര്യം ആരും പറഞ്ഞാല്‍ വിശ്വസിക്കില്ല. പെട്ടെന്ന് ഒരാള്‍ എന്നെ കയ്യില്‍ പിടിച്ചു സംസാരിക്കുന്നു. എനിക്കൊന്നും മനസിലാകുന്നില്ല. സ്പാനിഷ് ആണ്. ഞാന്‍ ബൈ പറഞ്ഞ് പോകാനൊരുങ്ങി. ഉടനെ അദ്ദേഹത്തിന്റെ ഫോണ്‍ എടുത്ത് കാണിച്ച് ആംഗ്യത്തിലുടെ പറഞ്ഞു. നിന്റെ വീഡിയോ എന്റെ കയ്യില്‍ ഉണ്ട് ഞാന്‍ അത് അയക്കാം. അങ്ങനെ അത് വാങ്ങി ഞങ്ങള്‍ തിരിച്ചു പോന്നു….
പിന്നീടൊരിക്കല്‍ക്കൂടി വത്തിക്കാനിലേക്ക് പോകുന്നത് കഴിഞ്ഞ ദിവസമാണ്. ഫാന്‍സിസ് പാപ്പയെ അവസാനമായി കാണാന്‍. എന്റെ ജീവിതത്തില്‍ ഒരിക്കലും ആഗ്രഹിക്കാതിരുന്ന യാത്രയാണ്. അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം അവസാനമായി ഒരു നോക്ക് കാണാന്‍. മൂന്ന് ദിവസം പൊതു ദര്‍ശനം ഉണ്ടായിരുന്നു. നാല് മണിക്കുറെങ്കിലും വേണം ക്യൂ നിന്ന് അവിടെ എത്താന്‍. മുന്നു ദിവസവും ജോലി കഴിഞ്ഞ് 4 മണിക്കൂര്‍ ക്യൂ നിന്ന് പാപ്പയെ കാണുന്നവര്‍ ഉണ്ടായിരുന്നു. 24 മണിക്കൂറും ക്യൂ ആണ്. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ളവരും പാപ്പയെ ഒരുനോക്ക് കാണാന്‍ എത്തിയിരുന്നു. വെറുതെയല്ല ജനങ്ങള്‍ അങ്ങയെ ഇത്ര മാത്രം സ്‌നേഹിക്കുന്നത്. ജാതി, മതം, വര്‍ഗം, നിറം, രാജ്യം ഭേദമന്യേ എല്ലാവരേയും ഇത്രയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ അങ്ങയ്‌ക്കേ കഴിയൂ. ജനങ്ങള്‍ അതിന്റെ ഒരു ഭാഗമാണ് തിരിച്ചു നല്‍കുന്നത്. രാത്രി 12 മണി വരെ യുള്ള ദര്‍ശനത്തിന് 24 മണിക്കൂറും തണുപ്പും മഴയും ജോലിയും മാറ്റിവച്ച് ലക്ഷങ്ങള്‍ ഇവിടെ കാത്തിരിക്കുന്നത് ഒരു ജാതിയുടെയും മതത്തിന്റെയും പിന്‍ബലത്തിലല്ല. ഒറ്റ വികാരം ……സ്‌നേഹം. അങ്ങയുടെ സ്‌നേഹം നൂറ്റാണ്ടുകളോളം ഓര്‍മ്മിക്കപ്പെടും.'
Content Highlights :The moment when they saw the baby and came close from afar, blessed him and gave him gifts, felt like a dream.A Malayali's experience with Pope Francis