
ബെംഗളൂരുവില്‍ താമസിക്കുന്ന ഒരാളുടെ റെഡ്ഡിറ്റ് പോസ്റ്റാണ് ചര്‍ച്ചയായിരിക്കുന്നത്. തനിക്കും ഭാര്യയ്ക്കുമായി പ്രതിവര്‍ഷം ഏകദേശം 60 ലക്ഷം രൂപ വരുമാനമുണ്ടെന്ന് പറയുന്ന 30-കാരനായ യുവാവ്, ബെംഗളൂരു നഗരത്തില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് വിവരിക്കുന്നത്.
'പുറത്തുനിന്ന് നോക്കിയാല്‍ ഞങ്ങള്‍ നന്നായി ജീവിക്കുന്നുവെന്ന് തോന്നും. പക്ഷെ ജീവിത നിലവാരം വെച്ച് നോക്കുമ്പോള്‍ ഇന്ത്യയില്‍ ജീവിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?' യുവാവ് ചോദിക്കുന്നു. ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ഗതാഗതക്കുരുക്ക്, ജീവിതച്ചെലവ്, നേരിടേണ്ടി വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ നിരാശപ്രകടിപ്പിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്.
'ബെംഗളൂരുവിലെ ഹൊറമാവിലാണ് ഞാന്‍ താമസിക്കുന്നത്. 3 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എനിക്ക് 40 മിനിറ്റ് വേണം (ഓഫീസില്‍ എത്തുമ്പോഴേക്കും ക്ഷീണിച്ച് അവശനായിട്ടുണ്ടാകും). എല്ലാ റോഡുകളിലും എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങളുണ്ടാകും. നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇവിടെ ഒരിക്കലും അവസാനിക്കുന്നില്ല. പദ്ധതികള്‍ ആരംഭിക്കുന്നുണ്ട്, പക്ഷെ ഇതൊരിക്കലും പൂര്‍ത്തിയാകുന്നില്ല. നമ്മള്‍ വന്‍തോതില്‍ നികുതി അടക്കുന്നു. നമുക്ക് എന്താണ് ലഭിക്കുന്നത്? വിശ്വസിച്ച് കുടിക്കാവുന്ന വെള്ളം പോലുമില്ല. കാനഡ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ഉയര്‍ന്ന നികുതി അടക്കുമ്പോള്‍, സൗജന്യ ആരോഗ്യ സംരക്ഷണവും, വിദ്യാഭ്യാസവും, അടിസ്ഥാന സൗകര്യങ്ങളും അടക്കം ലഭിക്കും', റെഡ്ഡിറ്റ് യൂസര്‍ കുറിച്ചു.
നമ്മുടെ രാജ്യത്തിന് വേണ്ടി മികച്ച സംഭാവനകള്‍ നല്‍കാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഇവിടെ എന്തെങ്കിലും കെട്ടിപ്പടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സാധാരണക്കാരെ ഈ സിസ്റ്റം ഞെരുക്കുന്നതായാണ് തോന്നുന്നത്. ഞാന്‍ സത്യസന്ധമായി ചോദിക്കുന്നു - എന്തെങ്കിലും പ്രതീക്ഷ അവശേഷിക്കുന്നുണ്ടോ? കാര്യങ്ങള്‍ മെച്ചപ്പെടുമോ?' യുവാവ് ചോദിച്ചു. നിരവധി പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തുന്നത്.
Content Highlights: Bengaluru Man With Household Income Of Rs 60 Lakh Asks If It's Worth Living In India, Sparks Debate